20 September 2024, Friday
KSFE Galaxy Chits Banner 2

കായല്‍ യാത്രയ്ക്ക് കൂടുതൽ സോളാർ ബോട്ടുകള്‍

ഡാലിയ ജേക്കബ്
ആലപ്പുഴ
November 14, 2021 9:02 pm

ഇന്ധന ലാഭം, മലിനീകരണം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൂടുതൽ സോളാർ ബോട്ടുകളുമായി ജലഗതാഗത വകുപ്പ്. സൗരോർജ്ജ ഫെറിയായ ആദിത്യ ഹിറ്റായതോടെയാണ് കൂടുതൽ ബോട്ടുകളിറക്കാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി ജലഗതാഗതവകുപ്പിന്റെ സൗരോർജ ക്രൂയിസ് ഡിസംബറോടെ സർവീസ് ആരംഭിക്കും. 

എറണാകുളത്ത് നിന്നായിരിക്കും ആദ്യത്തെ സർവ്വീസ്.കൂടാതെ നാല് സോളാർ ബോട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൂറിസ്റ്റുകളെയും ലക്ഷ്യം വച്ചാണ് ബോട്ടുകൾ ഇറക്കുന്നത്. ആദിത്യയെക്കാൾ കുറച്ച് കൂടി മെച്ചപ്പെട്ട രീതിയിലാണ് പുതിയ മോഡലുകൾ നിർമ്മിക്കുന്നത്. 50 കിലോവാട്ട് പവർ ആണ് ആദിത്യയുടെ കരുതൽ ഊർജ്ജം. 80 കിലോ വാട്ടിലാണ് പുതിയ മോഡലുകൾ. 75 പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ജനയുഗത്തോട് പറഞ്ഞു. 

വൈക്കം-തവണക്കടവ് റൂട്ടിൽ മൂന്നര കിലോമീറ്ററിലാണ് ആദിത്യ സർവീസ് നടത്തുന്നത്. നാലുവർഷവും 11 മാസവും കൊണ്ട് 96,000 കിലോമീറ്റർ സഞ്ചരിച്ചു. 15 ലക്ഷം പേർ യാത്ര ചെയ്തു. 1.5 ലക്ഷം ലിറ്റർ ഡീസൽ ലാഭമുണ്ടായി. 22 ട്രിപ്പുകൾക്കായി ആദിത്യ ഒരു ദിവസം ചെലവാകുന്നത് 500 ൽ താഴെ രൂപയാണ്. 2017 ജനുവരി 12 നായിരുന്നു ഉദ്ഘാടനം. രണ്ടു കോടി രൂപയായിരുന്നു നിർമ്മാണ ചിലവ്. ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം വിദേശ രാജ്യങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. 

സോളാർ ക്രൂയിസ് ബോട്ടിന് രണ്ടു നിലകളുണ്ടായിരിക്കും. താഴത്തെ നിലയിലെ മുറികൾ ശീതീകരിച്ചതായിരിക്കും. മുകളിലത്തെ നില തുറന്ന രീതിയിലും. ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാം. പ്രത്യേക രീതിയിലുള്ള സീറ്റ് ക്രമീകരണങ്ങളായിരിക്കും ബോട്ടിനുള്ളിൽ. ഫുഡ് കോർണർ, കോൺഫറൻസ് ഹാൾ എന്നിവയും പാർട്ടികൾ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും. രണ്ട് സോളാർ ഫെറിക്കുകൂടിയും ഭരണാനുമതിയായിട്ടുണ്ട്. ചെറിയ ബോട്ടുകൾ തുടങ്ങാനും പദ്ധതിയുണ്ട്. 30 പേർക്ക് യാത്ര ചെയ്യാവുന്നവയാണ് ഇറക്കുന്നത്. റോൾ ഓൺ റോൾ ഓഫ് സർവീസും ( റോ റോ) ഉടൻ തുടങ്ങും. ജങ്കാർപോലെ യാത്രക്കാർക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന രാജ്യത്തെ ആദ്യ സൗരോർജ്ജ റോ റോ സർവ്വീസ് ആണ് ആരംഭിക്കുന്നത്. 

Eng­lish Sum­ma­ry : more solar boats for back­wa­ter cruises

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.