20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 18, 2024
September 18, 2024
September 17, 2024

സൈനിക പിന്മാറ്റത്തിന് ഇന്ത്യ‑ചൈന ധാരണ

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2021 10:41 pm

നിയന്ത്രണ രേഖയിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്നുള്ള ഇരു രാജ്യങ്ങളുടെയും പൂര്‍ണ സൈനിക പിന്മാറ്റത്തില്‍ ഉടന്‍ ധാരണയിലെത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. ഇനി നടക്കുന്ന ഉന്നത സൈനിക തല ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനത്തിലെത്താന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി. വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ- ചൈന ബോര്‍ഡര്‍ അഫയേഴ്സിന്റെ 23-ാമത് യോഗത്തിലാണ് പുതിയ തീരുമാനം. സൈനികതല ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ മാസം 10ന് നടന്ന 13-ാമത് സൈനികതല ചര്‍ച്ചയും സൈനിക പിന്മാറ്റം സംബന്ധിച്ച് ധാരണയെത്താതെയാണ് അവസാനിച്ചത്. യോഗത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം പഴി ചാരുകയായിരുന്നു. ഇന്ത്യന്‍ സൈനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ചൈന തയാറായില്ലെന്നാണ് അന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

അരുണാചലില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം ;

അരുണാചൽപ്രദേശിൽ ചൈനയുടെ കടന്നുകയറ്റം തെളിയിക്കുന്ന കൂടുതൽ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. രണ്ടാമതൊരു കോളനി കൂടി ചൈന അരുണാചലിൽ നിർമ്മിച്ചുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് എന്‍ഡിടിവി പുറത്തുവിട്ടത്. യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കും അന്താരാഷ്ട്ര അതിർത്തിക്കും ഇടയിലുള്ള മേഖലയിൽ ഏകദേശം ആറു കിലോമീറ്റർ ഉള്ളിലാണ് ചൈനയുടെ രണ്ടാമത്തെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഇന്ത്യയുടേതാണെന്ന് കാലാകാലങ്ങളായി അവകാശവാദം നിലനില്‍ക്കുന്നതുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മാപ്പ് സര്‍വീസായ ഭാരത് മാപ്പിലും ഈ പ്രദേശം ഇന്ത്യയുടേതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും ഈ ‘എൻക്ലേവി‘ൽ ഉണ്ടെന്ന് ചിത്രങ്ങളിൽ നിന്നും കണ്ടെത്താം.
അരുണാചൽ പ്രദേശില്‍ ചൈന നിർമ്മിച്ച ആദ്യത്തെ ഗ്രാമത്തിൽ നിന്ന് 93 കിലോമീറ്റർ കിഴക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 2019ലെ ഉപഗ്രഹ ചിത്രങ്ങളിൽ ഈ കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. മാക്സര്‍ ടെക്നോളജീസ് പകര്‍ത്തിയ രണ്ട് കാലത്തെയും ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് എന്‍ഡിടിവി റിപ്പോർട്ട്. ഈ മേഖലയിൽ വർഷങ്ങളായി ചൈനയ്‌ക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തോടെ ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ഒരു ആധുനിക ഗ്രാമം തന്നെ സൃഷ്ടിക്കുകയായിരുന്നു.

അരുണാചൽ പ്രദേശിൽ ചൈന 101 ഓളം വീടുകളടങ്ങിയ ഗ്രാമം നിർമ്മിച്ചതായി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായി അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്തായിരുന്നു ഈ നിര്‍മ്മാണങ്ങള്‍. ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി യുഎസിന്റെ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ അതിര്‍ത്തി സംരക്ഷണത്തിലെ വീഴ്ചകള്‍ മോഡി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഭരണ, സൈനിക നേതൃത്വങ്ങളില്‍ ആശയക്കുഴപ്പം തുടരുകയാണ്. അതേസമയം അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം അരുണാചൽപ്രദേശ് സർക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രകോപനത്തിന് ശ്രമിക്കരുത്: ഇന്ത്യ

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയും കയ്യേറാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന കൂടുതൽ സ്ഥലങ്ങൾ കയ്യേറിയതിന്റെ തെളിവുകൾ പുറത്തുവന്ന സഹചര്യത്തിലായിരുന്നു പ്രതികരണം. ഇന്ത്യയെ പ്രകോപിപ്പിച്ചാൽ തക്ക മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.

ദോക്‌ലാമില്‍ നാല് ഗ്രാമങ്ങള്‍;

സിക്കിം അതിര്‍ത്തിയില്‍ ദോക്‌ലാമില്‍ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായി ഉപഗ്രഹ ചിത്രങ്ങള്‍. ഇവിടെയും കഴിഞ്ഞവര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവെന്നാണ് കരുതപ്പെടുന്നത്. 2017 ല്‍ ഇന്ത്യ- ചൈന ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപം ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത് സേനാ വിന്യാസമെന്ന ലക്ഷ്യത്തോടെയാകാമെന്നും വിലയിരുത്തപ്പെടുന്നു.
eng­lish summary;India-China agree­ment on mil­i­tary withdrawal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.