24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 14, 2024
November 11, 2024
November 3, 2024
November 1, 2024
October 17, 2024
October 5, 2024
September 23, 2024
August 17, 2024
August 16, 2024

സുഖദര്‍ശനം സുരക്ഷിത തീര്‍ത്ഥാടനം; ശബരിമല മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
November 6, 2021 11:46 am

ശബരിമലയില്‍ മണ്ഡല ‑മകര വിളക്ക് ഉത്സവം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ‚ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ മുന്നൊരുക്കങ്ങളുമായി രംഗത്ത്. സുഖദര്‍ശനം ‚സുരക്ഷിത തീര്‍ത്ഥാടനം ലക്ഷ്യമാക്കികൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നത്.വൃശ്ചികമാസം പിറന്ന് ശബരീശദര്‍ശനത്തിനായ് എത്തുന്ന ഭകരുടെക്ഷേമമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിവിധ ഇടത്താവളങ്ങളിലും അതിനായി സജ്ജമാക്കുകകയാണ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അതും കൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കോവിഡും മറ്റ് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും 3 മാസത്തിനുള്ളില്‍ കോവിഡ് വന്നവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണം.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായി സ്ഥാപിക്കും. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാരുടെ സേവനം 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നുവെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണ്.
സന്നിധാനം, പമ്പ, നില‌യ്‌ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സിഎച്ച്സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്‌തിട്ടുണ്ട്. കാസ്‌പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് എംപാനല്‍ ചെയ്‌ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. വിവിധ ജില്ലകളില്‍ നിന്നും ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായി ഇവിടെ വിന്യസിക്കും. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പര്‍മണോളജി, സര്‍ജറി, അനസ്‌തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍, നോഡല്‍ ഓഫീസര്‍, ഒരു അസി. നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും.

കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. ഇതിനായി പൊതുമരാമത്ത് — ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി ഡബ്ല്യുഡി മിഷന്‍ ടീം യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ എ എസിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചത്. മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ നേരിട്ട് എത്തി വിലയിരുത്തും. കാലവര്‍ഷം നിലവിലുള്ള ശബരിമല റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. പരിശോധനക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുവാനും മന്ത്രി ഉന്നതതല സംഘത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ നാളെ പത്തനംതിട്ടയില്‍ പൊതുമരാമത്ത് — ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എം എല്‍ എ മാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടര്‍മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങള്‍ യോഗം കൈക്കൊള്ളും.
ലഹരി ഉൽപന്നങ്ങളുടെഉൽപാദനവും വിതരണവും ഉപഭോഗവും തടയുന്നതിന്‌ എക്‌സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.നവംബര്‍ 12 മുതല്‍ നിലയ്‌ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ താൽകാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉത്തരവിറക്കി കഴിഞ്ഞു. ഉത്സവകാലത്ത് മദ്യവും മയക്കുമരുന്നും പുകയില ഉൽപന്നങ്ങളും നിര്‍മിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനായി വിവിധ ജില്ലകളില്‍ നിന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെ‌ക്‌ടര്‍മാരെ പുതിയ റേഞ്ചുകളിലേക്ക് വിന്യസിക്കും. അവര്‍ക്കായിരിക്കും താല്‍ക്കാലിക റേഞ്ചുകളുടെ ചുമതലപത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് മൂന്ന് റേഞ്ചുകളുടെ മേല്‍നോട്ട ചുമതലയും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് റേഞ്ചുകളുടെ മൊത്തം ചുമതലയും നല്‍കിയിട്ടുണ്ട്‌. മൂന്ന് റേഞ്ചുകളെയും സെക്‌ടറുകളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പമ്പ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറെ ഈ ക്രമീകരണങ്ങളുടെയെല്ലാം പൂര്‍ണ മേല്‍നോട്ടം വഹിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.മണ്ഡല മകരവിളക്ക് സുരക്ഷ ക്രമീകരണ പുരോഗതി കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിലയിരുത്തി. കാനനപാത യാത്രാനുമതി ഇക്കുറിയും ഉണ്ടാകില്ല. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ ഒറ്റവരിയായി ഗതാഗതം നിയന്ത്രിക്കും. ലീഗൽ മെട്രോളജി, ജില്ലാ സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണനിലവാരം, വില, തൂക്കം എന്നിവ പരിശോധിക്കും. അപായ സൂചനാ ബോർഡുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കും. തീർഥാടകരെ സഹായിക്കാൻ പൊലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിക്കും. പീരുമേട് താലൂക്ക് ഓഫീസിലും മഞ്ചുമല വില്ലേജ് ഓഫീസിലും കൺട്രോൾ റൂമുകൾ തുറക്കും. മണ്ഡല മകരവിളക്കിനോട്‌ അനുബന്ധിച്ച് ഏറ്റെടുക്കുന്ന സർക്കാർ വാഹനത്തിൽ ഡ്യൂട്ടി ബോർഡ് ഉണ്ടായിരിക്കണം. താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾ തദ്ദേശ സ്ഥാപനത്തിൽനിന്ന് രജിസ്ട്രേഷൻ എടുക്കണം. അപകട മുന്നറിയിപ്പ് ദിശാ ബോർഡുകളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ അറിയിപ്പ് രേഖപ്പെടുത്തണം. രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കലക്ടർ ഡിഎംഒയോട് ആവശ്യപ്പെട്ടു. വിശ്രമകേന്ദ്രം, ശുചിമുറി എന്നിവ തദ്ദേശ സ്ഥാപനം സജ്ജീകരിക്കണം. കുടിവെള്ള സൗകര്യം ജല അതോറിറ്റി ഒരുക്കും. ആരോഗ്യവകുപ്പ് വൈദ്യസഹായം നൽകും. പീരുമേട് തഹസിൽദാർക്ക്‌ ഏകോപന ചുമതലയും യോഗത്തിൽ നൽകി.

Eng­lish Sum­ma­ry: Safe Pil­grim­age; State Gov­ern­ment with prepa­ra­tions for Sabarimala

You may like this video also

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.