21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 27, 2024
August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024

പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കാൻ അണിനിരക്കേണ്ട കാലം

Janayugom Webdesk
August 23, 2021 5:03 am

ഫാസിസ്റ്റ് ആശയങ്ങളിൽ പൂണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന് രാജ്യത്തിന്റെ പാർലമെന്റിനോടോ അതിന്റെ നടപടിക്രമങ്ങളോടോ യാതൊരു വിധേയത്വവുമില്ല. പാർലമെന്ററി സംവിധാനത്തെ പ്രകീർത്തിച്ച് ഇവർ അധരവ്യായാമം നടത്തുന്നുവെന്നു മാത്രം. വാസ്തവത്തിൽ ഇവർ ആഗ്രഹിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളുടെ ശോഷണമാണ്. പാർലമെന്റാകട്ടെ ജനാധിപത്യ സംവിധാനങ്ങളിൽ അവഗണിക്കാനാകാത്ത ഘടകവുമാണ്. പാർലമെന്ററി ചർച്ചകളെക്കുറിച്ച് ഭരണകൂടം എത്രയേറെ പറയുന്നുവോ അത്രയേറെ ഇല്ലാതാക്കാനാണ് പരിശ്രമിക്കുന്നതും. ഉള്ളിൽ നിന്നുകൊണ്ടുള്ള അട്ടിമറി ശ്രമം ഭരണവർഗ്ഗം തുടരുന്നു. ആർഎസ്എസ്-ബിജെപി സർക്കാർ ഫാസിസ്റ്റ് തന്ത്രങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ഇത്തരം ഗൂഢാലോചനകൾ വ്യക്തമായി വെളിച്ചത്തു വരികയും ചെയ്തു.

വർഷകാല സമ്മേളനം ജൂലൈ 19 മുതൽ ഓഗസ്റ്റ് 13 വരെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രക്ഷുബ്ധമായ 17 ദിവസങ്ങൾക്കു ശേഷം ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു. ഈ സമയത്തിനുള്ളിൽ 32 ബില്ലുകൾ പാർലമെന്റിൽ കേന്ദ്രസർക്കാർ ചുട്ടെടുത്തു. 19 ബില്ലുകൾ രാജ്യസഭയിലും 13 ബില്ലുകൾ ലോക്‌സഭയിലും. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതാണ് ഈ ബില്ലുകൾ. എന്നാൽ ഓരോ ബില്ലിനും ചെലവഴിച്ച സമയം 85 മിനുട്ടിൽ താഴെ മാത്രം. 14 ബില്ലുകൾ പത്തുമിനുട്ടു പോലും മെനക്കടാതെ പാസ്സാക്കി എടുത്തു.

നിയമനിർമ്മാണത്തിന്റെ അനിവാര്യ നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് സർക്കാർ പലപ്പോഴും ബില്ലുകൾ പാസാക്കുന്നത്. നിയമനിർമ്മാണം ഫലപ്രദമാകണമെങ്കിൽ മറുഭാഗത്തെ ശ്രവിക്കുക എന്നത് അനിവാര്യമാണ്. ജനങ്ങളുടെ ആശങ്കകളും ബഹുസ്വരങ്ങളും ഉയരേണ്ടത് പ്രതിപക്ഷത്തിലൂടെയാണ്. അവരുടെ അവകാശവുമാണത്. അർത്ഥപൂർണമായ ചർച്ചകൾക്ക് പാര്‍ലമെന്റിൽ അവസരമൊരുക്കേണ്ടത് സർക്കാരിന്റെ കടമയുമാണ്. മോഡി സർക്കാരിന് അതിന്റെ സ്വഭാവത്തിൽ തന്നെ പാർലമെന്ററി സംവിധാനങ്ങളോട് മതിപ്പുള്ളതല്ല. അവർ പാർലമെന്റിന്റെ ഉല്പാദനക്ഷമതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. വർഷകാല സമ്മേളനാരംഭത്തിൽ നേതാക്കളുടെ യോഗത്തിൽ പ്രശ്നങ്ങൾ ഉന്നയിക്കാൻ അവസരമുണ്ടാകുമെന്ന് ഒരു ചെറുപ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. അവയ്ക്ക് ഉത്തരങ്ങളുണ്ടാകുമെന്നും ആവർത്തിച്ചു. പതിവുപോലെ ശൂന്യവും അർത്ഥരഹിതവുമാണ് മോഡിയുടെ വാഗ്ദാനങ്ങളെന്ന് വർഷകാല സമ്മേളനം ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.

പെഗാസസ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കില്ലാ എന്ന കടുത്ത നിലപാടാണ് നിർഭാഗ്യകരമായ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്. സ്വന്തം പൗരന്മാരിൽ കേന്ദ്രസർക്കാർ നടത്തിയ ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു വാ ആരും ഉരിയാടരുത് എന്ന നിലപാടിലായിരുന്നു ഭരണപക്ഷം. പെഗാസസ് വിവാദങ്ങൾക്കപ്പുറം നീറുന്ന പ്രശ്നങ്ങളായ കർഷക പ്രക്ഷോഭം, വില വർധനവ്, തൊഴിലില്ലായ്മ, പിന്നാക്ക ജനവിഭാഗങ്ങളുടെ മേൽ നടക്കുന്ന അതിക്രമങ്ങൾ തുടങ്ങിയവ പാർലമെന്റിൽ ഉയർത്താൻ പ്രതിപക്ഷം ശ്രമിച്ചു. ഓരോ ഘട്ടത്തിലും സർക്കാർ അസഹിഷ്ണുതയോടെ ഇക്കാര്യങ്ങളെ നേരിട്ടു. പാർലമെന്റിലെ പ്രക്ഷുബ്ധതയ്ക്കു കാരണം പ്രതിപക്ഷമാണെന്ന പ്രചാരണത്തിന് ഒരുഭാഗത്ത് ആർഎസ്എസ്-ബിജെപി സംഘം തുനിഞ്ഞിറങ്ങി. ജനവിരുദ്ധ നിയമങ്ങളെ പ്രതിപക്ഷം എതിർത്തു എന്നത് വസ്തുതയാണ്. പ്രതിപക്ഷം അവരുടെ കടമനിർവഹിക്കുകയായിരുന്നു. രാക്ഷസീയമായ ജനറൽ ഇൻഷുറൻസ്, പ്രതിരോധ സേവനങ്ങൾ തുടങ്ങിയ ബില്ലുകളെ നഖശിഖാന്തം എതിർത്തു. അതേ സമയം ഒബിസി നിയമം പാസാക്കുന്നതിൽ സർക്കാരിനൊപ്പം നിലകൊള്ളുകയും ചെയ്തു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പ്രതിപക്ഷം സജീവവുമായിരുന്നു. ജനറൽ ഇൻഷുറൻസ് ബിൽ ഉൾപ്പെടെ സുപ്രധാനമായവ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്രം തയ്യാറായില്ല. സെലക്ട് കമ്മിറ്റിയുടെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിധേയമാക്കുന്നതിലൂടെ പാർലമെന്റിന്റെ സസൂക്ഷ്മമായ വിശകലനങ്ങളിലേയ്ക്കും പരിശോധനകളിലേയ്ക്കും ബില്ലുകളും വിഷയങ്ങളും നീങ്ങും. എന്നാൽ ബിജെപി സർക്കാർ പൂർണമായും ഇതിനെതിരാണ്.

“പാർലമെന്റിന്റെ ഉത്തരവാദിത്തം ചർച്ചകൾ നടത്തുകയാണ്. എന്നാൽ പാർലമെന്റ് പലപ്പോഴും വിഷയങ്ങൾ മറക്കുന്നു. ഇത്തരം സമയങ്ങളിൽ ഉയരുന്ന തടസങ്ങൾ ജനാധിപത്യത്തിന് അനുകൂലമാണ്. അതുകൊണ്ടു തന്നെ പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമല്ല.” ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജയ്റ്റ്ലി ഒരിക്കൽ പറഞ്ഞു. ഇതേ ബിജെപിയാണ് ജനാധിപത്യ വ്യവസ്ഥയിൽ ചർച്ചകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആവശ്യങ്ങളെ പരിഹസിക്കുന്നതും.

വർഷകാല സമ്മേളനം ബിജെപി സർക്കാരിന്റെ വന്യമുഖം കൂടുതൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ പട്ടാളക്യാമ്പാക്കി മാറ്റുകയായിരുന്നു. നീലക്കുപ്പായത്തിൽ പ്രതിപക്ഷത്തെ പ്രത്യേകിച്ചും ഇടത് എംപിമാരെ നേരിടാൻ അവർ ദൃഢപേശികളുള്ള ഒരു സംഘത്തെ സംഘടിപ്പിച്ചിരുന്നു. ചെറുസംഘമെങ്കിലും ഇടതുപക്ഷത്തോടുള്ള ബിജെപിയുടെ ഭയപ്പാടിനെയാണ് ഇത് വ്യക്തമാക്കുന്നത്. പാർലമെന്റിലെ മികച്ച സംഘാടനത്തിലൂടെയും കർഷക പ്രക്ഷോഭത്തിന് ഒന്നിച്ചു നൽകിയ ഐക്യദാർഢ്യത്തിലൂടെയും പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനും കഴിഞ്ഞിട്ടുണ്ട്. പാർലമെന്റിനുള്ളിലെ അവരുടെ പോരാട്ടം ഭരണഘടന ഉയർത്തിയുള്ളതായിരുന്നു. പുറത്ത് അവർ പ്രകടമാക്കിയത് ജനങ്ങളുടെ ശബ്ദമായിരുന്നു. പാർലമെന്റിന് സർക്കാരിന്റെ സ്തുതിഗീതങ്ങൾ പാടി വെറുതെ ഇരിക്കാനാകില്ല. ഫാസിസത്തിന്റെ ചരിത്രം പാർലമെന്റുകളെ തങ്ങൾക്ക് വിധേയപ്പെടുത്തിയ കാലങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ യാത്രയും ഇതേ വഴിക്കാണ്. രാജ്യത്തെ ജനങ്ങൾ പാർലമെന്ററി ജനാധിപത്യവും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കേണ്ട കാലമാണ് രൂപപ്പെടുന്നത്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.