വർഗീയ ശക്തികളുടെ മതരാഷ്ട്ര സങ്കല്പത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ കലാസാംസ്കാരിക പ്രവർത്തകരുടെ പങ്ക് പ്രശംസനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കലാസാഹിത്യരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് ലീലാകൃഷ്ണന് സാംസ്കാരിക കേരളത്തിന്റെ സ്നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം. വർഗീയ ശക്തികൾ രാജ്യം കീഴടക്കാനുള്ള ശ്രമം നടത്തുമ്പോൾ ജനങ്ങളോടൊപ്പം നിന്ന് അവർക്കായി വാദിക്കുവാനും അതിനെതിരെ ജനങ്ങളെ അണിനിരത്താനും നയിക്കാനും കലാസാംസ്കാരിക പ്രവർത്തകർക്ക് കഴിയും. അവർ അവരുടെ ജീവിതാനുഭവങ്ങളാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നത്. അരാഷ്ട്രീയതയും സാമൂഹ്യ പ്രതിബദ്ധതയില്ലായ്മയുമാണ് മെച്ചമെന്ന് ചിന്തിക്കുന്ന കാലഘട്ടത്തിൽ എഴുത്തുകാരന്റെ ചിന്തയ്ക്കും സാമൂഹ്യ നിരീക്ഷണങ്ങൾക്കും പ്രസക്തിയേറെയാണ്. കോർപറേറ്റ് മാധ്യമങ്ങൾ കലയും സംസ്കാരവും നയിക്കുന്ന ഈ കാലഘട്ടത്തിൽ ജനങ്ങളോടൊപ്പം നിന്ന് അവർക്കായി പ്രവർത്തിക്കുന്നവരാണ് കലാ-സാഹിത്യ സാംസ്കാരിക പ്രവർത്തകർ.
സാമൂഹ്യ മാറ്റത്തിനായുള്ള ചാലകശക്തിയായി പ്രവർത്തിക്കാനും പുരോഗമന കലാ — സാഹിത്യ പ്രസ്ഥാനക്കൾക്ക് കഴിയും. ജനങ്ങൾക്കു വേണ്ടി ഇനിയും ശക്തമായി തൂലിക ചലിപ്പിക്കുന്നതിന് ആലങ്കോട് ലീലാകൃഷ്ണന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ കാനം അറിയിച്ചു. സംഘാടക സമിതി ചെയർമാൻ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. വൈശാഖൻ, അശോകൻ ചരുവിൽ, ഡോ. പി വി കൃഷ്ണൻനായർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് ഉപഹാരസമർപ്പണം നടത്തി. ഇ എം സതീശൻ സ്വാഗതവും സി വി പൗലോസ് നന്ദിയും പറഞ്ഞു.
english summary;Progressive art-literary movements are the driving force for social change: Kanam
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.