23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

കോടികള്‍ ഒഴുക്കി: എന്നിട്ടും ബിജെപിക്ക് ലഭിച്ചത് പരാജയം മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2021 11:08 pm

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വാരിക്കോരി പണം ചെലവഴിച്ചിട്ടും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നുവെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കുകള്‍ തുറന്നുകാട്ടുന്നു. കേരളത്തില്‍ മാത്രം 29.24 കോടി രൂപ ചെലവിട്ടതായും കണക്കുകള്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപി കൈമാറ്റം ചെയ്തതും കവര്‍ന്നെടുക്കപ്പെട്ടതുമായ കള്ളപ്പണത്തിനുപുറമെയാണ് ഔദ്യോഗികമായി സമര്‍പ്പിക്കപ്പെട്ട കണക്കിലെ കോടികള്‍. തമിഴ്‌നാട്ടിൽ 22.97 കോടി രൂപയും ബിജെപി ചെലവിട്ടു.

പണം വാരിവിതറിയിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. തമിഴ്‌നാട്ടില്‍ വെറും 2.6 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാൾ, കേരളം എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലായി 252 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ബിജെപി ഇതില്‍ 60 ശതമാനം പണവും ഉപയോഗപ്പെടുത്തിയത്. 151 കോടി രൂപ. എന്നാല്‍ ബംഗാളിലും അധികാരം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. അതേസമയം, തൃണമൂൽ 154.28 കോടിയും ചെലവഴിച്ചു.

43.81 കോടി അസമിലും 4.79 കോടി പുതുച്ചേരിയിലും ചെലവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ ബിജെപി പറയുന്നു. അതേസമയം കേരളവും ബംഗാളുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കണക്കില്‍പ്പെടാത്ത രീതിയില്‍ ശതകോടികളും ബിജെപി ഒഴുക്കിയിട്ടുണ്ടെന്ന് സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ കേരളത്തിലേക്കെത്തിയ മൂന്നുകോടിയിലേറെ രൂപ പാര്‍ട്ടി നേതാക്കളുടെ അറിവോടെ കൊടകരയില്‍വച്ച് കവര്‍ന്നെടുത്ത സംഭവവുമുണ്ടായിരുന്നു.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് 55 ശതമാനം സംഭാവനയും അജ്ഞാത സ്രോതസുകളില്‍ നിന്ന്

 

ന്യൂഡല്‍ഹി: 2019–20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ 25 പ്രാദേശിക പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച തുകയുടെ 55 ശതമാനവും (445.774 കോടി) അജ്ഞാത സ്രോതസുകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. 95.61 ശതമാനം സംഭാവനകളും (426.233 കോടി) ലഭിച്ചത് ഇലക്ടറല്‍ ബോണ്ട് വഴിയാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്( എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 4.976 കോടി സ്വമേധയാ ഉള്ള സംഭാവനകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അജ്ഞാത സ്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 70.98 ശതമാനമാണ്. നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 വരെ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. 2018–19 സാമ്പത്തിക വര്‍ഷത്തില്‍ 23 പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനം 88.956 കോടി രൂപയായിരുന്നു. അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള വരുമാനം 481.27 കോടി (54.32 ശതമാനം) ആയിരുന്നു. ഒരു വര്‍ഷംകൊണ്ട് അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള വരുമാനത്തില്‍ 1.18 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. തെലങ്കാന രാഷ്ട്ര സമിതി, തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയവയാണ് കൂടുതല്‍ സംഭാവന ലഭിച്ച പാര്‍ട്ടികള്‍. യഥാക്രമം 89.15, 81.69, 74.75, 45.5 കോടി വീതമാണ് ഇവര്‍ക്ക് അജ്ഞാത സ്രോതസുകളിലൂടെ ലഭിച്ച സംഭാവന. ആം ആദ്മി പാര്‍ട്ടി, യൂണിയന്‍ മുസ്‌ലിം ലീഗ്, ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവര്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ ലഭ്യമാണെങ്കിലും കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ബിജെപിക്ക് 2,642 കോടി

അജ്ഞാത സ്രോതസുകളില്‍ നിന്ന് ബിജെപിക്ക് ലഭിച്ച സംഭാവന 2,642 കോടിയാണ്. ഇത് മറ്റ് ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ സംഭാവനയുടെ (734.78 കോടി) നാലിരട്ടിയോളം വരും. ബിജെപിക്കു ലഭിച്ച 75 ശതമാനം സംഭാവനയും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ളതാണ്. കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ടുകളിലൂടെ ലഭിച്ചത് ഏഴുശതമാനം സംഭാവനയാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവനകള്‍ നല്‍കുന്നത് സുതാര്യത ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിഷയത്തില്‍ എഡിആര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

 

Eng­lish Sum­ma­ry: Crores flowed: Yet the BJP got only defeat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.