കെ രംഗനാഥ്

തിരുവനന്തപുരം

November 23, 2021, 10:23 pm

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ; സഹകരണരംഗം തകര്‍ക്കും

15,000 സഹകരണ സംഘങ്ങളും 1625 പ്രാഥമിക സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാകും
Janayugom Online

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി ഉത്തരവ് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ഭീഷണിയാകും. കേരളത്തില്‍ അടിസ്ഥാന സമ്പദ്ഘട‍നയ്ക്ക് താങ്ങായി നില്കുന്ന 15,000 ല്‍ പരം സഹകരണ സംഘങ്ങളും 1,625 പ്രാഥമിക സഹകരണ ബാങ്കുകളും ഉത്തരവിന്റെ ആഘാതം മൂലം പ്രതിസന്ധിയിലാവും. സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നീ വാക്കുകള്‍ ചേര്‍ക്കുന്നതിനാണ് നിരോധനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29ന് ഈ നിയമം നിലവില്‍ വന്നെങ്കിലും സഹകരണം സംസ്ഥാന വിഷയമായതിനാല്‍ കേരളമടക്കം മിക്ക സംസ്ഥാനങ്ങളും ഈ കേന്ദ്രനിയമം നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിയമം ഭേദഗതി ചെയ്താണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്.

നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സംഘങ്ങളിലെ അംഗങ്ങളല്ലാത്തവരില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ട്. ബാങ്കിങ് റഗുലേഷന്‍ ആക്ട് പ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമായിരിക്കും ബാങ്കുകളായി കണക്കാക്കുക. ഈ ഉത്തരവു നടപ്പാക്കുന്നതോടെ ആയിരക്കണക്കിനു സഹകരണ സ്ഥാപനങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തന അവകാശമാണ് നഷ്ടമാവുക. സഹകരണ സംഘാംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന ഉത്തരവ് അസ്ഥി മാത്രമാകുന്ന സഹകരണ സംഘങ്ങളെ ക്രമേണ മരണത്തിലേക്കായിരിക്കും തള്ളിവിടുന്നത്. ഇടപാടുകാര്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോ-ഓപ്പറേറ്റീവ് കോര്‍പറേഷന്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നുണ്ട്. ഇനി സഹകരണ സംഘങ്ങളും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ല.

സഹകരണ സംഘങ്ങളിലെ നാമമാത്ര, അസോസിയേറ്റ് അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. എന്നാല്‍ അഞ്ഞൂറോ ആയിരമോ കോടി നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കേ വോട്ടവകാശമുള്ളൂ. നാമമാത്ര അസോസിയേറ്റ് അംഗങ്ങളേയും അംഗങ്ങളായാണ് സംസ്ഥാന സഹകരണ വകുപ്പ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശത്തില്‍ മാത്രമാണ് ഈ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുള്ളത്. ചുരുക്കത്തില്‍ സഹകരണ പ്രസ്ഥാനത്തെ ബാങ്കിങ് ഇടപാടുകളില്‍ നിന്ന് ഒഴിവാക്കല്‍ അംഗത്വത്തിലെ പുനര്‍നിര്‍വചനം, നിക്ഷേപങ്ങള്‍ വിലക്കാനുള്ള പദ്ധതികള്‍ എന്നിവയിലൂടെ സംസ്ഥാനത്തെ തഴച്ചുവളര്‍ന്ന സഹകരണ മേഖലയുടെ ധ്വംസനമാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

തീരുമാനം പുനഃപരിശോധിക്കണം: മന്ത്രി വാസവന്‍

 

സംസ്ഥാനങ്ങളിലെ സഹകരണ മേഖലയ്‌ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. കേരളത്തിലെ സഹകരണ മേഖലയിലെ ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകളായാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് തരത്തിലുള്ള അംഗത്വമാണുള്ളത്. എ,ബി,സി വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് നിക്ഷേപത്തിനും വായ്പയ്ക്കും ഒരേ പരിധിയും അവകാശങ്ങളുമാണുള്ളത്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ ഒഴിച്ചു കൂട്ടാനാകാത്ത സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്.
സഹകരണ മേഖലയിലേയ്ക്കുള്ള കടന്നു കയറ്റം തടയാന്‍ നോട്ട് നിരോധനം അടക്കമുള്ള പല ഘട്ടങ്ങളിലും കക്ഷി രാഷ്ട്രീയത്തിനും ജാതി മതഭേദങ്ങള്‍ക്കും അതീതമായ ചെറുത്തുനില്‍പ്പ് കേരളം നടത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലും ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ആര്‍ബിഐ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനും മറ്റ് ഉന്നത അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കും. കാര്യകാരണ സഹിതം നിയമപോരാട്ടം നടത്തുന്ന കാര്യവും പരിഗണിക്കും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

eng­lish sum­ma­ry; Reserve Bank Recommendation

you may also like this video;