22 December 2024, Sunday
KSFE Galaxy Chits Banner 2

സഹകരണമേഖലയ്ക്കുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കണം

കെ ജി ശിവാനന്ദൻ
November 30, 2021 5:37 am

രാജ്യത്തിന്റെ പുരോഗതിയിൽ സുപ്രധാനപങ്ക് വഹിക്കുന്ന മേഖലയാണ് സഹകരണപ്രസ്ഥാനം. നവലിബറൽ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ അതിവേഗതയിൽ വളർന്നുവന്ന കോർപറേറ്റ് മേഖലയ്ക്കുവേണ്ടി പൊതുമേഖലയെയും സഹകരണമേഖലയെയും ക്ഷീണിപ്പിക്കുന്ന നിയമങ്ങൾ നിർമ്മിക്കുന്നതിൽ തിരക്കുക്കൂട്ടുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനാതത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് നിയമങ്ങൾ നിർമ്മിക്കുന്നതും നടപ്പിലാക്കുന്നതും. കേന്ദ്രഏജൻസികളെയും ഭരണഘടനാസ്ഥാപനങ്ങളെയും സർക്കാർ ഇതിനായി ഉപയോഗിക്കുന്നു.

2021 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്നവിധം ഒരു ഉത്തരവ് കേന്ദ്രധനമന്ത്രാലയം പുറപ്പെടുവിക്കുകയുണ്ടായിരുന്നു. 1949ലെ ബാങ്കിങ് റഗുലേഷൻ ആക്ടിൽ ഏറ്റവും ഒടുവിൽ കൊണ്ടുവന്ന് പാസാക്കിയ ദേഭഗതി നിയമമാണ് കേന്ദ്രസർക്കാർ ഉത്തരവിന്റെ ആണിക്കല്ല്. റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാത്ത സഹകരണസംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും, സഹകരണ സംഘത്തിന്റെ പേരിനൊപ്പം ‘ബാങ്ക്’ എന്ന നാമകരണം പാടില്ലെന്നുമാണ് ഉത്തരവിന്റെ ഉള്ളടക്കം.

കേന്ദ്രസർക്കാർ ഉത്തരവിന്റെ ചുവടുപിടിച്ച് ഇപ്പോൾ, റിസർവ് ബാങ്കും രംഗത്ത് വന്നിരിക്കുന്നു. ഇതിനെ പിൻതുടർന്നാണ് റിസർവ് ബാങ്ക് 2021 നവംബർ 22 ന് ഇറക്കിയ സർക്കുലർ, മുന്നറിയിപ്പ് എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2020 സെപ്തംബർ 29 ന് നടപ്പിൽ വന്ന ബാങ്കിങ് നിയന്ത്രണനിയമഭേദഗതിയെ സൂചിപ്പിച്ചുകൊണ്ടാണ് സഹകരണ സംഘങ്ങളോട് ‘ബാങ്ക്’ എന്ന പദപ്രയോഗം നടത്തരുതെന്നും ബാങ്കിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ‘ബാങ്ക്’ എന്ന പേരോടുകൂടി നിരവധി സഹകരണസംഘങ്ങൾ പ്രവർത്തിക്കുന്നത് ആർബിഐയുടെ ശ്രദ്ധയിലുണ്ട്. ഇതിൽ ആർബിഐ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബിആർ ആക്ടിന്റെ സെക്ഷൻ ഏഴ് പ്രകാരം അതിൽ നിന്നുള്ള വ്യതിചലനമാണിതെന്ന വാദമാണ് ആർബിഐ ഉയർത്തുന്നത്.


ഇതുകൂടി വായിക്കൂ : സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട


1976 മുതൽ കേരളത്തിലെ പ്രാഥമിക കാർഷിക സഹകരണസ്ഥാപനങ്ങൾ ‘ബാങ്ക്’ എന്ന പേരിലാണ് പ്രവർത്തിച്ചുവരുന്നത്. അങ്ങിനെയുള്ള 1625 സഹകരണ ബാങ്കുകൾക്കുപുറമെ 15000 ത്തോളം വരുന്ന മറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തേയും ആർബിഐയുടെ മുന്നറിയിപ്പ് സർക്കുലർ ബാധിക്കും. അതിന്റെ പ്രധാനകാരണം വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്നുമുള്ള നിബന്ധന ആർബിഐ മുന്നോട്ടുവയ്ക്കുന്നു. ഈ നിബന്ധന സംഘങ്ങളുടെ സാമ്പത്തികാടിത്തറയെത്തന്നെ ബാധിക്കുന്നതാണ്.

സ്വതന്ത്രഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നശേഷം സഹകരണം പൂർണമായും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽതന്നെ ഉൾപ്പെടുത്തിയെന്നത് മറക്കാനാവാത്ത വസ്തുതയാണ്. എന്നാൽ ഭരണഘടനാനുസൃതമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഓരോന്നായി കവർന്നെടുത്തുക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. അതിന്റെ തുടർച്ചയാണ് ഇപ്പോൾ സജീവ ചർച്ചാവിഷയമായിട്ടുള്ള “ബാങ്കിങ് റെഗുലേഷൻ ആക്ട് (ഭേദഗതി) 2020. ഈ നിയമഭേദഗതിയുടെ ചുവട് പിടിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരും, റിസർവ് ബാങ്കും സഹകരണ സ്ഥാപനങ്ങളെ ആക്രമിച്ചത്. ഈ നിയമഭേദഗതിക്ക് ഏതാനും വർഷങ്ങൾക്കുമുമ്പാണ് 97-ാം ഭരണഘടനാ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. അത് വെറും നിയമ ഭേദഗതിയായിരുന്നില്ല, ഭരണഘടനാഭേദഗതിയായിരുന്നു.


ഇതുകൂടി വായിക്കൂ : സഹകരണ മേഖലയെ സംരക്ഷിക്കണം


ഭരണഘടനയുടെ ഈ നിയമഭേദഗതി റദ്ദാക്കണമെന്ന ആവശ്യവുമായി രാജേന്ദ്ര എൻ ഷാ എന്നൊരാൾ ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. ഫയൽ ചെയ്ത കേസിന്റെ വാദം കേട്ടശേഷം 2013 ഏപ്രിൽ 22 ന് ഭരണഘടന ഭേദഗതി നിയമം അസാധുവാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽപോയി. എട്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2021 ജൂലൈ 20 ന് സുപ്രീം കോടതി ഡിവിഷണല്‍ ബെഞ്ചിന്റെ വിധി പുറത്തുവന്നു. വളരെ ശ്രദ്ധേയമായിരുന്നു ആ വിധിയുടെ ഉള്ളടക്കം. ഗുജറാത്ത് ഹൈക്കോടതി വിധിയെ ശരിവയ്ക്കുകയും അന്തർസംസ്ഥാന സഹകരണ സംഘങ്ങളെ ബാധിക്കുന്ന ഭാഗം മാത്രം നിലനിർത്തി ‘പാർട്ട് IX ബി’ യിലെ സംസ്ഥാന സഹകരണ സംഘങ്ങളെ ബാധിക്കുന്ന അനുച്ഛേദങ്ങൾ മുഴുവൻ അസാധുവായി പ്രഖ്യാപിക്കുന്നതായിരുന്നു വിധി. ഫെഡറൽ തത്ത്വങ്ങൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്നും അത് പാർലമെന്റിന്റെ ഭരണഘടനാധികാരത്തിന് പുറത്തുള്ളതാണെന്നും സുപ്രീംകോടതിയുടെ ഈ വിധി വ്യക്തമാക്കുന്നു.

സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയ്ക്ക് അനുകൂലമായി പരമോന്നതനീതിപീഠത്തിന്റെ രണ്ട് സുപ്രധാന വിധികൾ നിലനിൽക്കുമ്പോഴാണ് സഹകരണസ്ഥാപനങ്ങൾക്കുനേരെ റിസർവ് ബാങ്ക് പരിധിവിട്ടിട്ടുള്ള ഇടപെടലുകൾ നടത്തുന്നത്.


ഇതുകൂടി വായിക്കൂ : സഹകരണ മേഖലയിൽ കൈവെച്ച് ആർ ബി ഐ


സഹകരണസംഘങ്ങളുടേത് മാത്രമല്ല, സഹകരണ ബാങ്കുകളുടേയും നിലനില്പ് അപകടത്തിലാക്കുന്ന വിധത്തിലുളള ഇടപെടലുകളാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബാങ്കിങ് നിയന്ത്രണനിയമം 2020’ ന്റെ പിൻബലത്തിലാണ് നിരന്തരമായ ആക്രമണം സഹകരണമേഖലയ്ക്കുനേരെ കേന്ദ്ര ഏജൻസികൾ നടത്തുന്നത്. സഹകരണ ബാങ്കിങ് മേഖലയിൽ കൊണ്ടുവന്ന ആശങ്കകൾ ദുരീകരിക്കാനായി ആർബിഐ മുൻകൈ എടുത്ത് ഒരു വിദഗ്ധസമിതിയെ നിയോഗിക്കുകയുണ്ടായി. റിസർവ് ബാങ്കിന്റെ മുൻ ഡപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ആശങ്കകൾ അധികരിക്കുന്ന വിധത്തിലുള്ളതാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ആർബിഐ നടപടികളെ അതേപടി അംഗീകരിച്ചുകൊണ്ടുള്ളതാണ് റിപ്പോർട്ടിലെ അന്തഃസത്ത. ആർബിഐ ഇതുവരെയും നിലപാട് എടുക്കാത്ത ഒരു കാര്യത്തിൽ വിദഗ്ധ കമ്മിറ്റി വാചാലമാകുന്നുണ്ട്. അത് ആർബിഐ നിയോഗിച്ച ആർ ഗാന്ധി കമ്മിറ്റി ചൂണ്ടിക്കാട്ടിയ കാര്യമാണ്. ബാങ്കിന്റെ (സഹകരണ) നിക്ഷേപം 20,000 കോടിക്ക് മേലെ വന്നാൽ വാണിജ്യ ബാങ്കായി മാറും എന്നാണ്. അതായത് നിക്ഷേപം ഈ പരിധിയിലേക്ക് ഉയർന്നാൽ ബാങ്ക് സഹകരണ മേഖലയിൽ നിന്ന് പുറത്താകും. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഈ നിലപാട് ബാധിക്കുക കേരള സംസ്ഥാന സഹകരണ ബാങ്കിനെ (കേരളബാങ്ക്) യാണ്.

2020 ലെ നിയമഭേദഗതി പ്രാബല്യത്തിൽ വന്ന ശേഷം സഹകരണ ബാങ്കുകളുടെ നടത്തിപ്പ്, സംയോജനം, അവസാനിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലുള്ള പൂർണാധികാരം ആർബിഐ കയ്യടക്കിക്കഴിഞ്ഞു. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിച്ച് സഹകരണബാങ്കുകൾക്ക് എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്നത് ഓരോ സഹകരണ ബാങ്കുകൾക്കു നേരേ ഉയരുന്ന, ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമാണ്.


ഇതുകൂടി വായിക്കൂ : റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ; സഹകരണരംഗം തകര്‍ക്കും


സഹകരണമേഖലയിൽ വന്നുപ്പെട്ടിരിക്കുന്ന അത്യന്തം ഗൗരവതരമായ പ്രതിസന്ധികളിൽനിന്ന് പറന്നുയരാൻ പ്രതീക്ഷയുടെ രണ്ട് ചിറകുകളാണ് സഹകാരി സമൂഹത്തിന് മുന്നിലുള്ളത്. ഫെഡറൽ തത്ത്വങ്ങളിൽ മുറുകെപിടിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നിലപാട് തന്നെയാണ് മുഖ്യം. ഭരണഘടനയിൽ പ്രതിപാദിക്കുന്ന ദ്വിതല സംവിധാനമനുസരിച്ച് സഹകരണം പരിപൂർണമായി സംസ്ഥാന വിഷയമാണ്. സംസ്ഥാനങ്ങളിൽ നിക്ഷിപ്തമായ ആ അധികാരം പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങൾ ഒറ്റയ്ക്കും കൂട്ടായും കേന്ദ്രനിലപാടിനെ തിരുത്തിക്കാൻ ഏതറ്റം വരെയും പോകേണ്ടതാണ്. മറ്റൊന്ന് പരമോന്നത നീതിപീഠം വരെ നടത്തിയിട്ടുള്ള നിയമപോരാട്ടങ്ങളിൽ ലഭിച്ചിട്ടുള്ള നീതിപൂർണമായ വിധികൾ. ഇതിന്റെ ബലത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾചേർത്തുക്കൊണ്ടുള്ള നിയമപോരാട്ടങ്ങൾ ഉണ്ടാകണം-അതനുസരിച്ചുള്ള കർമ്മപരിപാടികൾ തയാറാക്കി മുന്നോട്ടുനീങ്ങുവാൻ സഹകരണ വകുപ്പും സംസ്ഥാന സഹകരണയൂണിയനും അർബൻ സഹകരണ ബാങ്ക് ഫെഡറേഷനും കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണം.

സഹകരണസംഘനിയമത്തെയും ചട്ടത്തെയും ദുർബലപ്പെടുത്തുന്ന നിയമഭേദഗതിയും ഇതനുസരിച്ച് റിസർവ്വ് ബാങ്ക് നൽകിയ സർക്കുലറുകളും വിജ്ഞാപനങ്ങളും റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭത്തിന് സഹകാരി സമൂഹം മുന്നിട്ടിറങ്ങണം. ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷകസമൂഹം നടത്തിയ ചരിത്രപരമായ സമരവിജയത്തെ ആവേശമായും പ്രചോദനമായും ഉൾക്കൊണ്ട് സഹകാരി സമൂഹത്തിനും പോരാടാനാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.