ഈയിടെ പുറത്തുവന്നൊരു മാധ്യമ റിപ്പോര്‍ട്ട് (2021 ജൂലെെ 31, ബിസിനസ് സ്റ്റാന്റേര്‍ഡ്) നല്കുന്ന സൂചന സാമ്പത്തികശേഷി ഏറെയുള്ള നിരവധി ഇന്ത്യക്കാര്‍ കുടുംബസമേതം വിദേശരാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നതിനായി സന്നദ്ധരായിരിക്കുകയാണെന്നാണ്. മെച്ചപ്പെട്ട നിക്ഷേപ സൗകര്യങ്ങള്‍, മേന്മയേറിയ ജീവിതശെെലി, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഈ തീരുമാനത്തിനുള്ള പ്രേരകശക്തികളായിരിക്കുന്നതെന്നുമാണ് അറിയാന്‍ കഴിയുന്നത്. റസിഡന്‍ഷ്യല്‍ വിസയുടെ കാര്യമെടുത്താല്‍ ഏറെ പേരും തെരഞ്ഞെടുക്കുന്നത് യുഎസ്, യുകെ, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നീ രാജ്യങ്ങളെയാണത്രെ. ആകര്‍ഷണീയമായ നിക്ഷേപ സൗകര്യങ്ങള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റ് സാധ്യതകളും ഈ രാജ്യങ്ങളില്‍ വേണ്ടുവോളം ലഭ്യമാണെന്നും പറയപ്പെടുന്നു.
കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ കുടിയേറ്റ പ്രക്രിയയില്‍ ഉണ്ടായ മെല്ലെപ്പോക്ക്, ക്രമേണ അനുകൂലമാറ്റത്തിന് വിധേയമായി വരുകയാണ്. കൂടുതല്‍ വ്യക്തികളും കുടുംബങ്ങളും റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായും പൗരത്വത്തിനായും തയ്യാറാവുന്നുണ്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തനം നടത്തിവരുന്ന എല്‍സിആര്‍ ക്യാപ്പിറ്റല്‍ പാര്‍ട്ട്ണേഴ്സ് എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനത്തിന്റെ ഇന്ത്യന്‍ ഡയറക്ടറായ ശില്പാ മേനോന്‍ ഇതെല്ലാം വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. നിക്ഷേപ സൗഹൃദമായ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ വെറും ലക്ഷ്യപ്രഖ്യാപനങ്ങള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കും ഉപരിയായി വ്യക്തമായ നിക്ഷേപ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട വിദേശരാജ്യ ഭരണകൂടങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ഇന്ത്യയിലാണെങ്കില്‍ ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങളും ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ലക്ഷ്യപ്രഖ്യാപനവും കടലാസില്‍ ഒതുങ്ങിപ്പോവുകയോ, വായുവില്‍ അലിഞ്ഞുപോവുകയോ ആണ് ഉണ്ടായിരിക്കുന്നത്.
സമീപകാലം വരെ ഇന്ത്യയിലെ ‘നിക്ഷേപ കുടിയേറ്റ വ്യവസായം’ കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ഓസ്ട്രേലിയ, കാനഡ, യുഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലായിരുന്നു. ഇന്നിപ്പോള്‍, ഇതിന്റെ ദിശയില്‍ മാറ്റം സംഭവിച്ചിരിക്കുന്നു. നിക്ഷേപം വഴിയുള്ള കുടിയേറ്റങ്ങള്‍ ഈയിടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചതായി അനുഭവപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും ഫ്രാന്‍സും മാത്രമല്ല, ബ്രിട്ടണ്‍, അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും കോവിഡ് 19 എന്ന മഹാമാരിയെ സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും ജീവല്‍പ്രശ്നമായി അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രതിരോധിക്കാന്‍ തുടക്കമിട്ടപ്പോള്‍, ഇന്ത്യയിലെ മോഡി ഭരണകൂടം ഈ മഹാമാരിയെ ചെെനാവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഫലപ്രദമായൊരു ഉപാധിയായിട്ടാണ് വിനിയോഗിച്ചത്. മോഡിയുടെ ഉറ്റ സുഹൃത്തായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതുതന്നെയാണ് ചെയ്തത്. ഇതോടൊപ്പം ന്യൂനപക്ഷ മതവികാരം ഉണര്‍ത്തുന്നത് ലക്ഷ്യമാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവന്നിരുന്ന പ്രക്ഷോഭണത്തെ തളര്‍ത്തുന്നതിനുമായി ഹസ്റത്ത് നിസാമുദീനില്‍ സമ്മേളിച്ച ആഗോള മുസ്‌ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയാണ് ഇന്ത്യയില്‍ മഹാമാരിയുടെ വ്യാപനത്തിലേക്കു നയിച്ചതെന്ന് വ്യാപകമായി പ്രചാരണം നടത്താനും മോഡിയും സംഘപരിവാറും ശ്രമിച്ചിരുന്നു. മാത്രമല്ല, രോഗവ്യാപനത്തിന്റെ മാരകമായ ഭവിഷ്യത്തുകളെപ്പറ്റി ജനതയെ ബോധവല്‍ക്കരിക്കുന്നതിനുപകരം, കിണ്ണം കൊട്ടലും വിളക്കുകൊളുത്തലുമാണ് വാക്സിനേഷനെക്കാള്‍ പ്രാധാന്യം എന്ന മിഥ്യാധാരണ അവര്‍ക്കിടയില്‍ പരത്താനും കോവിഡിന്റെ ആദ്യതരംഗത്തിന്റെ കാലയളവില്‍ കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും മുന്‍കയ്യോടെ നടന്നു. ഇതെല്ലാം കോവിഡിന്റെ വ്യാപനം ശക്തമാക്കാനും മൂലധന നിക്ഷേപകരെ പിന്തിരിപ്പിക്കാനും പ്രേരിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. രാജ്യത്തിനകത്ത് കിട്ടുന്നതിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ വിദേശത്ത് കിട്ടുമെന്ന സ്ഥിതിയില്‍, മൂലധനം അവിടങ്ങളിലേക്കു പ്രവഹിക്കുന്നതില്‍ അസ്വാഭാവികത ലേശം പോലുമില്ല.
ഈ സാഹചര്യം കണക്കിലെടുത്താണ് സ്വത്തും വരുമാനവും ദീര്‍ഘകാലത്തേക്ക് വരുംതലമുറകള്‍ക്കുകൂടി ഗുണകരമായ വിധത്തില്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതിലേക്കായി സത്വര നടപടികള്‍ അനിവാര്യമാണെന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെന്‍ലി ആന്റ് പാര്‍ട്ട്നേഴ്സ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സിഇഒ ജൂര്‍ഗ് സ്റ്റെഫന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലാണെങ്കില്‍ ഏതെങ്കിലുമൊരു നിക്ഷേപ സംരംഭവുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ സംരംഭകനോ കുടുംബത്തിനോ നേരിടേണ്ടിവരുന്നത്, നിയമത്തിന്റെയും നിയന്ത്രണങ്ങളുടെയും ദീര്‍ഘമേറിയൊരു ശൃംഖലതന്നെയാണ്. വിദേശരാജ്യങ്ങളില്‍ പലയിടത്തും ഇത്തരം പ്രതിബന്ധങ്ങള്‍ നന്നേ കുറവാണ്. ഇന്ത്യയിലെ നിക്ഷേപത്തില്‍ നിന്നുണ്ടാകുന്ന ലാഭം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും മറ്റു സാധാരണ ബിസിനസ് ആവശ്യങ്ങള്‍ക്കായോ സാമൂഹ്യപ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കായോ ഇന്ത്യയിലേക്കു വരുന്നതിനും കുടുംബ ട്രസ്റ്റുകളുടെ രൂപീകരണത്തിനും മറ്റുമായി നിരവധി പ്രതിബന്ധങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. മാത്രമല്ല, മെച്ചപ്പെട്ട മേച്ചില്‍പുറങ്ങള്‍ തേടി വിദേശരാജ്യങ്ങളില്‍ ചെന്നുപെട്ടവര്‍ക്ക് വിദേശ സംരംഭങ്ങളോടൊപ്പം ഇന്ത്യയിലും സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടിവരുന്നുണ്ടെന്നതാണ് വസ്തുത. സ്വാഭാവികമായും ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ബദല്‍ മാര്‍ഗം ഇന്ത്യക്കു സമീപത്താണെങ്കിലും ഇന്ത്യക്കു പുറത്ത് എവിടെയെങ്കിലും സംരംഭങ്ങള്‍ തുടങ്ങുന്നതായിരിക്കും അഭികാമ്യമായിരിക്കുക എന്നതില്‍ സംശയമില്ല. ഈ പ്രവണതയാണിന്ന് ശക്തിപ്രാപിച്ചുവരുന്നതും.
ഇന്നത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നതനുസരിച്ച് ഒരാള്‍ക്ക് പ്രവാസി ഇന്ത്യക്കാരന്‍ എന്ന പദവിയിലെത്താന്‍ അയാള്‍ ഒരു വര്‍ഷത്തിനിടെ 120 ദിവസങ്ങളിലേറെ ഇന്ത്യയില്‍ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിര്‍ബന്ധിതനാകുന്നു. കൂടാതെ, ആ വ്യക്തി തനിക്കു ഇന്ത്യയില്‍ നിന്നും കിട്ടുന്ന വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടണമെങ്കില്‍ നികുതി അധികൃതരില്‍ നിന്നും ഇതുസംബന്ധമായ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കുകയും വേണം. പുതുതായി സംരംഭം നടത്തുന്ന രാജ്യത്തുള്ള നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത വേണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള കാലപരിധി 181 ദിവസങ്ങളായി വര്‍ധിപ്പിക്കണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവരുമാനം 15 ലക്ഷം രൂപയിലേറെ ആവാനും പാടില്ല. ഇത്തരം നിബന്ധനകള്‍ കൃത്യമായി പാലിക്കുക എന്നത് ഭൂരിഭാഗം വരുന്ന സാധാരണ നിക്ഷേപകര്‍ക്കും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ക്കും കഴിഞ്ഞേക്കില്ല.
ഇന്ത്യയില്‍ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളുടെ ഈ നൂലാമാല കണക്കിലെടുക്കുമ്പോള്‍ യുക്തിസഹമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയും കുടുംബവും ആഗ്രഹിക്കുക സ്വെെരമായൊരു കുടുംബജീവിതം നയിക്കാനുള്ള എളുപ്പ മാര്‍ഗം കണ്ടെത്തുക എന്നതാണ്. അങ്ങനെയെങ്കില്‍ വിദേശത്ത് നിക്ഷേപം നടത്താനായിരിക്കും തീരുമാനിക്കുക. കാരണം, അങ്ങനെയെങ്കില്‍ ഓരോ വര്‍ഷവും 181 ദിവസമെങ്കിലും ഇന്ത്യയില്‍ത്തന്നെ കഴിയാമല്ലൊ. ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതനുസരിച്ച് ഗ്ലോബല്‍ വെല്‍ത്ത് മെെഗ്രേഷന്‍ റിവ്യൂ റിപ്പോര്‍ട്ടില്‍ കാണുന്നത് 2020ല്‍ മാത്രം 5,000 ഇന്ത്യന്‍ മില്യനയര്‍മാര്‍ വിദേശത്തേക്ക് നിക്ഷേപ സംരംഭങ്ങള്‍ പറിച്ചുമാറ്റി നട്ടിട്ടുണ്ടെന്നാണ്.
ഇന്ത്യന്‍ പൗരന്മാരില്‍ നിക്ഷേപ കുടിയേറ്റത്തെ അനുകൂലിക്കുന്നവരുടെ വര്‍ധന 63 ശതമാനവുമായിരുന്നു. 2019ല്‍ത്തന്നെ 1,500 പേര്‍ ഇതു സംബന്ധമായ വിവരങ്ങള്‍ തേടിയെത്തിയവരായുണ്ടായിരുന്നതുമാണ്. ഹെന്‍ലി ആന്റ് പാര്‍ട്ട്നേഴ്സ് എന്ന ആഗോള സ്ഥാപനത്തിന്റേതാണ് ഈ കണക്കുകള്‍. മോര്‍ഗന്‍സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ നല്കുന്ന സൂചന 2014 മുതല്‍ 23,000 ഇന്ത്യന്‍ മില്യനയര്‍മാരാണ് 2018ല്‍ കിട്ടിയ വിവരം കണക്കിലെടുത്താല്‍ മെച്ചപ്പെട്ട നിക്ഷേപസാധ്യതകള്‍ തേടി രാജ്യം വിട്ടതത്രെ. അതേ അവസരത്തില്‍ത്തന്നെ, നമുക്കുള്ള ഏക ആശ്വാസം ഇന്നും 6,800ല്‍പരം അതിസമ്പന്നരായ വ്യക്തികളും 116 ബില്യനയര്‍മാരും ഇന്ത്യയില്‍ത്തന്നെ നിക്ഷേപകരായി തുടരാന്‍ ആഗ്രഹിക്കുന്നവരുണ്ടെന്നതാണ്. ഇവര്‍ക്കും മനംമാറ്റമുണ്ടാകുമോ എന്ന് വ്യക്തമായി പറയുക വയ്യ. ചുരുക്കത്തില്‍, നിക്ഷേപമേഖല ഇന്നും അനിശ്ചിതത്വത്തില്‍ത്തന്നെയാണ് തുടരുന്നത്. കോവിഡിന് അന്ത്യമാകുന്നതുവരെ ഈ സ്ഥിതി തുടരാനാണ് സാധ്യതയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.