28 April 2024, Sunday

സഹകരണ സ്ഥാപനങ്ങളിലെ ലാഭവിഭജനം: സാധ്യതകളും പരിമിതികളും

പി എച്ച് സാബു
March 9, 2022 7:00 am

സഹകരണ സ്ഥാപനങ്ങളിലെ ലാഭവിഭജനം 1969ലെ സഹകരണ നിയമത്തിലെ വകുപ്പ് 56 പ്രകാരം നടത്തപ്പെടുന്ന ഒരു പ്രക്രിയയാണ്. പരമാധികാര സഭയായ പൊതുയോഗത്തിന്റെ അധികാരപരിധിയിൽ വരുന്ന ഒന്ന്. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും ലാഭവിഭജനവും കൃത്യമായ ശാസ്ത്രീയ കാഴ്ചപ്പാടോടെ നിർവഹിക്കപ്പെടണം എന്ന വസ്തുത ചര്‍ച്ചയ്ക്ക് വിധേയമായ സന്ദര്‍ഭമാണിത്. ഈ ഘട്ടത്തില്‍ ലാഭവിഭജനത്തിന്റെ സാധ്യതകളും പരിമിതികളും സമൂഹം വിലയിരുത്തപ്പെടേണ്ടതും അനിവാര്യമായിരിക്കുന്നു. സാധാരണ സംഘത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്തശേഷം ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള അറ്റലാഭമാണ് വിഭജിക്കപ്പെടുന്നത്. സഹകരണനിയമം, ചട്ടം, സഹകരണ ബൈലോ ഇവ പാലിച്ചുകൊണ്ട് മാത്രമേ ഒരു സഹകരണ സംഘത്തിന് ലാഭവിഭജനം നടത്താൻ കഴിയൂ. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭരണപരമായ ചുമതലയുള്ള ഭരണസമിതിയാണ് ശാസ്ത്രീയമായ ലാഭവിഭജന നിർദേശം പൊതുയോഗം മുമ്പാകെ അവതരിപ്പിക്കേണ്ടത്. നിയമപ്രകാരം നിർബന്ധമായും ലാഭത്തിൽ നിന്നും വക മാറ്റണമെന്ന് സഹകരണ നിയമം അനുശാസിക്കുന്നവ ഇവയാണ്. 1) 15 ശതമാനത്തില്‍ കുറയാത്ത സംഖ്യ കരുതൽ ധനത്തിലേക്ക്. 2) അഞ്ച് ശതമാനത്തില്‍ അധികരിക്കാതെ സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്ക്. നിലവിൽ ഈ സംഖ്യ60,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 3) 10 ശതമാനം അംഗ സമാശ്വാസ നിധിയിലേക്ക്. നിലവിൽ ഇത് ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള ലാഭവിജനങ്ങൾക്ക് ശേഷം ബാക്കി വരുന്ന ലാഭം ഇവിടെ പറയുംവിധം ഒരാവശ്യത്തിലേക്കോ വിവിധങ്ങളായ ആവശ്യങ്ങൾക്കായോ വിഭജിക്കാവുന്നതാണ്. 1) അടച്ച ഓഹരിതുകയുടെ 25 ശതമാനം വരെ അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നതിന്. 2) സംഘവുമായി നടത്തിയ ഇടപാടുകളുടെ തോതനുസരിച്ച് ബൈലാ വ്യവസ്ഥ പ്രകാരം അംഗങ്ങൾക്ക് ബോണസ് നൽകുന്നതിന്. 3) ഏഴ് ശതമാനം സംഖ്യ അഗ്രികൾച്ചറൽ ക്രെഡിറ്റ് സ്റ്റബിലൈസേഷൻ ഫണ്ടിലേക്ക്. 4) അഞ്ച് ശതമാനം പ്രൊഫഷണൽ എഡ്യുക്കേഷൻ ഫണ്ടിലേക്ക്. 5) 10 ശതമാനത്തില്‍ അധികരിക്കാതെ 1890 ലെ ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ടിലെ വകുപ്പ് രണ്ടിൽ പറയുന്ന ദാനധർമ്മ ആവശ്യങ്ങൾക്ക് സംഭാവന നൽകുന്നതിന്. ബാക്കി വരുന്ന ലാഭം നിയമാവലിയിൽ പറയുംപ്രകാരം ഏതെങ്കിലും ഒരാവശ്യത്തിനോ വിവിധ ആവശ്യങ്ങൾക്കോ വേണ്ടി വിഭജിക്കാവുന്നതാകുന്നു. ലാഭവിഭജനത്തെ വേണ്ടത്ര ഗൗരവപൂർവം സഹകരണ സ്ഥാപനങ്ങൾ സമീപിക്കാറുണ്ടോ എന്ന പരിശോധന പ്രസക്തമാണെന്ന് തോന്നുന്നു. ഇന്ന് അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകുന്നതാണ് ഏറ്റവും പ്രധാനം എന്ന കാഴ്ചപ്പാടിലേക്ക് പല സഹകരണ സ്ഥാപനങ്ങളും മാറി എന്നതല്ലേ വസ്തുത? മൂലധന സമാഹരണത്തിൽ ഓഹരി വർധിപ്പിക്കേണ്ടത് തീർച്ചയായും അനിവാര്യമാണ്. ഓഹരി എടുക്കാൻ അംഗങ്ങൾക്ക് താല്പര്യമുണ്ടാവണമെങ്കിൽ ലാഭവിഹിതം ആകർഷണമാകണം എന്നതിലും തർക്കമില്ല. എന്നാൽ ഇന്ന് നിശ്ചയിച്ചിട്ടുള്ള പരമാവധി 25 ശതമാനം എന്ന തോത് ഈ രൂപത്തിൽ തുടരേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ഏഴ് ശതമാനം പലിശ എന്ന് പൊതുവായി കണക്കാക്കിയാൽപോലും അതിന്റ നാല് മടങ്ങിൽ താഴെ ഡിവിഡന്റിന് ഓഫർ ചെയ്യപ്പെട്ടിരിക്കുന്നു.


ഇതുകൂടി വായിക്കാം; സഹകരണ പ്രസ്ഥാനങ്ങളിലൂടെ മുന്നോട്ട്


സംഘം ലാഭത്തിലായാലും നഷ്ടത്തിലായാലും നിക്ഷേപം വാങ്ങിയാൽ പലിശ നൽകേണ്ടിവരുന്നു. എന്നാൽ ഡിവിഡന്റ്, ലാഭമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയുണ്ട്. നിക്ഷേപത്തിന്റെ റിസ്ക് ഓഹരിയുടെ കാര്യത്തിൽ സംഘങ്ങൾക്കില്ല താനും. വായ്പ എടുക്കുമ്പോൾ വായ്പ തുകയ്ക്ക് അനുസൃതമായി ഓഹരി വർധിപ്പിക്കുന്ന രീതിയാണ് സഹകരണ സ്ഥാപനങ്ങളിലുള്ളത്. സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങൾ ഓഹരി സമാഹരണം, നിക്ഷേപ സമാഹരണംപോലെ ഒരു ക്യാമ്പയിനായി സംഘടിപ്പിക്കുകയുണ്ടായി. അത്തരം സ്ഥാപനങ്ങളുടെ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനം വളരെ ഉയർന്നതാണെന്ന് കാണാം. സഹകരണ നിയമത്തിലെ വകുപ്പ് 22 പ്രകാരം അംഗീകൃത ഓഹരി മൂലധനത്തിന്റെ അഞ്ചില്‍ ഒന്നുവരെ ഒരു വ്യക്തിക്ക് ഓഹരി എടുക്കാവുന്നതാണ്. ഈ വ്യവസ്ഥ സഹകരണത്തിന്റ അന്തഃസത്തക്ക് ചേരാത്തതും അപകടം സൃഷ്ടിക്കുന്നതുമാണ്. അഞ്ച് കോടി രൂപ അംഗീകൃത ഓഹരി മൂലധനമുള്ള ഒരു സഹകരണ സ്ഥാപനത്തിൽ ആ വ്യവസ്ഥ പ്രകാരം ഒരു കോടി രൂപ വരെ ഒരംഗത്തിന് ഓഹരി എടുക്കാൻ കഴിയും. ഈ സംഘം ഒരു വർഷം ഒരു കോടി രൂപ അറ്റലാഭം ഉണ്ടാക്കി എന്ന് കരുതുക, ഒരു കോടി രൂപ ഓഹരി എടുത്ത അംഗത്തിന് 20 ലക്ഷം രൂപ ഡിവിഡന്റ് നൽകേണ്ട സാഹചര്യം സംജാതമാകും. ഇപ്രകാരമുള്ള ഒരു പരിശോധനയിൽ വ്യക്തമാകുന്ന കാര്യം, 1969 ലെ സഹകരണ നിയമത്തിലെ വകുപ്പ് 22(1), 56(2) (എ) എന്നീ വ്യവസ്ഥകൾ കാലാനുസൃതമായി ശാസ്ത്രീയമായി ഭേദഗതി ചെയ്യണമെന്നാണ്. ഒരു സംഘം ഭരണസമിതിക്ക് ലാഭവിഭജനം സംബന്ധിച്ച് ഭാവനാപൂർവമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. ജനറൽ ഫണ്ട് വിനിയോഗം പരമാവധി കുറച്ച് ലാഭത്തിൽ നിന്നും ഫണ്ടുകൾ സൃഷ്ടിച്ച് ആസ്തി സ്വരൂപീകരണം നടത്താനുള്ള അവസരമായി ലാഭവിഭജനത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വസ്തു വാങ്ങാനുദ്ദേശിക്കുന്ന സംഘങ്ങൾക്ക്, ലാന്റ് ഫണ്ടിലേക്ക് വക മാറ്റാവുന്നതാണ്. ഇപ്രകാരം കെട്ടിടഫണ്ടും വാഹന ഫണ്ടുമെല്ലാം രൂപീകരിക്കുകയും വകമാറ്റുകയും ചെയ്താൽ ജനറൽ ഫണ്ട് വിനിയോഗം പരിമിതപ്പെടുത്തി സുരക്ഷിതമായി ലാഭവിഭജനം നടത്താൻ കഴിയും. ആസ്തി സ്വരൂപീകരണത്തിനോ ക്ഷേമപദ്ധതികൾക്കോ വേണ്ടി ഫണ്ടുകൾ രൂപീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഒരു സഹകരണ സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അനുഗുണമായത് എന്ന് കാണാൻ കഴിയും. മുതിർന്ന സഹകാരികൾക്ക് പെൻഷൻ നൽകാനും സഹകാരികൾക്ക് ചികിത്സാ സഹായത്തിനും മറ്റും വേണ്ടി ഇപ്രകാരം ലാഭവിഭജനം വഴി ഫണ്ട് സ്വരൂപിക്കാൻ കഴിയും. ഈ കാഴ്ചപ്പാടിൽ വേണം ഭരണസമിതി പൊതുയോഗം മുമ്പാകെ ലാഭവിഭജന നിർദേശം വയ്ക്കേണ്ടത്. ജനറൽ ഫണ്ടിൽ നിന്നും തുക ചെലവഴിക്കണമെങ്കിൽ സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍ അനുവാദം ആവശ്യമാണ്. എന്നാൽ കൃത്യമായ ബൈലോ വ്യവസ്ഥ പ്രകാരം ലാഭത്തിൽ നിന്നും ഫണ്ടുകൾ രൂപീകരിച്ചാൽ കൂടുതൽ സ്വാതന്ത്യ്രത്തോടെ അതാത് ഭരണസമിതികൾക്ക് തുക ചെലവഴിക്കാൻ കഴിയും. ഓരോ സഹകരണ സംഘവും ഇന്ന് അതിലെ അംഗങ്ങളുടെയും അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും സാമൂഹിക സാമ്പത്തിക പ്രക്രിയയിൽ സുപ്രധാന സ്ഥാനം വഹിക്കുമ്പോൾ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും ലാഭവിഭജനവും കൃത്യമായ ശാസ്ത്രീയ കാഴ്ചപ്പാടോടെ നിർവഹിക്കപ്പെടേണ്ടതിന്റെ ആവശ്യകത കൂടുതൽ വ്യക്തമാവുകയാണ്.

(എറണാകുളം മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.