20 April 2024, Saturday

ഹിമശൈലസൈകതഭൂമിയിൽ

Janayugom Webdesk
July 11, 2022 7:09 pm

അഞ്ചാം ക്ലാസ്സിൽ നിന്നാണ് രണ്ടാംഭാഷ പഠിക്കാൻ കോളങ്ങൾരൂപപ്പെടുന്നത്.
‘മലയാളം ‘എന്തായാലും പഠിക്കാലോ എന്ന നാട്ടുപറച്ചിലിൽ ‘സംസ്‌കൃതം’ കോളത്തിൽ ആരോ ശരിയിട്ടു.
മലയാളം ഒന്ന് പിടച്ചു.
സംസ്‌കൃതം ക്ലാസ്സ് ബഹുകേമമായിരുന്നു.എന്നാലും അപ്പുറത്തെ ക്ലാസ്സിൽ നിന്നും ചുള്ളിക്കാടിന്റെ കവിതകൾ നാരായണൻ മാഷുടെ കണ്ഠത്തിലൂടെ പ്രവഹിക്കുമ്പോൾ ശരിക്കും സെക്കന്റ്‌ലാംഗ്വേജ് ഓപ്ഷൻ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഇഷ്ടമുള്ള ഭാഷകൾ എല്ലാവർക്കും പഠിക്കാനുള്ള വിദ്യാഭ്യാസനീതി അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
സംസ്‌കൃതം എനിക്കിഷ്ടമുള്ള ഭാഷയാണ്.ആവേശത്തോടെ പഠിച്ച ഭാഷ.പഞ്ചമഹാകാവ്യങ്ങളിൽ കുമാരസംഭവം പഠിപ്പിക്കുമ്പോൾ ഞാൻ ക്ലാസ്സിലില്ല.
ഹിമാലയവർണ്ണനയോടെയുള്ള ഒന്നാം സർഗ്ഗം ടീച്ചറെനിക്ക് ഓഫീസിൽ നിന്നും പറഞ്ഞു തന്നതാണ്. രഘുവംശത്തേക്കാൾ മനസ്സിൽ പതിഞ്ഞ കഥ കുമാരസംഭവമാകാൻ കാരണവും ഒരുപക്ഷെ ടീച്ചറുടെ ഓഫീസ്റൂമിലെ ക്ലാസ്സാവാം.
ഹിമാലയത്തിന്റെ ഗാംഭീര്യവും,ധാതുസമൃദ്ധിയും അതിൽ ജീവിക്കുന്ന കിന്നരന്മാരുടെയും, കിരാതന്മാരുടെയും ജീവിതസന്ദർഭങ്ങൾ ശ്ലോകങ്ങളായി പരിണമിച്ചു.
താരകാസുരവധവും, കാമദേവനിഗ്രഹവും പിറ്റേന്ന് നെല്ലിച്ചോട്ടിലെ സംസ്കൃതം ക്ലാസ്സിലിരുന്ന് ഞങ്ങൾ എല്ലാവരും ഭീതിയോടെ കേട്ടു.
പരമശിവനെ ഭർത്താവായി ലഭിക്കാൻ ശ്രീപാർവ്വതി തപസ്സാരംഭിക്കുന്നതും അതിനിടയിൽ ശിവൻ ബ്രഹ്മചാരീവേഷത്തിൽ പാർവ്വതിയെ പരീക്ഷിക്കുകയും അവളിൽ പ്രീതനാവുകയും ചെയ്യുന്ന അടുത്ത ക്ലാസ്സിലാണ് ടീച്ചറേതോ പാട്ടിനെക്കുറിച്ച് പറഞ്ഞത്. എന്റെ കൂട്ടുകാരി എന്നോ മറ്റോ കേട്ടു.
പാട്ട് ഞാൻ മറന്നു. വീട്ടിൽ പോയി എന്റെ കൂട്ടുകാരി എന്ന സിനിമയുണ്ടോന്ന് അന്വേഷിച്ചു. ആരും അങ്ങനൊരു സിനിമ കേട്ടിട്ടില്ല.
മുഴുവൻ കേൾക്കാതെ വന്ന് ഇവിടന്ന് ചോദ്യം ചോദിക്കണ പരിപാടി നിർത്തിക്കോ എന്ന മട്ടിൽ വീട്ടുകാര് കണ്ണുരുട്ടി.
പിറ്റേന്ന് ക്ലാസ്സിൽ ശിവപാർവ്വതീ പ്രണയമായിരുന്നു. പ്രണയം എന്ന വികാരം പോലും മൊട്ടിടാത്ത കാലം. പക്ഷെ ശിവന്റെ സ്നേഹസങ്കല്പത്തെ എനിക്കിഷ്ടമായി.
ഒരാളിൽ മാത്രം തുടങ്ങിയൊടുങ്ങുന്ന പ്രണയത്തെ പ്രകീർത്തിക്കാതെ വയ്യ.
എന്നിട്ടും പ്രണയമയിയല്ലാതെ ഞാനെല്ലാം വിളർത്തു കേട്ടു.
ടീച്ചറോട് ഞാൻ ആ പാട്ടിനെക്കുറിച്ച് പിറ്റേന്ന് വീണ്ടും ചോദിച്ചു.
‘ശാലിനി എന്റെ കൂട്ടുകാരി’ യാണ് സിനിമയെന്ന് മനസ്സിലായി.
ടീച്ചർ ഈണത്തിൽ കവിത പോലെ ചൊല്ലി.
‘ഹിമശൈലസൈകതഭൂമിയിൽ നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ്ത്തീർന്നു.’
അന്ന് ഒന്നും മനസ്സിലായില്ല.
ശിവനെ തപസ്സുകൊണ്ട് ഭർത്താവായി സ്വീകരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട പാർവ്വതിയുടെ നിശ്ചയദാർഢ്യം ചെരിഞ്ഞു കുത്തിയൊഴുകിപ്പോകുന്ന നദിയെപ്പോലെ ആകയാൽ അതിനെ ആർക്കും തടുക്കാനാവില്ലെന്ന് കവി പറഞ്ഞത് പിന്നെയും കുറേ കഴിഞ്ഞാണെനിക്ക് മനസ്സിലായത്.
അന്ന് ഗൂഗിളോ യൂട്യൂബോ ഇല്ല.
ദൂരദർശനിൽ രണ്ടോ മൂന്നോ തവണ പാട്ട് കണ്ടിട്ടുണ്ട്.
ബോധമബോധമായ് മാറുന്ന പാർവ്വതിയുടെ പ്രണയലഹരിയുടെ രോമാഞ്ചസ്വപ്നത്തെ മനസ്സിലാക്കാൻ പിന്നെയും കാലങ്ങൾ എടുത്തു.
ഈയിടക്ക് ഒരു സ്കൂളിൽ വായനാദിനപരിപാടിക്ക് പോയപ്പോൾ അവിടുത്തെ പ്രിൻസിപ്പൽ വേണു നാഗവള്ളിയെക്കുറിച്ച് വാചാലനായി. കോളേജ് പഠനകാലത്ത് വേണു നാഗവള്ളിയാണെന്ന് സ്വയം വിശ്വസിപ്പിച്ച് കണ്ണാടിയിലൊക്കെ നോക്കിയിരുന്നതും അക്കാലത്തെ പാട്ടുകൾ പാടി അഭിനയിച്ചിരുന്നതും.
ഞാൻ ചിരിച്ചു. ഉൾക്കടലിലെ വേണു നാഗവള്ളിയെ അയാൾ വീണ്ടും വീണ്ടും ചുരുളുനിവർത്തി.സ്കൂളിൽ നിന്നും
തിരിച്ചു പോരവേ ‘എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടീ’ എന്ന് പാടുന്ന വേണുനാഗവള്ളിയെ ഞാനും ഓർത്തു.
പിന്നെ കുളി കഴിഞ്ഞ് തോർത്ത് തോളിലിട്ട് വരുന്ന പ്രഭേട്ടനെയും.
അയാൾ എഴുതി വെച്ച കവിതയെടുത്ത് വായിക്കുന്ന രണ്ടു പെണ്ണുങ്ങളെയും.
അതിൽ ഒരു പെണ്ണിനോട്‌ എനിക്കെന്തോ വല്ലാത്ത ഇഷ്ടം തോന്നി.അവളുടെ കണ്ണിന് എന്തോ പ്രത്യേകത തോന്നി, മുഖത്തെ ശാലീനത ആരെയും ഒന്ന് നോക്കാൻ പ്രേരിപ്പിക്കും.
അത്‌ കൊണ്ടായിരിക്കാം അവളാ സിനിമയിൽ ശാലിനിയായത്.
അവളുടെ പേര് അന്വേഷിച്ചു.
ശോഭ.ഒരുകാലത്തെ കോളേജ് വിദ്യാർത്ഥികളുടെ കാമുകീരൂപം.
പക്ഷെ ‘ആ കാലത്തെ വശ്യസൗന്ദര്യരൂപവും, ആരും നോക്കുന്ന മാറിടവും ഇല്ലാത്ത ശോഭയെ ഞങ്ങൾ സ്നേഹിച്ചിരുന്നത് അവരുടെ മുഖത്തെ ഭാവാഭിനയം കൊണ്ടാണെ‘ന്ന് അന്വേഷണത്തിൽ ഒരു പഴയ കുട്ടി പറഞ്ഞു.
എത്രയോ പേരുടെ അഭിനിവേശമായിരുന്നു അവർ.
ഞാനാ സിനിമ കണ്ടു. പണ്ട് സംസ്‌കൃതം ക്ലാസ്സിൽ ടീച്ചറ് പറഞ്ഞ ശാലിനി എന്ന കൂട്ടുകാരിയെ അറിഞ്ഞു.
എനിക്കും ഡിഗ്രികാലത്ത് നല്ലൊരു കൂട്ടുകാരി ഉണ്ടായിരുന്നു.
ലക്ഷ്മി. വാലിട്ടെഴുതുന്ന അവളുടെ കണ്ണുകൾക്ക് നല്ല ഭംഗിയായിരുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും എണ്ണിയെടുത്ത് പറയുന്ന അവൾക്ക് മുൻപിൽ മിക്കവാറും അക്ഷരങ്ങൾ വിഴുങ്ങിയ എന്റെ നാട്ടുഭാഷ എനിക്ക് തന്നെ ബോറായി തോന്നി.
എന്നെക്കാൾ ഉയരം കുറവായ അവളോടൊപ്പം നടക്കുമ്പോഴാണ് ഉയരമുണ്ട് എന്ന ആത്മധൈര്യം എനിക്കുണ്ടാവുന്നത്.
ഏതെങ്കിലും ഒരു വിഷയം ഉണ്ടാക്കി രണ്ടു പേരും കവിതകൾ എഴുതുമായിരുന്നു.
ചിലപ്പോൾ സമസ്യാപൂരണം പോലെ
അവളെഴുതിയ വരികളുടെ ബാക്കി ഞാനും, ഞാനെഴുതിയതിന് ബാക്കി അവളും പൂരിപ്പിക്കും.
ഞങ്ങളുടെ രണ്ടാളുടെ വീട്ടിലും ആൺമക്കൾ ഇല്ലാത്തതിന്റെ ഉൾഭയം ഉള്ളതിനാൽ ഞങ്ങൾ ആൺകുട്ടികളോട് ഒട്ടും കമ്പനി അല്ലായിരുന്നു.
പറയാനും പരിഭവിക്കാനും ഞങ്ങൾ തന്നെ വിഷയങ്ങൾ സൃഷ്ടിച്ചു.
ഡിഗ്രി കഴിഞ്ഞ് ആ സൗഹൃദം നഷ്ടപ്പെട്ടു.
ചില നഷ്ടബന്ധങ്ങൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്.
ലക്ഷ്മിയെ കുറേ കാലം കണ്ടില്ല.
കൊറോണ നാളുകളിലാണ് ഒരു എഫ്. ബി റിക്വസ്റ്റ് ആയി അവൾ വീണ്ടും വന്നത്.
ഞങ്ങൾ വീണ്ടും കണ്ടത്!
സൗഹൃദം വീണ്ടെടുത്തത്.
ശാലിനിയെയും, അമ്മുവിനെയും പോലെ കവിതകൾ ചൊല്ലിയത്.
പ്രേമത്തിന്റെ അനന്തമായ ഭാവത്തോടെ ശങ്കരാഭരണത്തിൽ മാധുരി പാടുമ്പോൾ അത്‌ അനുഭവിക്കാൻ കഴിഞ്ഞു.
ഒരു നിശബ്ദപ്രണയത്തിന്റെ അറിയാക്കഥ ഈ പാട്ടിന് പിന്നിലുണ്ടത്രെ. എം. ഡി.രാജേന്ദ്രൻ തന്നെ പരിചയപ്പെടാൻ വന്ന സുന്ദരിയായ ആരാധികക്ക് വേണ്ടി എഴുതിയതാണെന്ന് എവിടെയോ വായിച്ചു .ഒരു ലളിതഗാനമായി എഴുതിയ ഈ പാട്ട് വീണവിദ്വാനായ അനന്തപത്മനാഭൻ ബാഗേരി രാഗത്തിൽ ആകാശവാണിക്ക് വേണ്ടി മനോഹരമായി ചിട്ടപ്പെടുത്തി.
സിനിമയിലേക്ക് ചേർക്കാൻ വേണ്ടി ‘ഹിമശൈലസൈകതഭൂമിയിൽ’ എന്ന പല്ലവി അതിന്റെ തുടക്കത്തിൽ എഴുതി ചേർത്ത് ശൈലി മാറ്റിയതാണ്.
‘അരിമുല്ലമൊട്ടുകൾ
പാതിവിടർന്ന നിൻ
അധരം കാണിച്ചു തന്നു’
എന്ന വരി വായിച്ച് ദേവരാജൻ മാസ്റ്റർ “കൊള്ളത്തില്ല, തന്റെ പല്ലവിയുടെ നിലവാരത്തിനൊത്ത് ചരണം നിൽക്കുന്നില്ല. അരിമുല്ലയും അധരവും എടുത്ത് കളഞ്ഞ് വൃത്തിയുള്ള വേറൊരു വരി എഴുതിക്കൊണ്ട് വാ” എന്ന് പറഞ്ഞ കഥയും പിന്നീടെപ്പഴോ വായിച്ചു.
മികച്ച വരികളാണ് പിന്നെ ഉണ്ടായത്.
‘നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരു
നീലാഞ്ജനതീർത്ഥമായി,
പുരുഷാന്തരങ്ങളെ കോൾമയിൽകൊള്ളിക്കും
പീയൂഷവാഹിനിയായി’
രാത്രിയുടെ മൂന്നാം യാമത്തിൽ ശിവൻ വിട്ടുപിരിഞ്ഞതായി സ്വപ്നം കണ്ട പാർവ്വതി ഉന്മാദത്തിലെന്നോണം പരിഭവിക്കുന്നുണ്ട്.
ശിവന്റെ അനുഗ്രഹം ലഭിച്ചതിനാൽ മഴ പെയ്തു.
ആദ്യത്തെ തുള്ളി പതിച്ചത് പാർവ്വതിയുടെ കെട്ടിവെച്ച തലമുടിയിലാണ്. നിഗൂഢസ്മിതത്തോടെ അത്‌ നെറ്റിയിലൂടെ ചുണ്ടിലേക്കും,മെല്ലെ മെല്ലെ താഴോട്ടിറങ്ങി പൊക്കിൾച്ചുഴി വഴി അപ്രത്യക്ഷമാവുന്നതാണ് കാളിദാസസങ്കൽപം.
കാളിദാസന്റെ അതിവിശിഷ്ടമായ കാവ്യസരണി വിവർത്തനത്തിന് വൈഷമ്യമുളവാക്കുമെങ്കിലും മന്മഥൻ നായർ മൈനാഗപ്പള്ളിയുടെ ‘കുമാരസംഭവം ’ എന്ന മലയാളപുസ്തകം പിൽക്കാലത്താണ് ഞാൻ വായിച്ചത്.
വിവാഹാനന്തരമുള്ള ശിവപാർവ്വതീ കാമകേളികൾ വർണ്ണിച്ചുകൊണ്ട് കാവ്യം സമാപിക്കുമ്പോൾ കുമാരന്റെ ജനനം ഉണ്ടായില്ല.
‘കുമാരസംഭവം ’ സുബ്രഹ്മണ്യകുമാരന്റെ ജനനമാണെന്ന് മുൻപ് ടീച്ചർ പറഞ്ഞിട്ടുണ്ട്.
അതില്ലാതെ കൃതി അപൂർണ്ണമാണെന്ന് ഇന്നും പലരും പറയുന്നു.
എന്നാലും കാളിദാസനിലൂടെ ഒരു സിനിമാഗാനം തേടി വന്ന എനിക്ക് അർഥവ്യാപ്തിയുള്ള ഒരു കവിത കേൾക്കാൻ കഴിഞ്ഞു.
നല്ലൊരു സിനിമ കാണാൻ കഴിഞ്ഞു.
ശാലിനി എന്ന കൂട്ടുകാരി പുറത്തിറങ്ങി ഏതാനും മാസങ്ങൾക്കകം ശോഭ സ്വയം ജീവനൊടുക്കി.
കൂട്ടുകാരിയായി അഭിനയിച്ച ജലജയുടെ ഓർമ്മകൾ കേട്ട് എനിക്ക് സങ്കടം വന്നു.
ഗുരുവായൂരപ്പൻ കോളേജിലെ ഷൂട്ടിങ്ങിൽ അവർ ഒരുമിച്ച് ആസ്വദിച്ച് അഭിനയിച്ചതും, കോഴിക്കോട് അളകാപുരിയിൽ ഒരുമാസത്തിലേറെ താമസിച്ചതും എന്നിട്ടും പതിനെട്ടു വയസ്സിൽ ഉർവശി അവാർഡ് വാങ്ങിയ കൊച്ചുപെൺകുട്ടി പത്തൊൻപതാം വയസ്സിൽ ജീവനൊടുക്കിയത് അവർക്കിന്നും വിശ്വസിക്കാൻ ആവുന്നില്ല.
‘കാലം ഘനീഭൂതമായ്നിൽക്കുമക്കരെ
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയി ഞാൻ എന്റെ സ്മൃതികളേ ’
എന്ന് പാടുമ്പോൾ അവരിപ്പോഴും നിഷ്കളങ്കമായി ചിരിക്കുന്നുണ്ടാവണം..

വിജിഷ വിജയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.