19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 9, 2024
October 8, 2024
October 6, 2023
October 6, 2023
October 29, 2022
October 18, 2022
October 7, 2022
October 5, 2022
October 5, 2022

2022ലെ ധനശാസ്ത്ര നൊബേല്‍ സമ്മാനം നേടിയത്: കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ മൂവര്‍ സംഘം

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 18, 2022 4:58 am

ഗോള മാന്ദ്യത്തിന്റെ ഭീഷണി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ മാത്രമല്ല, വികസിത ലോകത്തെയാകെ ആകുലപ്പെടുത്തുന്നൊരു സമയത്താണ് മാന്ദ്യകാലത്ത് ബാങ്കുകള്‍ക്ക് പുതുജീവന്‍ നല്കാന്‍ ഇറങ്ങിത്തിരിച്ച മൂന്നുപേര്‍ക്ക് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നല്കപ്പെടുന്നത്. പ്രതിസന്ധി കാലഘട്ടത്തില്‍, ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഗവേഷണ പഠനങ്ങള്‍ വഴി എന്ത് ആശ്വാസം നല്കണമെന്നതില്‍ പ്രായോഗികവും താത്വികവുമായ പരിജ്ഞാനം കെെമുതലായുള്ള മുന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായ ബെന്‍ എസ് ബെര്‍ണാന്‍കെ, ഷിക്കാഗോ സര്‍വകലാശാല ധനശാസ്ത്രജ്ഞന്‍ ഡഗ്ളസ് ഡബ്ല്യു ഡയമണ്ട്, സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫിലിപ്പ് എച്ച് ഡിബ്‌വിഗ് എന്നിങ്ങനെ മൂന്ന് അമേരിക്കന്‍ ധനശാസ്ത്രജ്ഞന്മാരാണ് ഇവര്‍.
മൂന്നുപേരും ഗവേഷണവും പഠനവും കേന്ദ്രീകരിച്ചിരിക്കുന്നത് ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ഏതുവിധേന ധനകാര്യ മേഖലയെ ആകെത്തന്നെ ബാധിക്കുന്നു എന്ന വിഷയത്തിലാണ്. ഈ പ്രക്രിയയുടെ തുടക്കം മുന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെര്‍ണാന്‍കെ 1983ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധമായിരുന്നു. ബാങ്ക് തകര്‍ച്ചകളാണ് ധനകാര്യ പ്രതിസന്ധിയെ ഗുരുതരമാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അതേ വര്‍ഷം തന്നെയായിരുന്നു ഡയമണ്ടും ഡിബ്‌വിഗും ബാങ്ക് ഇടപാടുകളുടെ കാലാവധി പൂര്‍ത്തീകരണ മാതൃകയില്‍ വരുന്ന മാറ്റങ്ങള്‍— ‘മെച്യൂരിറ്റി ട്രാന്‍സ്ഫര്‍മേഷന്‍’ സംബന്ധമായ പഠന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഹ്രസ്വകാല വായ്പകളെ, ദീര്‍ഘകാല കടംകൊടുക്കല്‍ പ്രക്രിയകളായി രൂപാന്തരപ്പെടുത്തലാണ് വിഷയം. ഈ നടപടി ബാങ്കിങ് മേഖലയുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും.


ഇതുകൂടി വായിക്കൂ: ധനകാര്യനയം- തെറ്റുതിരുത്തല്‍ അനിവാര്യം


നൊബേല്‍ സമ്മാന സിമിതി നിര്‍ദ്ദിഷ്ട തീരുമാനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചതിന് വ്യക്തമായ കാരണവും സൂചിപ്പിച്ചിട്ടുണ്ട്. മൂന്നു ധനശാസ്ത്ര പണ്ഡിതന്മാരും ധനകാര്യ വ്യവസ്ഥയുടെ കേന്ദ്രീകരണത്തിന്റെയും ഫലപ്രദമായ നിയന്ത്രണത്തിന്റെയും പ്രാധാന്യം പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നതാണ് പ്രധാനം. ധനകാര്യ പ്രതിസന്ധിയിലെ സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുകളും അനിവാര്യതയും ശ്രദ്ധയില്‍ക്കൊണ്ടുവന്നിട്ടുണ്ട്. ‘ശരിയായ വ്യക്തി ശരിയായ ജോലി, ശരിയായ സമയം’ എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നത്തില്‍ ഇടപെടണമെന്നാണ് ബെര്‍ണാന്‍‍കെയുടെ നിര്‍ദ്ദേശം. 1930കളിലെ മഹാമാന്ദ്യത്തിന്റെ ദുരന്തങ്ങള്‍ ബോധ്യമുണ്ടായിരുന്ന അദ്ദേഹം ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരിക്കെ, 2008ല്‍ അമേരിക്കയില്‍ തുടക്കമിട്ട ധനകാര്യ പ്രതിസന്ധി കാലഘട്ടത്തെ നേരിട്ടുതന്നെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ആധുനിക കാലഘട്ടത്തില്‍, വിശിഷ്യാ കോവിഡനന്തര ആഗോള വ്യവസ്ഥയില്‍, ബഹുമുഖ സാമ്പത്തിക‑സാമൂഹ്യ‑രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഇവയില്‍ ചിലതെങ്കിലും അതീവശ്രദ്ധയോടെ കെെകാര്യം ചെയ്യാതിരുന്നാലോ ഇടപെടലുകള്‍ നടത്തുന്നതില്‍ കാലതാമസമുണ്ടായാലോ, ധനകാര്യ മേ­ഖലയെ നിയന്ത്രണവിധേയമല്ലാത്തൊരു ഘട്ടത്തില്‍ കൊണ്ടെത്തിക്കുമായിരുന്നു.
ഈ പശ്ചാത്തലം കണക്കിലെടുക്കുമ്പോഴാണ് ധനശാസ്ത്ര നൊബേല്‍ ജേതാക്കളായവരുടെ ഗവേഷണ ഫലങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഒരു പരിധിവരെ കേരളത്തെ സംബന്ധിച്ചും പ്രസക്തമാകുന്നത്. മുന്‍കൂര്‍ ധാരണയില്ലാതെ ഏതൊരു സാമ്പത്തിക പ്രതിസന്ധിയായാലും അത് ഫലപ്രദമായി നേരിടുകയും പരിഹരിക്കുകയും ചെയ്യാന്‍ കഴിയാതെ വരും എന്നതാണ് അവര്‍ നല്കുന്ന പാഠം. ധനകാര്യ വ്യവസ്ഥ പൂര്‍ണമായ ആരോഗ്യത്തോടെ സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് ഭരണാധികാരികളുടെ മുഖ്യചുമതല. കാരണം, ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും പ്രശ്നവും പരിഹാരവും അവിടത്തെ ബാങ്കിങ്-ധനകാര്യ വ്യവസ്ഥയുടെ സുസ്ഥിരതയെയാണ് ആശ്രയിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


2008ല്‍ ലോകരാജ്യങ്ങളാകെത്തന്നെ ധനകാര്യ പ്രതിസന്ധിയില്‍ അകപ്പെട്ട് നട്ടംതിരിയുകയും ബാങ്കുകള്‍ ഒരു ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയും ചെയ്തപ്പോള്‍ വികസ്വര രാജ്യമായ ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായത്, നമുക്കൊരു സ്ഥിരതയാര്‍ന്ന പൊതുമേഖലാ ബാങ്കിങ് സംവിധാനവും ആര്‍ബിഐയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഫലപ്രദമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സ്വകാര്യ കൊമേഴ്സ്യല്‍ ബാങ്കിങ് ശൃംഖലയും നിലനിര്‍ത്താന്‍ കഴിഞ്ഞതിനെത്തുടര്‍ന്നായിരുന്നു. ഈ ചരിത്ര യാഥാര്‍ത്ഥ്യം സൗകര്യാര്‍ത്ഥം വിസ്മരിക്കുന്നൊരു നയസമീപനമാണ് ഒരു പരിധിവരെ മുന്‍ യുപിഎ ഭരണകാലത്തും സ്വീകരിച്ചത്. അതേ നയമാണിപ്പോള്‍ മോഡി സര്‍ക്കാര്‍ അരക്കിട്ടുറപ്പിച്ച് നിലനിര്‍ത്താനും മുന്നോട്ടു നയിക്കാനും തയാറായിരിക്കുന്നത്.
സ്വാഭാവികമായും ബാങ്കുകളുടെ കിട്ടാക്കട വര്‍ധന അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ കുതിച്ചുയര്‍ന്ന് 8.58 ലക്ഷം കോടി രൂപയിലെത്തി നില്ക്കുന്നു. മൂന്നിരട്ടി വര്‍ധന. 2017നും 2022നും ഇടയ്ക്കാണ് വര്‍ധന 2.38 ലക്ഷം കോടിയില്‍ നിന്നും 8.58 ലക്ഷം കോടിയിലെത്തിയിരിക്കുന്നത്. ഈ തുക തന്നെ കൃത്യമാണെന്നു കരുതാനാവില്ല.
ഏതായാലും ഈ വര്‍ഷത്തെ ധനശാസ്ത്ര നൊബേല്‍ സമ്മാന ജേതാക്കളെക്കുറിച്ച് ഇടതുപക്ഷ‑വലതുപക്ഷ ചിന്തകന്മാരില്‍ നിന്നും ഒരുപോലെ വിമര്‍ശനമാണുണ്ടായത്. 2008ലെ യുഎസ് ധനകാര്യ വ്യവസ്ഥ തകര്‍ച്ചയുടെ വക്കോളമെത്തിയപ്പോള്‍, ഫെഡറല്‍ ബാങ്ക് മേധാവിയെന്ന നിലയില്‍ പ്രധാന ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനും വായ്പാക്ഷാമം കുറയ്ക്കാനും ലക്ഷ്യമിട്ട് ട്രഷറിയുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്താന്‍ ബെര്‍ണാന്‍കെ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഹ്രസ്വകാല വായ്പാനിരക്കുകള്‍ പൂജ്യമാക്കി കുറച്ചതു കൂടാതെ ട്രഷറി കടപ്പത്രങ്ങള്‍ തിരികെ വാങ്ങി പണത്തിന്റെ ലിക്വിഡിറ്റി-ലഭ്യത-ഉയര്‍ത്താനും നിര്‍ദ്ദേശങ്ങള്‍ നല്കി. പുതിയ വായ്പാപദ്ധതികള്‍, ലഘുവായ വ്യവസ്ഥകളോടെ നടപ്പാക്കിയതിലൂടെ ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു. ഇതെല്ലാം പരിധിവിട്ട് വ്യാപിച്ചതോടെ, വായ്പാനിരക്കുകള്‍ കുത്തനെ ഇടിയുകയും ലിക്വിഡിറ്റി കുതിച്ചുയരുകയും പണപ്പെരുപ്പവും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തു. ഇത് സാധാരണക്കാരുടെ നിത്യജീവിത ദുരിതങ്ങള്‍ ഉയര്‍ത്തി എന്നതാണ് ഇടതുചിന്തകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. അതേ അവസരത്തില്‍ ലേഹ്‌മാന്‍ ബ്രദേഴ്സ് പോലുള്ള കോര്‍പറേറ്റ് ആഭിമുഖ്യമുള്ള ബാങ്കുകളെ രക്ഷിക്കാന്‍ ഫെഡറല്‍ ചെയര്‍മാനെന്ന നിലയില്‍ നിഷ്ക്രിയത്വം പ്രകടമാക്കിയെന്നതാണ് വലതുപക്ഷക്കാരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ധനകാര്യ നയത്തില്‍ കാര്‍ക്കശ്യം വേണമെന്ന് നിര്‍ബന്ധിക്കാതിരിക്കുക മാത്രമല്ല, ചെലവു ചുരുക്കല്‍ നടപടികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതില്‍ ബേര്‍ണാന്‍കെ പ്രകടിപ്പിച്ച താല്പര്യവും വലതുപക്ഷത്തെ അന്നത്തെപ്പോലെ ഇപ്പോഴും ചൊടിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്റ്റാഗ്ഫ്ലേഷന്റെ പിടിയില്‍


തീവ്ര ഇടതുപക്ഷ വിമര്‍ശനവും തീവ്ര വലതുപക്ഷ വിമര്‍ശനവും അവ അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കപ്പെടുമ്പോള്‍ത്തന്നെ, കൂടുതല്‍ യുക്തിസഹമായ വിമര്‍ശനവും ഉള്‍ക്കൊള്ളണം. ഇത്തരം വിമര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് താണ ഉല്പാദനക്ഷമതാ നിലവാരം, വര്‍ധിച്ചുവരുന്ന വരുമാന അസമത്വങ്ങള്‍, പെരുകിവരുന്ന പൊതുകട ബാധ്യതകള്‍ തുടങ്ങിയവ. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷവും ഇതിലൊന്നും പറയത്തക്ക മാറ്റങ്ങള്‍ കെെവരിക്കാനുമായില്ല.
അതേസമയം 1930കളിലെ പ്രതിസന്ധിയുടെ ആവര്‍ത്തനമെന്ന നിലയില്‍ 2008ലെ പ്രതിസന്ധിയും വിലയിരുത്തപ്പെട്ടതിനെത്തുടര്‍ന്ന്, ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലെടുക്കേണ്ടതിന്റെ അനിവാര്യത നിരവധി രാജ്യങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടുകയുണ്ടായി എന്നത് നിസാരമല്ല. ഇത്തരമൊരു തിരിച്ചറിയലിന് ആക്കം കൂട്ടുക എന്നതുകൂടി ലക്ഷ്യമിട്ടാണത്രെ നൊബേല്‍ നിര്‍ണയസമിതി ഇക്കുറി ധനശാസ്ത്ര നൊബേല്‍ സമ്മാനത്തിനായി വിധിനിര്‍ണയം നടത്തിയത്.
ബെന്‍ ബെര്‍ണാന്‍കെയുടേതു പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന സംഭാവനകളാണ് സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുന്നതില്‍ ബാങ്കിങ്, ധനകാര്യ വ്യവസ്ഥയ്ക്കുള്ള പ്രാധാന്യവുമായി ബന്ധപ്പെട്ട് ഡയ്‌മണ്ട്-ഡിബ്‌വിഗ് മാതൃകയും. ഒരുപക്ഷെ, ഇതിനു നാല് പതിറ്റാണ്ട് പഴക്കമുണ്ടാകാം. എന്നിരുന്നാലും കേന്ദ്രബാങ്കുകള്‍ എതെങ്കിലുമൊരു സമ്പദ്‌വ്യവസ്ഥയില്‍ ഏതുവിധേന പ്രവര്‍ത്തിക്കണമെന്നും അവയുടെ മാനേജ്മെന്റ് ഏതു വിധേനയായിരിക്കണമെന്നും ബാങ്ക് തകര്‍ച്ചകള്‍ എങ്ങനെയെല്ലാം തടയാന്‍ കഴിയുമെന്നും ഇന്നും വ്യക്തതയില്ല. ബാങ്കിങ് വ്യവസ്ഥയുടെ വിശ്വാസ്യത കോട്ടമില്ലാതെ നിലനിര്‍ത്തുക എന്നതാണ് പ്രഥമവും പ്രധാനവുമായ വ്യവസ്ഥയായി എക്കാലവും പരിഗണിക്കപ്പെടേണ്ടത്. ഇതിനവശ്യം വേണ്ടത് ഉന്നതതലങ്ങളില്‍ നിന്നുള്ള സജീവശ്രദ്ധയും സമയോചിതമായ ഇടപെടലുകളുമാണ്.


ഇതുകൂടി വായിക്കൂ: ആയുധവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍


വായ്പ എടുക്കുന്നവരില്‍ നിര്‍ണായകമായൊരു വിഭാഗം അതിന് കഴിവില്ലാത്തവരായിട്ടല്ല വീഴ്ച വരുത്തുന്നത്. പലരുടേതും മനഃപൂര്‍വം സ്വീകരിക്കുന്ന മാര്‍ഗമാണ്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ ഇവരെ ‘വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സ്’ എന്ന് തന്നെ വിശേഷിപ്പിക്കുകയും അവരില്‍ നിന്നും കിട്ടാക്കടം നിര്‍ബന്ധമായും നിയമാനുസൃതം തന്നെ ഈടാക്കേണ്ടതാണെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയാണ്. ഇതിനുള്ള കാരണവും വ്യക്തമാണ്. ഇങ്ങനെ വീഴ്ച വരുത്തിയവരില്‍ നിരവധി പേര്‍ മോഡി സര്‍ക്കാരിന് ‘വേണ്ടപ്പെട്ടവര്‍’ ആണെന്നതു തന്നെയാണിത്.
2022ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നതില്‍ കേന്ദ്രീകൃതവും സുരക്ഷിതവുമായ ബാങ്കിങ് വ്യവസ്ഥയ്ക്കുള്ള നിര്‍ണായകസ്ഥാനം വെളിവാക്കുന്നതാണ്. ഇതാദ്യമായിട്ടാണെന്നു തോന്നുന്നു, ആഗോള സാമ്പത്തികവ്യവസ്ഥയുടെ ചരിത്രത്തില്‍ ബാങ്കിങ്-ധനകാര്യവ്യവസ്ഥകളുടെ സ്ഥിരതയ്ക്കും വിശ്വാസ്യതയ്ക്കും പ്രത്യേക പരിഗണന നല്കപ്പെടേണ്ടതിന്റെ പശ്ചാത്തലം കണക്കിലെടുത്ത് ധനശാസ്ത്ര നൊബേല്‍ വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരി ഉളവാക്കിയ ദുരിതങ്ങളും റഷ്യ‑ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിന്റെ പ്രത്യാഘാതങ്ങളും മാത്രമല്ല 2023ല്‍ ലോകത്തെമ്പാടും ഭക്ഷ്യ, ഊര്‍ജ വിഭവങ്ങളുടെ വിലവര്‍ധനവും ക്ഷാമവും ലോകജനതയുടെ അതിജീവനത്തെ ഗുരുതരമായി ബാധിക്കുമെന്നുള്ള ഭയാശങ്കകളും സാമ്പത്തിക സ്ഥിരത ഏതുവിധേനയും യാഥാര്‍ത്ഥ്യമാക്കണമെന്നതില്‍ വിട്ടുവീഴ്ചയ്ക്കിടമില്ലെന്ന ധാരണ ഉളവാക്കാന്‍ പര്യാപ്തമായിട്ടുമുണ്ട്.


ഇതുകൂടി വായിക്കൂ: സമ്പദ്‌വ്യവസ്ഥയും ഫെഡറല്‍ സാമ്പത്തിക ബന്ധങ്ങളും പ്രശ്നങ്ങളും പരിഹാരവും

ഇത്തരമൊരു സാഹചര്യത്തില്‍ തന്നെയായിരിക്കണം, ഐഎംഎഫ് സാമ്പത്തികകാര്യ വിദഗ്ധന്‍ പിയറി ഒലിവിയര്‍ ആഗോള ജിഡിപി 2023ല്‍ കുത്തനെ ഇടിഞ്ഞ് 2.7 ശതമാനത്തിലെത്തുമെന്നും 2008ല്‍ നേരിടേണ്ടിവന്നതിനേക്കാള്‍ ഗുരുതരമായൊരു മാന്ദ്യം അടുത്ത വര്‍ഷത്തില്‍ ആവര്‍ത്തിക്കപ്പെടാനിടയുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് ശക്തമായൊരു മുന്നറിയിപ്പാണ്.
മാന്ദ്യകാലത്ത് ബാങ്കുകള്‍ ഏതുവിധേന പ്രവര്‍ത്തനസജ്ജമാക്കണമെന്ന് വ്യക്തമാക്കിയ മൂവര്‍ സംഘത്തിന് ഇക്കുറി ധനശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം കിട്ടിയിരിക്കുന്നതിന്റെ ആനുകാലിക പ്രസക്തി ഇതിലേറെ വിവരിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ മൂവര്‍ സംഘത്തിന് അഭിനന്ദനങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.