18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
September 1, 2024
June 4, 2024
March 18, 2024
February 23, 2024
February 19, 2024
February 7, 2024
January 20, 2024
January 10, 2024

രാജസ്ഥാനിലെ തമ്മിലടി; നിലപാടെടുക്കാതെ കോൺഗ്രസ് നേതൃത്വം

80 ശതമാനം എംഎൽഎമാര്‍ സച്ചിനോടൊപ്പമെന്ന് മന്ത്രി
Janayugom Webdesk
ന്യൂഡൽഹി
November 25, 2022 10:08 pm

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ‘ചതിയൻ’ പരാമർശവും സച്ചിൻ പെെലറ്റിന്റെ മറുപടിയും കൊണ്ട് കലങ്ങി മറിഞ്ഞ രാജസ്ഥാൻ കോൺഗ്രസിനെ കുറിച്ച് വ്യക്തമായ നിലപാടെടുക്കാതെ ദേശീയ നേതൃത്വം. ഡിസംബർ മൂന്നിന് രാഹുൽ നയിക്കുന്ന ഭാരത് ജോഡാേ യാത്ര സംസ്ഥാനത്തെത്താനിരിക്കേ ഇരുപക്ഷവും ചേരിതിരിഞ്ഞത് ഭരണം കെെയിലുള്ള സംസ്ഥാനത്ത് പാർട്ടിയെ നാണം കെടുത്തുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കു വയ്ക്കുന്നു. ഗെലോട്ടിന്റെ പരാമർശത്തെ അപലപിച്ച ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് അഭിപ്രായ വ്യത്യാസങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന തരത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം ‘ഗെലോട്ട് തന്നെ അയോഗ്യൻ, നീചൻ, ചതിയൻ തുടങ്ങി പലതും വിളിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം ഭാഷ ഉപയോഗിക്കുന്നത് തന്റെ ശീലമല്ലെ‘ന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ‘അശോക് ഗെലോട്ടിന്റെ പ്രസ്താവനകൾ എനിക്കെതിരെയുള്ളതാണ്. ഇത്രയും അനുഭവപരിചയമുള്ള, പാർട്ടിക്ക് ഇത്രയധികം സംഭാവന നൽകിയ മുതിർന്ന നേതാവ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് തെറ്റാണ്. അനുഭവപരിചയമുള്ളവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും ശരിയല്ല. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട ഈ അവസരമാണിത്. നിലവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’, സച്ചിൻ പൈലറ്റ് പറഞ്ഞു. അതിനിടെ 80 ശതമാനം എംഎൽഎമാരും സച്ചിൻ പൈലറ്റിനൊപ്പമാണെന്നും അദ്ദേഹത്തേക്കാൾ മികച്ച രാഷ്ട്രീയക്കാരൻ വേറെയില്ലെന്നും ഗെലോട്ടിന്റെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാന മന്ത്രി രാജേന്ദ്ര സിങ് ഗുധ അവകാശപ്പെട്ടു. സച്ചിൻ പൈലറ്റിനൊപ്പം 80 ശതമാനം എംഎൽഎമാരെയും കണ്ടെത്താനായില്ലെങ്കിൽ ഞങ്ങൾ മുഖ്യമന്ത്രിസ്ഥാനമെന്ന അവകാശം ഉപേക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാൻ യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അശോക് ഗെലോട്ടിനെ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയുമാക്കി പ്രശ്നം പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം വീണ്ടും തുടങ്ങിയേടത്തു തന്നെ നിൽക്കുകയായിരുന്നു. അതിനിടെയാണ് പ്രശ്നം ഗുരുതരമാക്കി ഇരു വിഭാഗവും പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ശേഷിക്കേ, കസേരയുടെ അവകാശം ആർക്കെന്ന കാര്യത്തിൽ തീരുമാനം വേഗം വേണമെന്നാണ് സച്ചിൻ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവരും നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ടുവച്ചു.

രാജസ്ഥാൻ പാർട്ടിയ്ക്കുള്ളിലെ ഭിന്നതകൾ ഉടൻ പരിഹരിക്കുമെന്ന് ജയ്റാം രമേശ് പറഞ്ഞു. ഗെലോട്ട് പരിചയസമ്പന്നനായ മുതിർന്ന നേതാവാണ്. സഹപ്രവർത്തകനായ സച്ചിൻ പൈലറ്റിനോട് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായവ്യത്യാസങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന രീതിയിൽ പരിഹരിക്കും. ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ഫലപ്രദമാക്കേണ്ടത് ഓരോ കോൺഗ്രസുകാരുടെയുംകടമയാണ്’, അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: 80% of MLAs with Sachin Pilot’: Rajasthan min­is­ter amid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.