30 April 2024, Tuesday

Related news

August 29, 2023
August 3, 2023
August 1, 2023
July 31, 2023
July 30, 2023
June 7, 2023
June 4, 2023
May 17, 2023
May 17, 2023
April 23, 2023

യാത്രക്കാരെ പിഴിയാന്‍ കരിപ്പൂര്‍ പദ്ധതി

കെ രംഗനാഥ്
തിരുവനന്തപുരം
November 26, 2021 10:18 pm

ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന വിമാനത്താവളങ്ങളിലൊന്നായ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിവിധയിനങ്ങളിലായി യാത്രക്കാരെ പിഴിഞ്ഞ് കൂടുതല്‍ വരുമാനമുണ്ടാക്കുവാന്‍ പദ്ധതി. അടുത്ത മേയ് 1 മുതല്‍ 1778 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാനുള്ള പദ്ധതിയാണ് നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ളത്.
യാത്രക്കാരില്‍ നിന്നും കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതിയുടെ രൂപരേഖയ്ക്ക് ഒക്ടോബറില്‍ ചേര്‍ന്ന അതോറിറ്റി യോഗമാണ് അന്തിമരൂപം നല്കിയത്. എന്നാല്‍ ഈ യോഗത്തില്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് ഇക്കഴിഞ്ഞ നവംബര്‍ 8ലെ ഇതു സംബന്ധിച്ച ഫയലില്‍ നിന്നു വ്യക്തം. എഎഐ/ജെയുആര്‍/കാലിക്കറ്റ്/താരിഫ് 2021 നമ്പരുള്ള പ്രസ്തുത ഫയലിലെ മിനിട്സില്‍ കേരളത്തിന്റെ അഭിപ്രായം തേടിയെന്നോ രേഖപ്പെടുത്തിയെന്നോ പറയുന്നുമില്ല. 

കൂടുതല്‍ ലാഭകരമാക്കിയാല്‍ വിമാനത്താവളം ഏറ്റെടുക്കാമെന്ന് അഡാനിയും ടാറ്റയും അറിയിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ പിഴിഞ്ഞ് കൊള്ളലാഭത്തിനുള്ള പദ്ധതിക്ക് നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി രൂപം നല്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് പ്രയാസങ്ങള്‍ നീങ്ങി പ്രവാസികളുടെ ഗള്‍ഫിലേയ്ക്കും മറ്റു വിദേശ രാജ്യങ്ങളിലേയ്ക്കുമുള്ള യാത്ര ഉഷാറായതിനിടെയാണ് കൊള്ളയ്ക്കു കളമൊരുക്കിയതെന്നും ശ്രദ്ധേയം. ഇതനുസരിച്ച് എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മള്‍ട്ടി ഇയര്‍ താരിഫ് പ്രൊപ്പോസല്‍ പ്രകാരം കേരളമടക്കമുള്ള പല വിമാനത്താവളങ്ങളിലേയും യൂസര്‍ ‍ഫീ, ലാന്‍ഡിങ് ഫീ, പാര്‍ക്കിങ് ഫീ തുടങ്ങിയവ 50 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് നീക്കം. കരിപ്പൂര്‍ അടക്കം പല വിമാനത്താവളങ്ങളും മെയ്, ജൂണ്‍ മാസങ്ങളോടെ സ്വകാര്യവല്ക്കരിക്കുമെന്നാണ് ഇതു നല്കുന്ന ശക്തമായ സൂചന. ഈ വര്‍ധനയ്ക്ക് ഒരു ഏകീകൃത സ്വഭാവവുമില്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നും 475 രൂപയും ആഭ്യന്തര യാത്രികരില്‍ നിന്ന് 212 രൂപയുമാണ് യൂസര്‍ ഫീ ആയി ഈടാക്കുക. നെടുമ്പാശേരിയില്‍ 12.52 ശതമാനം നിക്ഷേപത്തിന്റെ ലാഭവരുമാനമായി പിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം.

കരിപ്പൂരിലാകട്ടെ അന്താരാഷ്ട്ര യാത്രികരില്‍ നിന്നും 1300 രൂപയും ആഭ്യന്തര യാത്രക്കാരില്‍ നിന്നും 476 രൂപയും യൂസര്‍ ഫീയായി ടിക്കറ്റിനൊപ്പം ഈടാക്കാനാണ് നിര്‍ദ്ദേശം. ഓരോ വര്‍ഷം കഴിയുന്തോറും ഈ തുകയില്‍ 4 ശതമാനം വര്‍ധനവ് വരുത്തും. 2026 വരെ ഈ നിരക്കുവര്‍ധന തുടരും. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം തേടിയിട്ടില്ലെങ്കിലും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈ പദ്ധതിയെ എതിര്‍ത്തിട്ടുണ്ടെന്നും ഒക്ടോബറിലും നവംബറിലും ചേര്‍ന്ന നാഷണല്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയുടേയും എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടേയും യോഗങ്ങളുടെ മിനിട്സ് വെളിവാക്കുന്നു. ഇപ്പോള്‍തന്നെ 29 ശതമാനം ലാഭം കൈവരിക്കുന്ന വിമാനത്താവളത്തിലാണ് യാത്രികരെ പിഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതി. 

ENGLISH SUMMARY:Karipur project to lure passengers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.