19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട

Janayugom Webdesk
November 29, 2021 5:00 am

ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം ആയുധമാക്കി കേരളത്തിലെ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള നീക്കം റിസര്‍വ് ബാങ്ക് ഊര്‍ജിതമാക്കി. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകള്‍ പേരിന്റെ ഭാഗമായി ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലും പരസ്യത്തിലൂടെയും ആവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും റിസര്‍വ് ബാങ്ക് പരസ്യം മുന്നറിയിപ്പു നല്കുന്നു.


ഇതുകൂടി വായിക്കൂ: സഹകരണ പ്രസ്ഥാനങ്ങളിലൂടെ മുന്നോട്ട്


നിക്ഷേപകരില്‍ ഭീതിപരത്തി സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ ചോര്‍ത്തി അവയെ ദുര്‍ബലമാക്കാനും തകര്‍ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയാണ് റിസര്‍വ് ബാങ്ക് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് കേരള കോപറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഉറപ്പു നല്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച പിന്തുണയും കോ ഓപറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി സ്കീം 2012 നല്കുന്ന ഉറപ്പും അവഗണിച്ചാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നീക്കം ശക്തമാക്കുന്നത്. റിസര്‍വ് ബാങ്കിനെ ഇതര ഭരണഘടന സ്ഥാപനങ്ങള്‍ എന്നതുപോലെ അധികാരിവര്‍ഗത്തിന്റെ ഇച്ഛാനുസരണം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആയുധമാക്കി മാറ്റുകയാണ് മോഡി ഭരണകൂടം. സ്വകാര്യ ബാങ്കുകള്‍ക്കും ഇതര പണമിടപാടു സ്ഥാപനങ്ങള്‍ക്കും കേരളത്തിന്റെ സമ്പദ്ഘടനയില്‍ കടന്നുകയറാനും നിക്ഷേപകരുടെ അനേകായിരം കോടി വരുന്ന സമ്പാദ്യം വന്‍കിട കുത്തകകളടക്കം സ്വകാര്യ മൂലധനത്തിന് യഥേഷ്ടം തുറന്നുനല്കാനുമുള്ള ബിജെപി സര്‍ക്കാരിന്റെ അജണ്ടയാണ് റിസര്‍വ് ബാങ്ക് നടപടിയിലൂടെ അനാവൃതമാകുന്നത്.

 


കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് വിപുലമായ സാന്നിധ്യവും പങ്കുമാണ് സമ്പദ്ഘടനയിലുള്ളത്. അവയിലെ ആകെ നിക്ഷേപം 70,000 കോടി രൂപയില്‍ അധികമാണ്. 50,000 കോടി രൂപയുടെ വായ്പാ നീക്കിയിരുപ്പും അവയ്ക്കുണ്ട്. സംസ്ഥാന ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ ബാങ്കിങ് സേവനം കൂടി നിര്‍വഹിക്കുന്നത് ഈ സഹകരണ സ്ഥാപനങ്ങളിലാണ്. അതിബൃഹത്തായ ഈ ബാങ്കിങ് ശൃംഖലയെ ദുര്‍ബലപ്പെടുത്തലും അവയിലെ നിക്ഷേപം മൂലധന ശക്തികള്‍ക്ക് കവര്‍ന്നെടുക്കാനുള്ള അവസരം ഒരുക്കലുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍. മേല്‍പറഞ്ഞ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആര്‍ബിഐ ലെെസന്‍സ് കൂടാതെ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ സഹകരണ നിയമം അവസരം നല്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ ഒരു സംസ്ഥാന വിഷയമാണെന്നിരിക്കെ ആര്‍ബിഐ വഴി അവയെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമം സംസ്ഥാനങ്ങളുടെ അധികാര അവകാശങ്ങളിന്മേലുള്ള കെെകടത്തലും ഭരണഘടന ഉറപ്പുനല്കുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സ്തുത്യര്‍ഹവും ജനകീയവുമായി പ്രവര്‍ത്തിക്കുന്ന 3676 വായ്പാ സഹകരണ സംഘങ്ങളാണ് ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും കേരളത്തിലെ വലിയൊരു ജനവിഭാഗത്തിന് അത്താണിയും ആശ്വാസവുമായി വര്‍ത്തിക്കുന്നത്. അവയുടെ കൂടി പിന്‍ബലമാണ് വന്‍കിട ബാങ്കുകളുടെ കേരളത്തോടുള്ള നിഷേധാത്മക സമീപനത്തിന് ബദലായി ഉയര്‍ന്നുവന്ന കേരള ബാങ്കിന്റെ വിജയരഹസ്യം. വിഭവ ദൗര്‍ലഭ്യത്തിന്റെയും ദേശസാല്‍കൃത ബാങ്കുകളടക്കം വന്‍കിട ബാങ്കുകള്‍ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളോട് അവലംബിക്കുന്ന നിഷേധാത്മക സമീപനത്തിന്റെയും പശ്ചാത്തലത്തില്‍ പ്രാഥമിക വായ്പ സംഘങ്ങളുടെ സുസ്ഥിര നിലനില്പ് കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും പുരോഗതിക്കും അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: സഹകരണ മേഖലയെ സംരക്ഷിക്കണം


ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിന്റെ മറവില്‍ റിസര്‍വ് ബാങ്കിനെ ആയുധമാക്കി ബിജെപി നടത്തുന്ന സാമ്പത്തിക അട്ടിമറി ശ്രമങ്ങളെ കേരളം നിയമപരമായും രാഷ്ട്രീയമായും ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. കേരളത്തിന്റെ ഉത്തമ സാമ്പത്തിക താല്പര്യ സംരക്ഷണാര്‍ത്ഥം നടത്തുന്ന ഈ പോരാട്ടത്തില്‍ ഭരണപക്ഷ, പ്രതിപക്ഷ ഭേദമന്യെ മുഴുവന്‍ രാഷ്ട്രീയ ശക്തികളും ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. ഇത് ആത്യന്തികമായി കേരള ജനതയുടെ ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.