2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ഗുജറാത്തില്‍ നിലവിലുള്ളവരെയെല്ലാം ഒഴിവാക്കി പുതിയ മന്ത്രിസഭ

Janayugom Webdesk
ന്യൂഡ‍ല്‍ഹി
September 16, 2021 9:27 pm

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ, മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രിയെ മാറ്റിയ ഗുജറാത്തില്‍ ദേശീയ നേതൃത്വത്തിന് തലവേദനയായി ബിജെപിയിലെ ആഭ്യന്തരകലഹം. 2022 ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വിജയ് രൂപാണിയെ ഒഴിവാക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നിയോഗിച്ച ഭൂപേന്ദ്ര പട്ടേലും പുതിയ മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇന്നലെ രാവിലെ രാജിവച്ച നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര തിവാരി ഉള്‍പ്പെടെയുള്ള 24 പേരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍. 

വിജയ് രൂപാണി മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളെയും മാറ്റിയാണ് പുതിയ മന്ത്രിസഭയെ തീരുമാനിച്ചിരിക്കുന്നത്. ഫോണിലൂടെയാണ് മുതിര്‍ന്ന നേതാക്കളായ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കുന്ന വിവരം അറിയിച്ചതെന്നാണ് നേതാക്കളുടെ പരാതി. ദേശീയ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകളില്‍ ദിവസങ്ങളായി പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുകയാണ്. രൂപാണി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേല്‍ ഇത്തവണ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അദ്ദേഹത്തെയുള്‍പ്പെടെയാണ് മന്ത്രിസ്ഥാനം പോലും നല്‍കാതെ മാറ്റിനിര്‍ത്തിയത്. നിതിന്‍ പട്ടേലിന്റെ അനുകൂലികള്‍ ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധവും ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കണക്കിലെടുത്തായിരുന്നു ഗുജറാത്തില്‍ അഴിച്ചുപണി നടത്താന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തത്. മുഴുവന്‍ മന്ത്രിമാരെയും മാറ്റിയില്ലെങ്കില്‍ അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതി നേതൃത്വത്തിനുണ്ടായിരുന്നു. 

ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.ബാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും സത്യപ്രതിജ്ഞ മാറ്റി വ്യാഴാഴ്ചത്തേക്ക് തീരുമാനിക്കുകയായിരുന്നു.പുതിയ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് ബിജെപിയില്‍ തമ്മിലടി രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിമാരെച്ചൊല്ലിയുള്ള തര്‍ക്കമാണ് സത്യപ്രതിജ്ഞാചടങ്ങ് നീട്ടിവയ്ക്കാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും തങ്ങള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കില്ലെന്നറിഞ്ഞതോടെ ശക്തമായ പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നുവെന്നാണ് സൂചനകള്‍. 

എതിര്‍പ്പുകളൊന്നുമില്ലാതെ ഭരണനേതൃമാറ്റം നടപ്പിലാക്കാനാകുമെന്ന് ബിജെപി ദേശീയ നേതൃത്വം കരുതിയതിന് വ്യത്യസ്തമായാണ് ഗുജറാത്തില്‍ കാര്യങ്ങള്‍ നടന്നത്. വിജയ് രൂപാണി പരസ്യപ്രതിഷേധമൊന്നുമില്ലാതെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും പിന്നീട് ഭൂപേന്ദ്ര പട്ടേലിനെ അധികാരമേല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ വലിയ എതിര്‍പ്പുകളൊന്നും ഉണ്ടാകാതിരുന്നതും ദേശീയ നേതൃത്വത്തിന് ആശ്വാസമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിതിന്‍ പട്ടേലിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിയ പ്രതിഷേധം അമിത് ഷായും മോഡിയും കണക്കിലെടുത്തില്ല. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രൂപാണി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേല്‍ പുതിയ മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളിലാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

Eng­lish Sum­ma­ry : new min­istry in gujrat avoid­ing all pre­vi­ous lead­ers and bjp in crisis

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.