4 November 2024, Monday
KSFE Galaxy Chits Banner 2

വാക്കു തെറ്റിച്ച ജാതകം

വിജിഷ വിജയന്‍
May 11, 2022 5:51 pm

സുരഗുരുവായ ശുക്രാചാര്യൻ കുടിയന്മാരെ ശപിക്കുന്ന ഒരു ഭാഗമുണ്ട് മഹാഭാരതത്തിൽ. അദ്ദേഹത്തിന് മാത്രമറിയുന്ന ‘സഞ്ജീവനീമന്ത്രം’ കൊണ്ട് യുദ്ധത്തിൽ കൊല്ലപ്പെടുന്ന അസുരന്മാരെയെല്ലാം ശുക്രാചാര്യർ ജീവിപ്പിച്ചു. സഹികെട്ട് ദേവന്മാർ ദേവഗുരുവായ ബൃഹസ്പതിയുടെ മകനായ കചനെ ശുക്രാചാര്യരുടെ അടുത്തേക്ക് അയച്ചു. കചൻ അദ്ദേഹത്തിന്റെ ശിഷ്യനായി കഴിഞ്ഞു.
അങ്ങനെയിരിക്കെ അസുരന്മാർക്ക് കചനെക്കുറിച്ച് സംശയമായി.അവർ അയാളെ പല വിധത്തിൽ അപായപ്പെടുത്തി. അപ്പോഴൊക്കെയും ശുക്രാചാര്യർ കചനെ ജീവിപ്പിച്ചു. ഒടുവിൽ കചനെ ചുട്ടുപൊടിച്ച് അസുരന്മാർ മദ്യത്തിൽ കലക്കി ശുക്രാചാര്യരെക്കൊണ്ട് കുടിപ്പിച്ചു. സുരാപാനത്തിന്റെ ചതിയിൽ പെട്ടുപോയ മുനി ഘോരമായ സംജ്ഞാനാശം അറിഞ്ഞു. വിദ്വാനായ കചനെക്കൂടി താൻ മദ്യത്തോട് കൂടി സേവിച്ചതോർത്ത് സ്വയമേവ ക്രുദ്ധനായി. അദ്ദേഹം മദ്യപാനികളെ ശപിച്ചു. “ഇന്ന് മുതൽ ഏതൊരു വ്യക്തിയാണോ മദ്യം പാനം ചെയ്യുന്നത് മന്ദബുദ്ധിയായ അവൻ ധർമ്മം വിട്ട് ബ്രഹ്മഹത്യാപാപമേറ്റ് നിന്ദ്യനാകട്ടെ.”
നിറയെ സൗഹൃദമുള്ളൊരു കവിതയായിരുന്നു അച്യുതേട്ടൻ, കള്ളും കഞ്ചാവും മാത്രമായിരുന്നു കൂട്ടിച്ചേർത്തെഴുതാനുള്ള ആലങ്കാരിക പ്രയോഗങ്ങൾ. പലപ്പോഴും കവി എ. അയ്യപ്പനെ ഓർത്തു. “കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയ്‌ ലഹരിയുടെ പക്ഷികൾ ” മദ്യവും മദിരാക്ഷിയും ഒരു പ്രയോഗമാണെന്നിരിക്കെ, മദിരാക്ഷിയില്ലാത്ത, ബ്ലാക്ക് ആൻഡ് വൈറ്റിൽ വർണ്ണാഭമല്ലാതെ എഴുതുന്നൊരു ധിക്കാരക്കവിത. “നട്ടെല്ലിലൊഴുകിയ പുഴ വരണ്ടു. എന്റെയും നിന്റെയും രക്തത്താൽ സമ്മിശ്രമായ ഈ ചില്ലുപാത്രങ്ങൾ ചുണ്ടോടാടുപ്പിക്കാം ” ‘ചിയേർസ് ‘എന്ന കവിത ചുണ്ടോടാടുപ്പിക്കുമ്പോൾ അകന്നുമാറുന്നൊരു കുടുംബമുണ്ട്. അത്തരമൊരു കുടുംബത്തിന്റെ കാരണവരാണ് എന്റെ മുന്നിൽ കഥ നിവർത്തിയിട്ടത്.. അറമുഖേട്ടൻ. അച്യുതേട്ടന്റെ ജ്യേഷ്ഠൻ. രണ്ട് വയസ്സേ മൂപ്പുള്ളൂ എങ്കിലും പ്രാരാബ്ദങ്ങൾ കോരിക്കുടിച്ച് അയാൾ കൂനിപ്പോയിരുന്നു.

ജീവിതമേ സൗഹൃദത്തിന് ഹോമിച്ചവരുണ്ട്. അതിന്റെ ആത്മസത്ത അപ്പാടെ ഊറ്റിയെടുത്തവർക്ക് അതൊരു ലക്ഷ്മണരേഖയാണ്. പുറത്ത് കടക്കാനാവാത്ത വിധം അതയാളെ വരിഞ്ഞു മുറുക്കിക്കൊണ്ടേയിരിക്കും. സുന്ദരമായ മറ്റു കാഴ്ചകളെല്ലാം അയാൾ നഷ്ടപ്പെടുത്തും. ആത്മസംയമനമുള്ള, ഒട്ടും വികൃതിയില്ലാത്ത അച്യുതേട്ടന്റെ കുട്ടിക്കാലം കണ്ണുമിഴിച്ചിരുന്ന് കേട്ടു. സൗഹൃദത്തിന് പുതുമ തേടാനുള്ള തിടുക്കമുണ്ട്. അതുകൊണ്ടാവാം അച്യുതേട്ടൻ കാലഹരണപ്പെട്ടുപോയത്. എനിക്ക് തേടിയെടുക്കാൻ അവശേഷിപ്പുകൾ കുറവായിരുന്നു.

വീടിന് എതിർവശമുള്ള ഗുഹയിൽ എന്റെ ഭീതിയുടെ ആൾരൂപമായി അയാൾ ജീവിച്ചു. രാത്രികാലങ്ങളിൽ ഉറക്കെ ആക്രോശിച്ചും, ഉച്ചമയക്കത്തിൽ ഗുഹക്കോണുകളിൽ ശാന്തനായുറങ്ങിയും സസുഖം കാലം കഴിച്ചു. 1952 ൽ പരിയാപുരത്തിന്റെ പ്രാന്തപ്രദേശമായ മുക്കോലയിൽ കുഞ്ഞമ്മുവിന്റെയും, അയ്യപ്പുട്ടിയുടെയും ഇളയ മകനായി ജനിച്ചു. “Ensure Reg­is­tra­tion of every birth and death.” അറമുഖേട്ടൻ നീട്ടിയ സർട്ടിഫിക്കറ്റിലെ വാചകം ഓർക്കുന്നു. ആർക്കുവേണ്ടിയാണ് മരണം റജിസ്റ്റർ ചെയ്യുന്നത്? ആർക്കാണതിന് ആവശ്യം? 27-10-2010 ന് അയാളൊരു മരിച്ച മനുഷ്യനായി എഴുതപ്പെട്ടു. ഒരുപക്ഷെ ജീവിച്ചിരുന്നപ്പോഴേ അയാളൊരു മരിച്ച മനുഷ്യനായിരുന്നേക്കാം.

അക്കാലത്ത് പത്ത് പാസാവുക എന്നത് വലിയ കാര്യമാണ്. അച്യുതേട്ടന് ഗവണ്മെന്റ് ജോലി വളരെ ചെറുപ്പത്തിലേ കിട്ടിയിരുന്നു. താനൂർ ബ്ലോക്കിലെ മൃഗാശുപത്രിയിൽ. ഇടക്കേതോ പഞ്ചായത്തിലേക്കും പി. എസ്. സി വിളിച്ചു. ചെറിയ പ്രായത്തിൽ തന്നെ സ്‌ഥിരവരുമാനം കിട്ടിയ ഭാഗ്യവാൻ എന്ന പദവി അയാൾ ചെറുതായി ദുരുപയോഗം ചെയ്തു തുടങ്ങി. മദ്യപാനം തുടങ്ങി. സുഹൃത്തുക്കളുടെ സ്വാധീനം മൂലം ഒരു കൗതുകത്തിന് മദ്യം രുചിക്കുന്ന പലർക്കും അതിൽ നിന്നൊരു മോചനം ലഭിക്കാത്ത പോലെ അച്യുതേട്ടനും അതിൽ നിന്നും പുറത്തുകടക്കാനായില്ല. ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുക എന്നതിലുപരി മദ്യപാനവും ഒരു ഹീറോയിസമാണല്ലോ..

അയാളൊരു ധൈര്യശാലിയായിരുന്നു. നിഷേധിയും. ആരെയും വില വെക്കില്ല. തികഞ്ഞ രാഷ്ട്രീയക്കാരൻ. പരിയാപുരത്തിന്റ ജനതാപാർട്ടി വേരുകളിൽ അജയ്യനായ പോരാളി. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 21 മാസങ്ങൾ ആയിരുന്നു 1975ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ. ആർ.എസ്.എസ് അനുഭാവികളായ ഗോപാലേട്ടനും, കുമാരേട്ടനും, കുഞ്ഞുമോനേട്ടനും ഒപ്പം അറമുഖേട്ടനും ജയിലിലായി. കോൺഗ്രസ്സിന്റെ കൊടിയും, ബോർഡും കാണാനില്ല എന്നതായിരുന്നു കാരണം. എന്തോ പോസ്റ്റർ ഒട്ടിച്ചതിന് അറമുഖേട്ടന് കുറേ തല്ലും കിട്ടി. “ആക്കാലത്ത് പോലീസ്റ്റേഷൻ ഇപ്പത്തെപ്പോലെ സുഖമൊന്ന്വല്ല, നല്ല തല്ലു കിട്ടും.അന്ന് ഞങ്ങളെയൊക്കെ ഇറക്കി കൊണ്ടു വരാൻ വന്നതും, പോലീസിനോട് സംസാരിച്ചതും അച്യുതനാണ്. ഓനായിരുന്നു മ്മളെ നാട്ടിലെ വല്ല്യ ജോലിക്കാരൻ ” അറമുഖേട്ടൻ പറയുമ്പോ അനുഭവിച്ചതിന്റെ ചൂട് മുഖത്ത് കാണുന്നുണ്ട്.
ഇരുപത്തിമൂന്ന് വയസ്സിൽ ജോലി കിട്ടിയപ്പോൾ ഗവൺമെന്റ് വക യാത്രയ്ക്ക് സൈക്കിൾ കൊടുത്തിരുന്നു. കുടിയും വലിയും തുടങ്ങിയതിനു ശേഷം ആ സൈക്കിൾ പിന്നാരും കണ്ടില്ല. ആരോ മോഷ്ടിച്ചു എന്നയാൾ ഗവണ്മെന്റ് മുന്നാകെ ബോധിപ്പിച്ചു. മദ്യപിച്ചാൽ മൂക്കുമുട്ടെ തിന്നുന്ന വിചിത്ര സ്വഭാവക്കാരനായിരുന്നു അച്യുതേട്ടൻ. തീറ്റ കൂടിയപ്പോൾ ഒരു ദിവസം കുഞ്ഞമ്മു അമ്മ അറമുഖേട്ടനോട് സ്വകാര്യം പറഞ്ഞു. “എന്താ പറ്റീതാവോ, ഓന് പെരുംതീറ്റ.” അതിന് ശേഷമാണ് പോക്കറ്റിൽ നിന്ന് തരുതരുപ്പുള്ള തേയിലഷ്ണങ്ങൾപോലെ ഒന്ന് കണ്ടത് . തൊട്ട് നാവിൽ വെച്ചപ്പോൾ പ്രത്യേകിച്ചൊരു രുചിയും തോന്നിയില്ല. പക്ഷെ അനുഭവേദ്യമായ ഒരു ഉന്മാദം അതിനുണ്ടെന്ന് എല്ലാവർക്കും തോന്നി. അറമുഖേട്ടൻ എല്ലുമുറിയെ നാട്ടുപണിയെടുത്തും, ഗൾഫിൽ ചുടുവെയില് കൊണ്ടും ചോര നീരാക്കിയപ്പോൾ, അച്യുതേട്ടൻ ആഡംബരത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു. അമ്മ ചൂടിപിരിച്ചു കിട്ടുന്ന പണം, ചെറിയ മോനാണെന്ന ഓമനത്തം കാണിച്ച് വാങ്ങിയെടുക്കും.
കുട്ടിക്കാലത്തെ ഏതെങ്കിലും നല്ലൊരു ഓർമ്മ പറയാൻ പറഞ്ഞപ്പൊ അറമുഖേട്ടൻ മാനം നോക്കി ചിരിച്ചു. കുഞ്ഞുനാളിൽ കൊച്ചനിയനെയും കൊണ്ട് കോളനിക്കിണറിൽ കുളിക്കാൻ പോയത് പറയുമ്പോ അമ്മുക്കുട്ടിയെ കുഞ്ഞാവുമ്പോ കുളിപ്പിക്കുന്നത് ഞാനോർത്തു. അവളുടെ കുഞ്ഞു വിരലുകൾ നിവർത്തി വെച്ച് കൈപ്പത്തിയുടെ നടുവിൽ ഉമ്മ വെക്കുമ്പോ കവിളത്തെ കാക്കക്കുത്ത് ചിരിക്കും. “നീ വലുതാവണ്ടായിരുന്നു എന്ന് ഞാൻ പറയും.” അച്യുതേട്ടനെ വെള്ളം മുക്കിപ്പാർന്ന് കുളിപ്പിക്കുമ്പോ, “ഓടിക്കോ അമ്മ വരുന്നൂ “ന്ന് പറഞ്ഞ് അറമുഖേട്ടൻ ഓടി. പ്ധോം.. ഒറ്റ വീഴ്ച. മൂപ്പര് കിടക്കുന്നത് കിണറിൽ. ആക്കാലത്ത് കിണറിന് ആൾമറയില്ലായിരുന്നു. അച്യുതേട്ടൻ ആദ്യം നോക്കി ചിരിച്ചെങ്കിലും ചേട്ടന്റെ കരച്ചില് കേട്ട് അനിയനും കരയാൻ തുടങ്ങി. കുറേ നേരം കഴിഞ്ഞ് അയൽക്കാരൻ കൃഷ്ണേട്ടൻ പോകുന്നത് കണ്ടു. കരഞ്ഞു കൊണ്ട് അച്യുതേട്ടൻ അയാളെ വിളിച്ചു വരുത്തി കിണറിലേക്ക് ചൂണ്ടികാണിച്ചു. അറമുഖേട്ടൻ കൈകാലിട്ടടിച്ചു. എങ്ങനെയൊക്കെയോ കപ്പിയും, കയറും പിടിച്ച് അയാളാ കൊച്ചു പയ്യനെ പൊക്കിയെടുത്തു. അമ്മ അറിയണ്ടാന്ന് പരസ്പരം ചട്ടം കെട്ടിയ സ്വകാര്യം എങ്ങനെയോ അമ്മ അറിഞ്ഞതും വഴക്ക് കേട്ടതും പറഞ്ഞ് അറമുഖേട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചു. അവരങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യമായി കാണുകയാണ്. ബാല്യമാണ് നല്ല ഓർമ്മകളുടെ നേടുംതൂണെന്ന് ഞാൻ അറിയുകയായിരുന്നു.

അച്യുതേട്ടന്റെ മദ്യപാനവും,കഞ്ചാവ് വലിയും ദിവസം തോറും കൂടി വന്നു. ക്രമേണ വീടൊരു കലാപഭൂമിയായി. തർക്കങ്ങളും, തന്നിഷ്ടവും നിരന്തരം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു. അങ്ങനെയാണ് സർവ്വോദയാശ്രമത്തിന് താഴെ ഉള്ള നാല് സെന്റ് ഭൂമിയിൽ ജ്യേഷ്ഠന്മാർ വീടുണ്ടാക്കികൊടുത്തത്. ആശ്രമക്കിണറും, അതിന്റെ ഭാഗങ്ങളും അയാൾ സ്വതന്ത്രമായി ഉപയോഗിച്ചു. ആരും നിയന്ത്രിക്കാനില്ലാത്ത ജീവിതത്തെ തോന്നിയ പോലെ കെട്ട് പൊട്ടിച്ച് വിട്ടു. അച്യുതേട്ടൻ ഭ്രാന്തനാണെന്ന്, ഞാനടക്കമുള്ള കുട്ടികളെല്ലാവരും വിശ്വസിച്ചു. ആശ്രമത്തിന്റെ പടികൾ ഇറങ്ങുവാൻ ഞങ്ങൾ പേടിച്ചു. കുട്ടികൾക്ക് ആഹാരം കൊടുക്കാനും, പഠിപ്പിക്കാനും, അനുസരിപ്പിക്കാനുമൊക്കെ അമ്മമാർ അച്യുതേട്ടന്റെ പേര് ദുരുപയോഗം ചെയ്തു.

ലഹരി തലയ്ക്കുപിടിച്ച് ജോലിക്ക് പോവാതെ അത് നഷ്ടപ്പെടുത്തി. പെൺവിഷയത്തിൽ ഒട്ടും താല്പര്യമില്ലാത്ത വ്യക്തിയായതിനാൽ താല്പര്യങ്ങളുടെ മഞ്ഞദ്രാവകം വെള്ളത്തിലും, കഞ്ചാവ് പൊടികൾ ബീഡിപ്പുകയിലും അലിഞ്ഞു. അൽക്കഹോളിസം എന്ന വലിയ രോഗത്തിന് അയാൾ അടിമപ്പെട്ടു. ഒറ്റക്കുള്ള ജീവിതം ആഘോഷമാക്കി. നാട്ടുകാർ അയാളെ പേടിച്ചു. പക്ഷെ അനാവശ്യമായ ഒരു നോട്ടം പോലും അയാളിൽ നിന്നുണ്ടായില്ല. അത്രക്ക് ജീവിതം ആസ്വദിച്ചൊരു മനുഷ്യൻ പരിയാപുരത്ത് ഉണ്ടാവില്ല. പക്ഷെ ആരുമറിയാതെ മരിക്കുന്ന ഒറ്റപ്പെട്ടവരെക്കുറിച്ചോർക്കുമ്പോൾ വേദനയാണ്. വീടും വീട്ടുകാരുമില്ലാതെ, കൈക്കോട്ട് പോലെ വലിച്ചെടുത്തതെല്ലാം അന്യംനിന്ന് പോകുന്ന മനുഷ്യന്റെ ദുരവസ്ഥ ജീവനുള്ള കാലം അവൻ ഓർക്കാതെ പോകുന്നു. വേഗത്തിലോടുന്ന ലോകത്ത് ജീവിക്കുന്നതിനാൽ മറ്റൊരാളെക്കുറിച്ച് ആരും ചിന്തിക്കുന്നുപോലുമില്ല. ആരുമറിയാതെ ഒരു ദിവസം അച്യുതേട്ടൻ മരിച്ചു കിടന്നു. പിന്നാരൊക്കെയോ വന്നു. 2010 ഒക്ടോബർ അഞ്ചിന് ശരിക്കും അയാൾ മരിച്ചപ്പോൾ ആശ്രമം അനാഥമായി. അയാളപ്പോഴും ആരോഗ്യത്തോടെ കണ്ണടച്ചു കിടന്നു. കേരളത്തിന്റെ മദ്യദുരന്ത പട്ടികയിലേക്ക് മറ്റൊരു പേര് കൂടി ചേർക്കപ്പെട്ട കുറ്റിപ്പുറം വ്യാജമദ്യദുരന്തം നടന്ന കള്ള്ഷാപ്പിൽ നിന്നും കള്ള് മോന്തുന്നത് കണ്ടവരുണ്ട്. മെല്ലെ മെല്ലെ അച്യുതേട്ടൻ ഇല്ലാതായി. അച്യുതേട്ടന്റെ കഥ കുറേ കാലമായി പകുതിയായി കിടക്കുകയായിരുന്നു . ഏറെയെഴുതാൻ അറിയാത്തതുകൊണ്ട് മാത്രം പാതിയാവുന്ന കഥകളുണ്ട്. എഴുത്തുകാർക്കും, വായനക്കാർക്കും ഇത് പൂർത്തിയായില്ല എന്നറിയാമായിരുന്നിട്ടും ഫുൾസ്റ്റോപ്പിട്ട് തീർക്കുന്നവ. അച്യുതേട്ടൻ അങ്ങനെ ഒരാളാണ്. കൂടുതലായി ആർക്കും അറിയാത്ത അത്തരം ആളുകളുടെ പിടി കിട്ടാത്ത രഹസ്യങ്ങൾ തേടുക കുറച്ചു ബുദ്ധിമുട്ടാണ്. കൂട്ടുനടക്കാൻ മറ്റൊരു ലഹരിയുമില്ലാതെ തേടി നടക്കുക അതിലേറെ പ്രയാസകരം.

“അച്യുതം കേശവം രാമനാരായണം ” എന്ന് സന്ധ്യക്ക്‌ വിളക്ക് കൊളുത്തി നാമം ചൊല്ലുന്ന കുട്ടിപ്പാവാടക്കാരി അച്യുതേട്ടനെ പേടിച്ച് “കേശവം രാമനാരായണം “എന്ന് മാത്രം ചൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്തേക്ക് മുഖം കാണിച്ച് നിൽക്കുന്ന ഇളംപച്ചയുടുപ്പിട്ട വീടിന്റെ ഉമ്മറത്തിരുന്ന് രാമനാമം ചൊല്ലുമ്പോഴും, “ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന് ജീവനിൽ ചേർത്ത് തന്നെ ചൊല്ലുന്നു.”
മദ്യത്തോടെനിക്ക് മമതയില്ല. നിമിഷനേരത്തേക്കെങ്കിലും മനസ്സിനെ മരവിപ്പിക്കുന്ന അത്തരം വസ്തുക്കളോടെന്തിനാണിത്ര പ്രിയം? ലഹരി തരുന്ന സുഖങ്ങളൊന്നും ശാശ്വതമല്ലല്ലോ, കലർപ്പില്ലാത്ത ഒരു പുഞ്ചിരി പോലും സ്വർഗീയമായി തോന്നുന്ന ഞാനിതാ അച്യുതേട്ടനെ വായനക്കാർക്കിടയിലേക്ക് ഉപേക്ഷിക്കുന്നു. വായിക്കാം, ആസ്വദിക്കാം.. പക്ഷെ അയാളെ അനുകരിക്കുക അസാധ്യം..
“പുരയില്ലാ, പൂവില്ലാ ഇര ചുടാൻ തീയില്ലാ കരം മുത്താൻ കൈയ്യില്ല, ഉണ്ടല്ലോ നെഞ്ചിലെല്ലാം. ”

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.