ഭാഗ്യശ്രീ,
ഭാഗ്യലക്ഷ്മി,
ഭാഗ്യരാജ്.. അങ്ങനെയായിരുന്നു അവരുടെ പേരുകൾ. ഞങ്ങളെല്ലാരും ‘സൂ‘വാ എന്ന് പറയണ നിവിൻപോളി ചിത്രത്തിലെ ശ്രിന്ധിയൻ ഡയലോഗ് അന്ന് ഇറങ്ങാത്തതിനാൽ ലക്ഷ്മി ചേച്ചി ‘ഞങ്ങളെല്ലാവരും ഭാഗ്യമാ’ എന്ന് പറഞ്ഞില്ല.
അവർക്കത്ര ഭാഗ്യമൊന്നും ഉണ്ടായിരുന്നില്ല.
ഇല്ലാത്ത ഗുണഗണങ്ങളെ തെരഞ്ഞു പിടിച്ച് പേരിടാൻ ഉപഗോഗിക്കുക എന്നത് പഴമക്കാരുടെ വികൃതിത്തരമാകാനേ വഴിയുള്ളൂ.
ശോകമുള്ള അശോകനും, സന്തോഷമില്ലാത്ത ആനന്ദനും , കുഞ്ഞിക്കണ്ണുള്ള കമലാക്ഷിയും തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളാണ് നാട്ടിൽ..
ഭാഗ്യലക്ഷ്മിയിലേക്ക് തിരിച്ചു വരികയാണെങ്കിൽ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവളൊരു ഉല്ലാസറാണിയായിരുന്നു.
എന്നെക്കാൾ മൂന്നോ നാലോ വയസിന് മൂപ്പുണ്ട്. അന്തർമുഖയായതിനാൽ എനിക്ക് അറിവില്ലായ്മക്ക് പഞ്ഞമില്ലായിരുന്നു.
എന്റെ ഗോപ്യമായ പല സംശയങ്ങളുടെയും നിവാരണകേന്ദ്രം അവളായിരുന്നു.
കളിക്കൂട്ടുകാരില്ലാത്ത എന്റെ കുട്ടിക്കാലത്തെ ഏക മിത്രം അവളായതിനാൽ ഇടക്കൊക്കെ വീട്ടിലുണ്ടാവും.ഉഷാമ്മക്ക് അടിച്ച് വാരിക്കൊടുത്തും,
പാത്രം കഴുകിയും ഇരുപത്തഞ്ചും, മുപ്പതുമൊക്കെ അവള് സമ്പാദിച്ചിരുന്നു.ഇച്ചിമി എന്നാണ് അവളെ വീട്ടുകാര് വിളിക്കാറ്.
ഞാൻ ഇച്ചിമി ചേച്ചീന്നും.
ഇച്ചിമിചേച്ചിയും ഞാനും ഒരുമിച്ച് വളർന്നു.അവളുടെ പ്രേമകഥകളെല്ലാം അവളെന്നോടാണ് പറയാറുള്ളത്. ഞാനങ്ങനെ കേട്ടിരിക്കും.
ആദിത്യനും, അനന്ദുവും, മജീദും എല്ലാരും കഥകളിൽ നിറയും.പ്രേമിക്കുന്നവരെ കൊലപാതകികളെപ്പോലെ വീക്ഷിക്കാനുള്ള പ്രത്യേകതരം ക്ലാസ് പാസ്സായവരാണ് പരിയാപുരം നിവാസികൾ.
അവര് പലപ്പോഴും ഇച്ചിമിചേച്ചീടെ കൂടെ നടന്നതിന് എന്നെ വിമർശിച്ചു.
ചേച്ചിയ്ക്ക് കുറേ പ്രേമങ്ങളുണ്ടായിരുന്നു എന്നതാണ് കാരണം.
അക്കാലത്തൊന്നും എനിക്കാരോടും അനുരാഗം പോലും തോന്നിയില്ല.
അവളിടക്ക് എന്നോട് പറയും “എടീ ഒരാളെ മാത്രം പ്രേമിക്കരുത്, അത് വലിയ മാനസിക പ്രയാസമാണ്, അവൻ വിളിച്ചില്ലല്ലോ, അവനിപ്പോ എന്തെടുക്കുകയാവും തുടങ്ങി നിറയെ ടെൻഷൻസ്, കുറേ ആൾക്കാരാണെങ്കിൽ നോ പ്രോബ്ലം ഒന്നില്ലേൽ ഒന്നുണ്ടാവും. ”
ഒന്നില്ലേൽ മറ്റൊന്ന് എങ്ങനെയാണുണ്ടാവുക എന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു.
പ്രിയപ്പെട്ട ഒന്നിന്റെ അഭാവം എങ്ങനെയാണ് മറ്റൊന്നിൽ തീർക്കുക എന്ന് അന്നും ഇന്നും എനിക്കറിയില്ല.
പക്ഷേ അവളൊരു മഹാ പ്രസ്‌ഥാനമായിരുന്നു.
ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവളേതോ ഒന്നിൽ കുരുങ്ങിയതായി എനിക്കനുഭവപ്പെട്ടു. പേര് ഹരീഷ്, ഇടക്ക് അവള് ഫോൺ ചെയ്യുമ്പോൾ എനിക്കും തരും.
കാഴ്ചയിൽ ഭംഗിയൊന്നും ഉണ്ടായിരുന്നില്ല.
അല്ലെങ്കിലും പ്രണയത്തിൽ ഭംഗിക്ക് എവിടെയാണ് പ്രാധാന്യം?
പ്രണയമില്ലാത്ത എന്റെ കണ്ണുകളിൽ ഇച്ചിമി ചേച്ചിയ്ക്ക് ഹരിയേട്ടൻ ഒട്ടും ചേർന്നില്ല.
ഞാനും ചേച്ചിയും ഞായറാഴ്ച ഉച്ചനേരങ്ങളിൽ രഹസ്യസംസാരം നടത്തും.മറ്റുള്ള ദിവസങ്ങളിൽ അവളൊരു ടെലിഫോൺ ബൂത്തിൽ ജോലിക്ക് പോയിരുന്നു.
ഒരു തിങ്കളാഴ്ചയാണെന്ന് തോന്നുന്നു. വീട്ടിൽ ആരുമില്ല. അവളൊരു വലിയ കവറിൽ നിറയെ എന്തോ ഡ്രെസ്സുകളുമായി വന്നു.
“എടി വിജീ ഇതൊന്ന് ഇവിടെ വെക്കാമോ, ഞാൻ നാളെ രാവിലെ എടുത്തോളാം.ആരോടും പറയണ്ട ”
സമർഥമായി ഞാനാ രഹസ്യത്തെ വടക്കേ മുറിയിലെ റാക്കിന് മുകളിൽ മറച്ചു വെച്ച് സൗഹൃദത്തിന്റെ ആഴം വർധിപ്പിച്ചു.
പിറ്റേ ദിവസം അവൾ രാവിലെ പോകുമ്പോൾ സഞ്ചിയെടുക്കാൻ വന്നു..
അമ്മയെന്നെ തുറിച്ചു നോക്കി.
ആൾട്ടർ ചെയ്യാനുള്ള ഡ്രെസ്സുകളാണെന്ന് അവൾ പറഞ്ഞത് ഞാനും വിശ്വസിച്ചു.
അവളന്ന് പോയിപ്പോയി കൊല്ലത്തെത്തി.
ഞങ്ങളാരും അറിഞ്ഞില്ല. അവളുടെ വീട്ടുകാർ എന്നെ വഴക്ക് പറഞ്ഞു.എനിക്കെല്ലാം അറിയാമെന്നു നാട്ടുകാർ, ഞാനും അതേ പോലെ ഒളിച്ചോടുമോ എന്ന് പേടിച്ച് വീട്ടുകാർ.
ചെകുത്താനും കടലിനും നടുവിൽ അകപ്പെട്ട് ഞാനെല്ലാം സഹിച്ചു.
റൂമിലിട്ട് അടിച്ചെന്റെ തോല് പൊളിച്ചാൽ ആളെ കിട്ടുമെന്ന് അയൽപക്കക്കാരി ചേച്ചി അമ്മക്ക് ക്ലാസ്സെടുത്തു.ഇത് വരെ മനസ്സിൽ പതിയാത്തൊരു പുരുഷരൂപത്തെ എത്ര പൊളിച്ചാലും എങ്ങനെ പറയാനാവും എന്ന് ഞാനമ്മക്ക് തിരിച്ചും ക്ലാസ്സെടുത്തു.അതോടെ ക്ലാസ് നിന്നു.
പരിയാപുരത്തെ വലിയ കോലാഹലങ്ങൾ ഒതുങ്ങിയതിന് ശേഷം ഇച്ചിമി ചേച്ചിയും ഹരിയേട്ടനും നാട്ടിൽ വന്നു.
പറയാതെ പോയതിന് ഞാൻ പരിഭവമൊന്നും കാണിച്ചില്ല. എനിക്കവളെ ഇഷ്ടമായിരുന്നു.
ആദ്യമായി റോസാപ്പൂ മോഷ്ടിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തന്നത് അവളാണ്.
കെട്ടിപ്പിടിച്ചാൽ കുട്ടിയുണ്ടാവുമെന്ന അപക്വമായ എന്റെ വിചാരത്തെ അടപടലം മാറ്റിയതും അവളാണ്.
അവളുടെ വിവാഹജീവിതവിവരണം എന്നെയങ്ങനെ പുളകിതയാക്കി.പക്ഷെ ഒന്നും അവൾ മുഴുവനായി പറഞ്ഞില്ല എന്നത് നിരാശപ്പെടുത്തി.
“എത്ര വലിയ പ്രേമവും കല്ല്യാണത്തോടെ മുരടിച്ചു പോവും, അതോണ്ട് നീ പ്രേമിക്കണ്ട ” എന്ന് മുന്നറിയിപ്പ് തന്നതും അവളാണ്.
ഇച്ചിമിചേച്ചീടെ ഓരോ വിരുന്നു വരവിനും ഞാൻ കാത്തിരുന്നു.അവൾക്ക് ഹരിയേട്ടനോടുള്ള അതിരില്ലാത്ത സ്നേഹം കണ്ട് ഞാൻ അതിശയപ്പെട്ടു.പുതിയ കഥകളുമായി അവളും ഹരിയേട്ടനും വരുന്നതോടൊപ്പം ഒരാള് കൂടി,
കിച്ചു എന്ന കിഷോർ.നല്ല കറുത്ത നിറമാണെങ്കിലും മുഖശ്രീയുള്ള കിച്ചു.
പ്രസവത്തിന് ശേഷം അവൾ കുറേ കാലം വീട്ടിലുണ്ടായിരുന്നു. ഒരു വൃശ്ചികമാസത്തിൽ ഹരിയേട്ടൻ ശബരിമലക്ക് പോകാൻ മാലയിട്ടു.
എന്നേം വീട്ടുകാരെയുമൊക്കെ വലിയ കാര്യമാണ്.
റോഡിലേക്ക് തൂങ്ങി നിൽക്കുന്ന ഞങ്ങളുടെ മുരിങ്ങാമരത്തിന്റെ ചോട്ടിലൂടെ പോകുമ്പോൾ അവരുറക്കെ വിളിക്കും.
“വിജീ എന്തെടുക്കാ? ”
ഞാൻ ഒരു ഭംഗിയുമില്ലാത്ത എന്റെ ചിരി തിരിച്ചു കൊടുക്കും.
അതേ ആഴ്ച മാതൃഭൂമി പേപ്പറിന്റെ ചരമകോളത്തിൽ ഒരു വാർത്ത വന്നു.
ശബരിമലയിൽ പോകുന്ന വാഹനം അപകടത്തിൽ പെട്ടു.നാല് സ്വാമിമാർ മരണപ്പെട്ടു..പേരുകൾ പരതി നാലാമത്തെ പേര് ഹരീഷ് (39)ചടയമംഗലം.
നെഞ്ചിൽ ആഞ്ഞൊരിടി വെട്ടി.
ജാതകം നോക്കാഞ്ഞിട്ടാണെന്ന് ഒരു കൂട്ടർ, പ്രേമിച്ചാൽ ഇങ്ങനെയാവുമെന്നു വേറെ ചിലർ,
പരിഹസിക്കാനും, പരിതപിക്കാനും മറ്റുള്ളവർ..
എല്ലാറ്റിനും നടുവിൽ മോനെ വളർത്താൻ അവൾ കുറേ ബുദ്ധിമുട്ടി.
ഒരിക്കൽ ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ അവള് പറഞ്ഞു “എടി വിജിയെ നിനക്കെന്നെക്കുറിച്ച് ഒരു കഥയെഴുതിക്കൂടേ, ഒരു സീരിയലിനൊക്കെ ഉള്ള വകുപ്പുണ്ടെടി.”
ഇപ്പൊ ഇരുന്ന് ആലോചിക്കുമ്പോ എനിക്കും അത് ശരിയായി തോന്നുന്നു.
എഴുതാതെ എത്രയോ ബാക്കിയിട്ടാണ് അവളെ ഇപ്പോഴും വിവരിക്കാനാവുന്നത്.
റോഡിലേക്ക് തൂങ്ങി നിൽക്കുന്ന മുരിങ്ങാമരം ഇപ്പോഴുമുണ്ട്.വീട്ടിലേക്കുള്ള അതിഥിസന്ദർശനങ്ങളിൽ കിച്ചു അതിലൂടെ പോകുന്നത് കാണാറുണ്ട്..“വിജിചേച്ചീ “ന്ന് നീട്ടി വിളിക്കും.
അവനപ്പോൾ ഹരിയേട്ടന്റെ ശബ്ദമാവും.
നൂറിൽ നൂറ്റിപ്പത്ത് ശതമാനം സ്നേഹം കാണിച്ച ഹരിയേട്ടനോടും ഇച്ചിമിചേച്ചിയോടും ദൈവത്തിനു പോലും അസൂയ തോന്നിയേക്കാം.
അവളിപ്പോഴും ഹരിയേട്ടനെക്കുറിച്ച് പറയും.
ഇനിയുമുണ്ടായേക്കാവുന്ന പ്രണയവാസനയെക്കുറിച്ച് പറയും.
അറുപത് ശതമാനത്തോളം സ്നേഹം ഇനിയും മുഴുവനായി ഉപയോഗിക്കാത്ത നമ്മുടെ ദാമ്പത്യത്തിന്റെ വിജയമെന്താണെന്ന് ഞാനിടക്ക്
സുധ്യേട്ടനോട് ചോദിക്കും.
മൗനമായിരിക്കും മറുപടി.
ഒരു പക്ഷെ അതായിരിക്കാം ദൈവത്തെ അസൂയപ്പെടുത്താത്ത ഏറ്റവും നല്ല ഉത്തരം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.