ഓൺലൈൻ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന വാര്‍ത്തകൾ കൊണ്ട് അനുദിനം അപമാനിതമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ആദ്യത്തെ ഓൺലൈൻ വിവാഹം. ഓൺലൈനിൽ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യത്തെ വിവാഹമായി ഇത് രേഖപ്പെടുത്തപ്പെട്ടു.
സൈബർ കേസുകളെല്ലാം തന്നെ ആ മാധ്യമം ദുരുപയോഗപ്പെടുത്തുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്. ഓൺലൈനിലൂടെ പുഷ്പിക്കുന്ന പ്രണയങ്ങൾ വളരെയധികം ഉണ്ടെങ്കിലും സ്ത്രീ ചൂഷണങ്ങളും അതുവഴി കൊലപാതകങ്ങളും ആത്മഹത്യകളും അടക്കം നിരവധി അനഭിലഷണീയമായ സംഭവങ്ങളും ഉണ്ടാകുന്നുണ്ടല്ലോ.
കൊല്ലം ജില്ലാ രജിസ്ട്രാർ സി ജെ ജോൺസൺ ഓൺലൈനിലൂടെ വിവാഹം നിരീക്ഷിക്കുകയും പുനലൂർ സബ് രജിസ്ട്രാർ ടി എം ഫിറോസ് വിവാഹം രജിസ്റ്ററാക്കുകയും ചെയ്തു. യുക്രൈനിൽ ജോലി ചെയ്യുന്ന വരനും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ വധുവുമാണ് ശാസ്ത്രം നമുക്ക് തന്ന ഏറ്റവും പുതിയ മാർഗത്തിലൂടെ വിവാഹിതരായി ചരിത്രത്തിൽ കയ്യൊപ്പിട്ടത്. പുനലൂർ ഇളമ്പൽ സ്വദേശിയാണ് വരൻ. ധന്യാ മാർട്ടിനും ജീവൻ കുമാറും വധൂവരന്മാർ. മാനവിക ബോധത്തിന്റെ സമനിലത്തിൽ നിന്നു ശ്രദ്ധിച്ചാൽ മതാതീത മനുഷ്യവിവാഹത്തിന്റെ ചാരുത കൂടി ഈ സാക്ഷാത്ക്കാരത്തിനുണ്ട്. ശിവഗിരികിരണങ്ങളിൽ ജീവിതം സമർപ്പിക്കുന്നവർ നാരായണഗുരുവിന്റെ പൂർണകായ പ്രതിമയോ ചിത്രമോ പൂമുഖത്ത് വച്ചല്ല അതു തെളിയിക്കേണ്ടത്. ജീവിതത്തിൽ അതു പാലിച്ചുകൊണ്ടാണ്. ഈ യുവമിഥുനങ്ങൾക്ക് അതു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബ്യൂറോക്രസിക്ക് ഒരു തകരാറുണ്ട്. അവർ മനുഷ്യസ്നേഹത്തിന്റെ യുക്തിഭംഗി അനുസരിച്ച് ഒന്നും ചെയ്യില്ല. അവിടെ ചുവപ്പുനാട അഴിയണമെങ്കിൽ ഒന്നുകിൽ റൂള്‍ പുസ്തകത്തിൽ ഉണ്ടാകണം, അല്ലെങ്കിൽ ധീരൻമാരാരെങ്കിലും മുൻപ് ചെയ്ത ഫയൽ കാണണം. ഇവിടെയും അതുണ്ടായി. ഓൺലൈൻ കല്യാണത്തിന്റെ ബാക്ക് ഫയലില്ലല്ലോ. വധൂവരന്മാർ കോടതിയിൽ പോയി.കോവിഡ് ബാധിച്ചതിനാൽ സബ് രജിസ്ട്രാർ നിർദ്ദേശിച്ച സമയത്ത് വരന് യുക്രൈനിൽ നിന്നും എത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതിയിലെത്തിയത്.
കോടതിയെന്തായാലും മനുഷ്യത്വത്തിന്റെ ഭാഗത്തുനിന്നുതന്നെ ഉത്തരവിട്ടു. സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടിയ കോടതി പ്രണയികൾക്ക് അനുകൂലമായി അഭിനന്ദനാർഹമായ രീതിയിൽ വിധി പ്രഖ്യാപിച്ചു. അങ്ങനെ ഓൺലൈൻ വിവാഹം യാഥാർത്ഥ്യമായി. സബ് രജിസ്ട്രാർ ടി എം ഫിറോസ് ഗൂഗിൾ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു. വരനു പകരം പിതാവ് ദേവരാജൻ രജിസ്റ്ററിൽ ഒപ്പുവച്ചു. മകന്റെ മതാതീത വിവാഹത്തിനു ഒപ്പുവച്ച പിതാവ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ജില്ല രജിസ്ട്രാറും ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. ഇനിയും ഇത്തരം ഓൺലൈൻ വിവാഹ അനുമതി തേടിയുള്ള ഹർജികൾ കോടതി മുൻപാകെ ഉണ്ടത്രേ. ഇപ്പോഴുള്ള ഉത്തരവ് മാതൃകയാക്കിക്കൊണ്ട് വിവാഹങ്ങൾ നടത്താവുന്നതേയുള്ളൂ. കോവിഡ് ഇല്ലാത്തതിനാൽ അത് നടത്താൻ വിസമ്മതിക്കുമോ എന്നുള്ളത് ഒരു ചുവപ്പു നാടപ്രശ്നമാണ്. സാധാരണ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചു വിവാഹം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ മാര്യേജ് സർട്ടിഫിക്കറ്റ് നല്കുകയെന്ന കീഴ്‌വഴക്കം ആപ്പീസ് മുറയല്ല. ഇതാകട്ടെ മിനിട്ടുകൾക്കുള്ളിൽ സർട്ടിഫിക്കറ്റും നല്കി. അങ്ങനെ നീതിന്യായവ്യവസ്ഥയും വധൂവരന്മാരും രക്ഷകർത്താക്കളും ഉദ്യോഗസ്ഥരും എല്ലാവരും പ്രബുദ്ധകേരളത്തിന്റെ അഭിനന്ദനത്തിന് പാത്രമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.