മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ലെവലിൽ. ഇന്നലെ 141.85 അടിയായി ഡാമിലെ ജലനിരപ്പ് ഉയർന്നു. അടുത്ത ദിവസങ്ങളിൽ ഇടുക്കിയിൽ ഉൾപ്പെടെ യെല്ലോ അലർട്ട് നിലനിൽക്കുന്നതും നേരിയ മഴ പോലും ഡാമിലെ അനുവദനീയമായ (142 അടി) ജലനിരപ്പ് മറികടക്കാനുള്ള സാധ്യതയും മുന്നിൽക്കണ്ട് തമിഴ്‌നാട് ഇന്നലെ രാത്രി ഏഴ് മണിയോടെ ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് പുനരാരംഭിച്ചു. സെക്കന്റിൽ 1867 ഘനയടി വെള്ളമാണ് നിലവിൽ കൊണ്ടുപോകുന്നത്. സ്പിൽവേയിലെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ ശരാശരി 140. 66 ഘനയടി ജലം വരെ പുറത്തേക്ക് ഒഴുക്കുന്നുമുണ്ട്.
ഈ മാസം 30 വരെ മുല്ലപ്പെരിയാറിലെ പരമാവധി സംഭരണശേഷിയായ 142 അടിയായി ജലനിരപ്പ് നിലനിർത്താനായിരുന്നു തമിഴ്‌നാടിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോയിരുന്നത് നിർത്തിയിരുന്നു. ഇതിനിടെയാണ് ഡാമിലെ ജലനിരപ്പ് വൈകിട്ട് ഏഴ് മണിയോടെ 142.85 അടിയിലേക്ക് ഉയർന്നത്. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ മാറി നിന്നെങ്കിലും നീരൊഴുക്ക് സെക്കന്റിൽ ശരാശരി 1779.11 ഘനയടിയായി തുടരുകയാണ്.
ഡാമിലെ ജലനിരപ്പ് അനുവദനീയമായ അളവിലേക്ക് അടുത്തതോടെ വീണ്ടും ഷട്ടർ ഉയർത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുള്ളതായി പീരുമേട് തഹസീൽദാർ കെ എസ് വിജയലാൽ ജനയുഗത്തോട് പറഞ്ഞു. പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 5000 ഘനയടി ജലം വരെ തമിഴ്‌നാട് തുറന്ന് വിടുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഭയാശങ്കകൾക്ക് അടിസ്ഥാനമുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡാം തുറക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ കൈമാറുന്നതിൽ തമിഴ്‌നാട് നേരത്തെ വീഴ്ച വരുത്തിയിരുന്ന സാഹചര്യം ഇടുക്കി ജില്ലാ കളക്ടർ ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്.
ഇടുക്കി ഡാമിൽ നിലവിൽ ജലനിരപ്പ് 2400. 64 അടിയാണ്. ഇത് ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 97.18 ശതമാനം വരും.
english summary;Mullaperiyar to 142 feet
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.