26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

ആയുധമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; കമ്പനികളെ വിരട്ടി ബിജെപി കെെക്കലാക്കിയത് 335 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2024 10:11 pm

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രംഗത്തിറക്കി കമ്പനികളെ ഭയപ്പെടുത്തി ബിജെപി നേടിയെടുത്തത് 335 കോടി രൂപ. ആദായ നികുതി വകുപ്പ് (ഐടി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ രംഗത്തിറക്കി ഭീഷണിപ്പെടുത്തിയാണ് ബിജെപി 335 കോടി രൂപ സംഭാവന സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖ ഉദ്ധരിച്ച് ന്യൂസ് മിനിട്ട്സ്, ന്യൂസ് ലോണ്‍ഡ്രി എന്നിവയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018 മുതല്‍ 23 വരെ 30 കമ്പനികളില്‍ 23 എണ്ണം 187.58 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. 2014 വരെ ഇവ നയാപൈസ ബിജെപിക്ക് നല്‍കിയിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ട നാല് കമ്പനികള്‍ കേന്ദ്ര ഏജന്‍സികളുടെ വിരട്ടലിന് ശേഷം നാലുമാസത്തിനിടെ ബിജെപിക്ക് നല്‍കിയത് 9.05 കോടി രൂപയായിരുന്നു. ആറ് കമ്പനികള്‍ അന്വേഷണ ഏജന്‍സികളുടെ ഭീഷണിയെത്തുടര്‍ന്ന് വന്‍തുക നല്‍കുന്നത് നിര്‍ത്തിവച്ചു. ആറ് കമ്പനികള്‍ മുന്നറിയിപ്പിന് പിന്നാലെ സംഭാവന പൂര്‍ണമായും അവസാനിപ്പിച്ചു. സംഭാവന നല്‍കിയ മൂന്ന് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ വഴിവിട്ട സഹായം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലെ മൂന്ന് കമ്പനികള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇതേ കാലയളവില്‍ സംഭാവന നല്‍കിയത്. ബിജെപിക്ക് സംഭാവന നല്‍കിയ കമ്പനികളില്‍ തുടര്‍പരിശോധന നടന്നില്ല. പ്രതിപക്ഷ നേതാക്കളെയും രാജ്യത്തെ സന്നദ്ധ സംഘടനകളെയും അന്വേഷണ പരിധിയിലാക്കി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര ഏജന്‍സികളാണ് ബിജെപിക്കായി പണംപിരിക്കാന്‍ കമ്പനികളെ ഭീഷണിപ്പെടുത്തിയത്.

വിഷയത്തില്‍ സുപ്രീം കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളെ രംഗത്തിറക്കി കമ്പനികളെ ഭീഷണിപ്പെടുത്തി സംഭാവന സ്വീകരിച്ച നടപടി അത്യന്തം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെയില്ലാത്ത സംഭവമാണ് ബിജെപി ഭരണത്തില്‍ അരങ്ങേറിയിരിക്കുന്നത്. സ്വതന്ത്രമായും നിയമപരമായും പ്രവര്‍ത്തിക്കേണ്ട അന്വേഷണ ഏജന്‍സികളെ ചൊല്‍പ്പടിയിലാക്കി കോടികള്‍ പിരിച്ചെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ആരോപിച്ചും, വിദേശനാണയ വിനിമയം ചട്ടം ലംഘിച്ചു എന്നീ ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭീഷണിക്ക് വഴങ്ങി കമ്പനികളും ബിജെപിക്ക് സംഭാവന നല്‍കിയെന്ന വിവരം രാജ്യമാകെ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പൊടിതട്ടിയെടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജന്‍സികളുടെ വികൃത മുഖമാണ് പുറത്തുവന്നിരിക്കുന്നത്.

 

Eng­lish Sum­ma­ry: 30 firms fac­ing ED, IT probe donat­ed Rs 335 cr to BJP
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.