കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്സഭയുടെ 193-ാം വകുപ്പ് അനുവദിക്കുന്ന ഹൃസ്വസമയ ചര്‍ച്ചകളില്‍ അനുമതി കൊടുത്തത് ആറെണ്ണത്തിന് മാത്രം. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് ഇത് 41 ആയിരുന്നു. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന ലാഭേതര സ്ഥാപനം നടത്തിയ വിശകലനത്തിലാണ് ഇത് തെളിഞ്ഞത്.
സഭയ്ക്ക് മുമ്പാകെ ഔപചാരിക പ്രമേയങ്ങളൊന്നും ഇല്ലാതെ തന്നെ ചര്‍ച്ചകള്‍ അനുവദിക്കുന്ന വകുപ്പാണ് 193. ഈ നിയമപ്രകാരം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിംഗ് നടത്തില്ല. ഡിസംബര്‍ ഏഴ് മുതല്‍ 23 വരെ നടന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ഈ നിയമപ്രകാരമുള്ള മൂന്ന് ചര്‍ച്ചകളാണ് നടന്നത്. ഇതില്‍ രണ്ടെണ്ണം ഇന്ത്യയിലെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ഒരെണ്ണം ലഹരി ഉപയോഗത്തെക്കുറിച്ചും ആയിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോക്സഭകളിലെ ഹൃസ്വസമയ ചര്‍ച്ചകള്‍ കുറഞ്ഞു വരികയാണെന്ന് പിആര്‍എസ് ചൂണ്ടിക്കാട്ടുന്നു. വാജ്പേയ് സര്‍ക്കാരിന്റെ 13-ാം ലോക്സഭയില്‍ ഇത്തരത്തിലുള്ള 59 ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് വന്ന രണ്ട് മൻമോഹൻ സിംഗ് സര്‍ക്കാരിന്റെ സഭകളിലും ഇത് 55ഉം 41ഉം ആയി കുറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളായ വിലക്കയറ്റവും തൊഴിലില്ലായ്മയും ചര്‍ച്ച ചെയ്യാതിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇരുസഭകളും ബില്ലുകള്‍ പാസാക്കാൻ മാത്രമുള്ളതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ചര്‍ച്ചകള്‍ നിഷേധിക്കുകയെന്നത് ട്രെൻഡ് ആയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ഈ ശീതകാല സമ്മേളനത്തിന് കൃത്യമായ അജണ്ടയുണ്ടായിരുന്നില്ലെന്നും അതിനാല്‍ സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നെന്നും കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപി ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. 13 ദിവസം മാത്രം സമ്മേളിച്ച ശീതകാല സമ്മേളനം നിശ്ചയിച്ചതിലും നാല് ദിവസം മുമ്പ് പിരിയുകയും ചെയ്തിരുന്നു. ഇന്ത്യ‑ചൈന അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയുടെ 267-ാം നിയമപ്രകാരം അടിയന്തിര ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷം നല്‍കുന്ന നോട്ടീസുകളെല്ലാം കഴിഞ്ഞ ആറ് വര്‍ഷമായി നിരസിക്കപ്പെടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു. ഏതെങ്കിലും ഒരു അംഗം നിര്‍ദ്ദേശിക്കുന്ന സുപ്രധാന വിഷയം ചര്‍ച്ച ചെയ്യാൻ സഭ നിര്‍ത്തി വയ്ക്കാൻ അനുവദിക്കുന്ന നിയമമാണ് 267. ആഗോള താപനത്തെക്കുറിച്ചുള്ള വിഷയങ്ങള്‍ ഈ സമ്മേളനത്തില്‍ രാജ്യസഭ ചര്‍ച്ച ചെയ്തെങ്കിലും അതിര്‍ത്തി പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന് സഭ ബഹിഷ്കരിക്കേണ്ടി വന്നു.
ഡിസംബര്‍ 13ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് സഭയില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തത ആവശ്യപ്പെട്ടെങ്കിലും സെന്‍സിറ്റീവ് ആയ വിഷയമാണെന്ന് പറഞ്ഞ് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് സിംഗ് ചര്‍ച്ചയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
English Summery: 59 short discussions under Vajpayee, 6 in Modi 2.0. Crunching the numbers on Parliament debates
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.