27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 22, 2024
June 22, 2024
June 14, 2024
June 13, 2024

നിരത്തില്‍ 1.67 കോടി വാഹനങ്ങള്‍ പരിശോധനയ്ക്ക് 368 ഉദ്യോഗസ്ഥര്‍

Janayugom Webdesk
കൊച്ചി
October 7, 2022 11:26 pm

വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് പറഞ്ഞ കോടതി, ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും നിർദ്ദേശിച്ചു.
റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണെന്ന് കോടതി ശ്രീജിത്തിനോട് ചോദിച്ചു. കമ്മിഷണറുടെ ഉത്തരവാദിത്തങ്ങളും പ്രവർത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു. എംവിഡി വെബ്സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വാഹനങ്ങൾ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും എസ് ശ്രീജിത്ത് കോടതിയിൽ പറ‍ഞ്ഞു. എൻഫോഴ്സ്മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ എന്ത് കൊണ്ടാണ് നടപടി എടുക്കാൻ മടിക്കുന്നതെന്നും കോടതി ചോദിച്ചു.
റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് കാണുന്നതെന്ന് പറഞ്ഞ കോടതി, മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണെന്നും പരാമർശിച്ചു. ഏത് തരത്തിലും വണ്ടി ഓടിക്കാൻ ഇവർക്ക് എവിടുന്നു ധൈര്യം കിട്ടുന്നുവെന്നും കോടതി ചോദിച്ചു. സ്പീഡ് ഗവർണറിൽ കൃത്രിമത്വം നടത്തുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ കോടതിയെ അറിയിച്ചു. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും കമ്മിഷണർക്കാണെന്നും വടക്കഞ്ചേരി അപകടം പോലെ മറ്റൊരു ദുരന്തം ആവർത്തിക്കപ്പെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും നിർദ്ദേശം നൽകി.
അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ കോടതിയിൽ പറഞ്ഞു. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അറിയാമെന്നും ട്രാൻസ്പോർട്ട് കമ്മിഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി. റോഡിൽ പുതിയൊരു സംസ്കാരം വേണം, ഈ അപകടം അതിനൊരു നിമിത്തമായി എടുക്കണമെന്നും കോടതി പറഞ്ഞു. അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: 368 offi­cers to check 1.67 crore vehi­cles on the road

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.