മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഐക്യരാഷ്ട്രസഭയുടെ പഠനം നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം ലോക് സഭയില്‍ ജലവിഭവ സഹമന്ത്രി ബിശ്വേശ്വർ തുഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കുന്ന ദിവസം തന്നെയാണ് എഴുതി നല്കിയ മറുപടിയില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപോർട്ടിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്.
‘കാലപ്പഴക്കമുള്ള ജലസംഭരണ സംവിധാനം: ഉയരുന്ന ആഗോള അപകട സാധ്യത’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠന റിപോർട്ടിലാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ആശങ്കകൾ പരാമർശിച്ചിട്ടുള്ളത്. ഡീകമ്മീഷൻ ചെയ്യേണ്ട വലിയ ഡാമുകളുടെ പട്ടികയിലും മുല്ലപ്പെരിയാർ ഉണ്ട്. എങ്കിലും പരിശോധനകൾ, പഠനങ്ങൾ എന്നിവയിലൂടെ ഡാമിന്റെ സുരക്ഷ സമയാസമയം വിലയിരുത്താൻ കഴിയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ നൽകുമെന്നും മഴക്കാലത്തിനു മുമ്പും ശേഷവുമുള്ള പരിശോധനകള്‍ ബന്ധപ്പെട്ട ഏജൻസികൾ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ജല കമ്മിഷനിൽ ലഭ്യമായ വിവരമനുസരിച്ച് 1979‑ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ചില ഗുരുതരാവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനുശേഷം അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾ തമിഴ്‌നാട് സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ 1880 കളിൽ നിർമ്മിച്ച അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു. അണക്കെട്ട് തകർന്നാൽ അഞ്ച് ജില്ലകളിൽ വിനാശം വിതയ്ക്കുമെന്നും കേരളം ഭയക്കുന്നു.
മുല്ലപ്പെരിയാറിലെ സുരക്ഷാ പ്രശ്നങ്ങൾ മുമ്പും വിദഗ്ധ സംഘങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം പരിശോധന നടത്തിയ ഉന്നതാധികാരസമിതി അണക്കെട്ട് സുരക്ഷിതമാണെന്നാണ് റിപ്പോർട്ട് നല്കിയത്. അതേസമയം സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുൾ കമ്മീഷൻ ചെയ്യുന്നതോ ഡീ-കമ്മീഷൻ ചെയ്യുന്നതോ സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും തുഡു അറിയിച്ചു.
English Summary: Center says Mullaperiyar dam is a security threat
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.