23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 11, 2024
November 15, 2024
October 25, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024

രാജകുമാരി തട്ടിക്കൊണ്ടുപോയതിന് ഉത്തരവാദി മോഡി: ക്രിസ്റ്റ്യന്‍ മിഷേൽ

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2021 10:20 pm

മനുഷ്യാവകാശ ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കേസെടുക്കണമെന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസിലെ പ്രതിയായ ബ്രിട്ടീഷ് പൗരന്റെ ആവശ്യം. തിഹാര്‍ ജയിലില്‍ മൂന്ന് വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേലാണ് ഈ ആവശ്യമുന്നയിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ രാജകുമാരി ലത്വീഫീയയെ തട്ടിക്കൊണ്ടുപോയതിന് മോഡിയാണ് ഉത്തരവാദിയെന്നും ഇവരെ തിരിച്ചുകിട്ടുന്നതിനുവേണ്ടിയാണ് തന്നെ ഇന്ത്യയ്ക്ക് കൈമാറിയതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് അയച്ച കത്തില്‍ ക്രിസ്റ്റ്യന്‍ ആരോപിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും അഹമ്മദ് പട്ടേലിനുമെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്താന്‍ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ദുബൈയില്‍ വച്ച് തന്നെ നിര്‍ബന്ധിച്ചുവെന്നും മിഷേല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് നിരസിച്ചാല്‍ ഇന്ത്യയിലേക്ക് കൊണ്ടുപോയി ദീര്‍ഘകാലം ജയിലിലടയ്ക്കുമെന്നും ജാമ്യം കിട്ടിയാലും ഇന്ത്യയില്‍ നിന്ന് 20 വര്‍ഷക്കാലം പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നും തന്നോട് പറഞ്ഞിരുന്നതായും മിഷേല്‍ കത്തില്‍ വ്യക്തമാക്കുന്നു. 2018 മെയ് മാസത്തില്‍ ദുബൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഞ്ച് യുഎഇ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 2018ലാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. ഇത് ദുബൈ ഭരണാധികാരിയുടെ മകളെ കൈമാറുന്നതിനായുള്ള ഒരു ഒത്തുതീര്‍പ്പാണെന്ന് മിഷേലിന്റെ അഭിഭാഷകര്‍ നേരത്തെ വാദിച്ചിരുന്നു.

ബ്രിട്ടന്റെ വിദേശമന്ത്രാലയത്തിലെ ഒരു മുന്‍ ഉദ്യോഗസ്ഥനായ തന്റെ സുഹൃത്ത് 2018 ഏപ്രില്‍ മാസത്തില്‍ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും മിഷേല്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ മറൈന്‍ കമാന്‍ഡോകളും യുഎഇ സൈനികരും ചേര്‍ന്ന് 2018 മാര്‍ച്ച് നാലിന് തട്ടിക്കൊണ്ടുപോയ ലത്വീഫീയ രാജകുമാരിയ്ക്ക് പകരമായാണ് മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ പോകുന്നതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയതായാണ് മിഷേല്‍ കത്തി­ല്‍ അവകാശപ്പെടുന്നത്. ഏഴ് ദിവസം മുമ്പ് ദുബൈയില്‍ നിന്ന് രക്ഷപ്പെട്ട തന്റെ മകളെ പിടികൂടണമെന്ന് യുഎഇ പ്രധാനമന്ത്രി മോഡിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ലത്വീഫിയ രാജകുമാരിയെ കടത്തിക്കൊണ്ടുപോയതെന്നും ഇതിന് ശേഷം മോഡി മിഷേലിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നുമാണ് കത്തിലെ ആരോപണം. ഇത്രയും വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും തനിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ വിശ്വാസമായിരുന്നില്ല.

എന്നാല്‍ പിന്നീട് 2018 മെയ് മാസത്തിലാണ് യുഎഇ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാകേഷ് അസ്താനയുമായുള്ള കൂടിക്കാഴ്ചയ്ക്കായി തന്നെ വിളിപ്പിച്ചത്. അവര്‍ പറയുന്നതുപോലെ സമ്മതിച്ച് സാക്ഷിയായി ഒപ്പിട്ടുനല്‍കിയാല്‍ രക്ഷപ്പെടാമെന്നും അല്ലെങ്കില്‍ ഒരു നിയമവും രക്ഷിക്കാനുണ്ടാകില്ലെന്നും രാകേഷ് അസ്താന പറഞ്ഞിരുന്നു. താന്‍ വിസമ്മതിച്ചതോടെ ജൂണ്‍ 14ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മിഷേല്‍ കത്തില്‍ വ്യക്തമാക്കുന്നു. നിരായുധയായ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മോഡി ഒരു പടയെ അയച്ചത് എന്തിനായിരുന്നുവെന്ന ചോദ്യം കത്തില്‍ മിഷേല്‍ ഉന്നയിക്കുന്നു. അന്തര്‍ദേശീയ നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് ഇവിടെ നടന്നതെന്നും മിഷേല്‍ കുറ്റപ്പെടുത്തുന്നു.

ENGLISH SUMMARY:Modi respon­si­ble for kid­nap­ping princess
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.