ബാന്ദ്ര‑വര്‍ളി തീരദേശ റോഡ് നിര്‍മ്മാണത്തില്‍ അനാവശ്യമായി രൂപരേഖ പരിഷ്കരിച്ചതു വഴി 922 കോടി രൂപ അധിക നഷ്ടമെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). യാതൊരു ന്യായീകരണവുമില്ലാതെ ഡിസൈന്‍ മാറ്റിയതാണ് പദ്ധതി നീണ്ടുപോകുന്നതിനും അധിക തുക വിനിയോഗിക്കേണ്ടി വന്നതിനും കാരണമെന്ന് സിഎജി കുറ്റപ്പെടുത്തുന്നു. 2023ല്‍ വര്‍ളി കോളിവാഡ ക്ലീവ്‌ലാന്‍ഡ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പുതിയ തീരദേശ റോഡ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരദേശ റോഡിനെ ബാന്ദ്ര‑വര്‍ളി കടലുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തിയതാണ് ഖജനാവിന് 922 കോടി നഷ്ടം നേരിടേണ്ടി വന്നത്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകുന്നതിന് വേണ്ടിയുള്ള ഇന്റര്‍ചേഞ്ച് പാലത്തിന്റെ രണ്ടു തൂണുകള്‍ക്കിടയിലുള്ള ദൂരം 60 മീറ്ററില്‍ നിന്ന് 120 മീറ്ററായി വര്‍ധിപ്പിക്കുകയായിരുന്നു. ഇന്റര്‍ചേഞ്ച് സാധ്യമാക്കുന്നതിന് ചെലവേറിയ ബോ-സ്ട്രിങ് വിദ്യ ആവശ്യമായി വന്നു. ഇതാണ് ചെലവ് വന്‍തോതില്‍ ഉയരാന്‍ ഇടയാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മ്മാണത്തിലെ മോശം ഗുണനിലവാരം, കരാര്‍ ക്ഷണിക്കാതെ അധിക ആനുകൂല്യങ്ങള്‍ നല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സ്പാനിന്റെ വീതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നല്‍കിയത്. നരിമാന്‍ പോയിന്റിനെ ബാന്ദ്ര‑വര്‍ളി കടലുമായി ബന്ധിപ്പിക്കുന്ന 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ റോഡിന്റെ ആദ്യഘട്ടം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുകൊടുത്തത്. എന്നാല്‍ നിര്‍ണായകമായ ടെസ്റ്റിങ്, കമ്മിഷന്‍ ജോലികള്‍ പൂര്‍ത്തിയാകും മുമ്പാണ് ഉദ്ഘാടനമെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. ഉദ്ഘാടനം ചെയ്ത് കേവലം മൂന്നുമാസത്തിനകം പാതയുടെ തെക്കുഭാഗത്തെ തുരങ്കത്തില്‍ ചോര്‍ച്ചയുണ്ടായി വാഹനങ്ങള്‍ കുടുങ്ങിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ചോര്‍ച്ച സംബന്ധിച്ചും അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും സര്‍ക്കാര്‍ നിര്‍മ്മാണ പദ്ധതികളില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ രൂപരേഖ മാറ്റം വരുത്തി കോടികള്‍ നഷ്ടം വരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.