ചൈനീസ് ലോണ്‍ ആപ്പുകള്‍ വഴി 500 കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രാജ്യത്തുടനീളം 22 പേര്‍ അറസ്റ്റില്‍. പണം തട്ടിയതിന് പുറമെ ഉപയോക്താക്കളുടെ വിവരങ്ങളും ചൈനയിലേക്ക് ചോര്‍ത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 100 ലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് രാജ്യവ്യാപകമായി തട്ടിപ്പ് നടന്നത്. രണ്ട് മാസത്തിലേറെയായി നടന്ന ഓപ്പറേഷനിലാണ് തട്ടിപ്പു സംഘം വലയിലായത്. കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് അറസ്റ്റ് നടന്നത്. ക്യാഷ് പോര്‍ട്ട്, റുപേ വേ, ലോണ്‍ ക്യൂബ്, സ്മാര്‍ട്ട് വാലറ്റ് തുടങ്ങി നിരവധി പേരുകളിലാണ് ഇവര്‍ വ്യാജ ലോണ്‍ ആപ്പുകള്‍ നിര്‍മ്മിച്ചത്. ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെര്‍വറുകളിലേക്കാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ലഖ്‌നൗവിലെ ഒരു കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ആദ്യം ചെറിയ തുക വായ്പ നല്‍കും. ഉപയോക്താവ് ഡൗണ്‍ലോഡ് ചെയ്യുകയും ആപ്പിന് അനുമതി നല്‍കുകയും ചെയ്തുകഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ അക്കൗണ്ടിലേക്ക് ലോണ്‍ തുക ക്രെഡിറ്റാകും. ഇതോടൊപ്പം ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളും സംഘങ്ങള്‍ കൈക്കലാക്കും. പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പണം ഹവാല, ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെയാണ് ചൈനയിലേക്ക് അയച്ചത്. സംഘം ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകള്‍ക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും പൊലീസ് കണ്ടെത്തി. പ്രതികളില്‍ നിന്ന് 51 മൊബൈല്‍ ഫോണുകള്‍, 25 ഹാര്‍ഡ് ഡിസ്‌കുകള്‍, ഒമ്പത് ലാപ്‌ടോപ്പുകള്‍, 19 ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാറുകള്‍, നാലു ലക്ഷം രൂപ എന്നിവയും പൊലിസ് പിടിച്ചെടുത്തു.
English Summary:500 crore from UP gang through loan apps
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.