പ്രണയം മനോഹരമാണ്, എന്നാൽ എന്തിനാണ് പ്രണയത്തെ ഇത്രമാത്രം മഹത്വവൽക്കരിക്കുന്നത്! ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഭംഗിയുള്ളതും അത്തരത്തിൽ അല്ലാതിരിക്കാനും സാധ്യതയുള്ള അനേകം അനുഭവങ്ങളിൽ ഒന്നു മാത്രമല്ലേ രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയവും. പരിശുദ്ധം, നൈർമല്യം തുടങ്ങിയ വാക്കുകളോട് കൂട്ടിച്ചേർത്ത് കാലങ്ങളായി പ്രണയത്തിനു നാം നൽകി വരുന്ന ബിൽഡ് അപ്പുകൾ പ്രണയവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അതിതീവ്ര വികാരത്തോടെ പ്രതികരിക്കാൻ മനുഷ്യനെ ഒരു പരിധി വരെ പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യരുള്ളിടത്തെല്ലാം ചതി, വഞ്ചന, അഭിമാന ക്ഷതം, അഹംഭാവം മുതലായവയുടെ പേരിലുള്ള അതിക്രമങ്ങളും കയ്യേറ്റങ്ങളും നടന്നു വരുന്നു. രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയത്തിൽ പാലിച്ചു പോരേണ്ടതാണെന്ന് നാം ശഠിക്കുന്ന നിയമാവലികൾ തെറ്റുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണത്തിന്റെ വാർത്തകൾ അതുകൊണ്ടു തന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. മാറ്റേണ്ടത് കാലത്തെ അതിജീവിക്കാനാകാത്ത പ്രണയ സമവാക്യങ്ങൾ തന്നെയാണ്.
ഒരാളെ ഇഷ്ടമല്ല എന്നു തുറന്നുപറയാൻ ഭയപ്പെടണോ? ഇഷ്ടം പറഞ്ഞതാണെന്ന് കരുതി അതേ ആളിൽനിന്ന് പിരിഞ്ഞു പോകണമെന്നുണ്ടെങ്കിൽ പേടിക്കണോ? കൂടെ ജീവിച്ച ഒരാളിൽനിന്ന് ഒറ്റപ്പെട്ടോ, ഇരട്ടപ്പെട്ടോ ജീവിച്ചേക്കാം എന്ന തീരുമാനമെടുക്കാൻ അനുവാദം വാങ്ങണോ? വേണം എന്നാണ് സമൂഹം ആക്രോശിക്കുന്നത്. അവിടെയാണ് അങ്ങനെ ചെയ്യുന്ന സ്ത്രീകൾ പരസ്യമായി ആക്രമിക്കപ്പെടുന്നത്, കൊല്ലപ്പെടുന്നത് മനുഷ്യർക്കിടയിൽ സ്വാഭാവികമായും നടക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് കൂടിച്ചേരലുകളും പിരിഞ്ഞുപോകലുകളുമെന്ന് എന്തുകൊണ്ടാണ് നാം മനസിലാകാതെ പോകുന്നത്. പ്രണയത്തിനകത്തും സ്വന്തം ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഒരാൾക്ക് അവകാശമില്ലെന്ന് വാദിക്കുന്നത് എന്തിനാണ്!
പ്രണയവും, പ്രണയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും കൂടുതൽ സുതാര്യവും, ലളിതവുമാകുകയാണ് വേണ്ടത്. ഒരു പ്രണയ ബന്ധത്തിൽ നിന്ന് വിടുതൽ വാങ്ങി മറ്റൊരാളുമായി പ്രണയത്തിലേർപ്പെടുന്ന വ്യക്തിയെ കൊടും കുറ്റവാളിയായി കാണുന്ന, ‘തേപ്പ് ’ എന്ന് ഓമനപ്പേരിട്ടു പരിഹസിക്കുന്ന സമൂഹത്തിന്റെ മനോനിലവാരം മാറിയില്ല എങ്കിൽ ഇനിയും പ്രണയ നിരാസം കൊണ്ട് വരുന്ന കൊലപാതക വാർത്തകൾ നമ്മളെ തേടിയെത്തും അനുരാഗത്തെ വാനോളം പുകഴ്ത്തുകയും അതേസമയം ഒരുമിച്ചിരിക്കുന്ന ആണിനേയും പെണ്ണിനേയും മൂർച്ചയുള്ള നാവുകൊണ്ടും ആയുധം കൊണ്ടും കൈകാര്യം ചെയ്യുന്ന സദാചാര ആങ്ങളമാരുള്ള നാടാണല്ലോ നമ്മുടേത്. പൊതു ഇടങ്ങളിൽ നിന്ന് കമിതാക്കളെ ഒറ്റപ്പെടുത്താനാണ് സമൂഹം ശീലിപ്പിക്കുന്നത്. ഇതൊക്കെ അസ്വഭാവികമായ എന്തോ ആണ് പ്രണയം എന്ന തോന്നലിലേക്കാണ് എത്തിക്കുന്നത്. പ്രണയത്തിൽ നിന്ന് ഒരാൾ പിൻമാറാൻ തയ്യാറാകുമ്പോൾ ഈ അസ്വാഭാവികത മറ്റേയാളിനെ നിരാശയുടെ പടുകുഴികളിൽ ചെന്നെത്തിക്കുന്നു. വേദനയെയും വെറുപ്പിനെയും അക്രമത്തിലൂടെ ശമിപ്പിക്കുന്നതാണ് യഥാർത്ഥ വഴിയെന്ന് അവർ തെറ്റായി പഠിച്ചുവച്ചിരിക്കുന്നു. വളരെ ചെറിയ ശതമാനമാണെങ്കിൽ കൂടിയും ഇത്തരം ആളുകൾക്ക് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മനുഷ്യന്റെ കഴുത്തറുക്കാനും പറ്റുന്നു.
വിജയങ്ങളെ അതി മനോഹരമായി ആഘോഷമാക്കി മാറ്റുന്ന ഇന്നത്തെ യുവത്വത്തിന് പരാജയങ്ങളെ അതിജീവിക്കാൻ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല എന്ന് പല സംഭവങ്ങളും കാണിച്ചു തരുന്നു. വികാരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന കളിപ്പാട്ടങ്ങളായി ചിലപ്പോഴെങ്കിലും അവർ മാറുന്നുണ്ട്. നിഷേധാത്മകമായ എന്തിനോടും അതി സ്ഫോടകമായി പ്രതിഷേധിക്കുന്നതാണ് യഥാർത്ഥ പ്രതികരണമെന്നാണ് സ്കൂൾ കുട്ടികൾ പോലും ധരിച്ചുവച്ചിരിക്കുന്നത്. അത് സോഷ്യൽ മീഡിയ തെറി വിളികളായാലും പ്രണയത്തിലെ കൊലവിളികളായാലും അങ്ങനെ തന്നെ. ഒരു വ്യക്തിയെ പൂർണമായും അധീനപ്പെടുത്തലോ, സ്വന്തം കൈക്കുള്ളിൽ ഒളിപ്പിക്കലോ ആവരുത് പ്രണയം. കൂട്ടിനെത്തുന്നയാളിന്റെ സ്വാതന്ത്ര്യത്തെയാണ് നാം പ്രണയിക്കേണ്ടത്. ബന്ധങ്ങൾക്കകത്ത് എന്നും സ്വന്തമായി തീരുമാനമെടുക്കാനും തീരുമാനങ്ങൾ തിരുത്താനുമുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് അറിഞ്ഞിരിക്കണം. അത്തരം തീരുമാനങ്ങളെ ബഹുമാനിച്ചും അംഗീകരിച്ചും വളരുകയാണ് വേണ്ടത്. ഒരു വ്യക്തിയുടെ മൂല്യങ്ങളും ചിന്തകളുമായി പ്രണയത്തിലാകുന്നയാൾക്ക് ഇത്തരം ഘട്ടങ്ങളിലും സമയം, സാമ്പത്തികം തുടങ്ങിയ നഷ്ടങ്ങളുടെ കണക്കെടുക്കാനോ പക വീട്ടാനുള്ള വഴികൾ ആസൂത്രണം ചെയ്യാനോ കഴിയില്ല. അത്രയും വിശാലതയോടു കൂടി എല്ലാ ബന്ധങ്ങളേയും അറിയാനും, സമീപിക്കാനും പഠിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
മനശാസ്ത്രപരമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യുന്നവരായി അവരെ മാറ്റുകയും ചെയ്യേണ്ടതുണ്ട്. വികാരങ്ങൾക്ക് അടിമപ്പെടാതെ അനുഭവങ്ങൾകൊണ്ട് വികാസം പ്രാപിക്കുന്ന ആധുനിക പൗരന്മാരായി നാമോരോരുത്തരും വളരേണ്ടതുണ്ട്. വ്യക്തികൾക്കതീതമായി ചിന്തകളെയും ആശയങ്ങളെയും നിരന്തരം പ്രണയിക്കൂ. പ്രവചനാതീതമായ നാളെകളെ സന്തോഷത്തോടെ വരവേൽക്കൂ. സ്നേഹിക്കുന്ന ആർക്കും അതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കൂ. പ്രണയവും വിരഹവും ജീവിതത്തിൽ സാധാരണയായി സംഭവിച്ചേക്കാവുന്ന ഒരു അനുഭവം മാത്രമാണെന്ന് മനസിലാക്കിയാൽ നീട്ടിപ്പിടിച്ച പനിനീർപ്പൂവുകൾക്ക് പിന്നിൽ കൊലക്കത്തികൾ ഒളിച്ചിരിക്കില്ല. വിശാലവും സുതാര്യവുമാവട്ടെ നമ്മുടെ ഓരോ പ്രണയവും.
(അധ്യാപികയും കവയത്രിയുമാണ് ലേഖിക)
വീഡിയോ കൂടി കാണാം…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.