മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള മാധ്യമമാണ് ഭാഷ. ഭാഷാ വികാസം എന്നത് കുട്ടികള്‍ ഭാഷ മനസ്സിലാക്കുകയും അത് ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുന്നതാണ്. ജനനത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഭാഷാവികാസം ആരംഭിക്കുന്നു. കുട്ടികളിലെ ഭാഷാവികാസം വളരെ പ്രാധാന്യമുള്ളതാണ്. ഭാഷാ വികാസത്തിലെ താമസം മറ്റു പ്രശ്‌നങ്ങളുടെ സൂചനയാവാം. ഉദാഹരണത്തിന് കേള്‍വിക്കുറവ്, ബുദ്ധി വികാസത്തിലുള്ള പ്രശ്‌നങ്ങള്‍, ഓട്ടിസം തുടങ്ങിയവ.
ഭാഷയെ Receptive language and Expressive language എന്ന് തരംതിരിക്കാം. Receptive language എന്നത് കുഞ്ഞ് ഭാഷ മനസ്സിലാക്കുന്നതിനേയും Expressive language എന്നത് കുഞ്ഞ് ഭാഷാ സംസാരത്തിലൂടെയോ ആംഗ്യഭാഷയിലൂടെയോ ഉള്ള ആശയവിനിമയമാണ്.
നവജാത ശിശുക്കള്‍ ചുറ്റും കേള്‍ക്കുന്ന ശബ്ദം ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന് ‘ഊ, ഓ’ തുടങ്ങിയ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ ആരംഭിക്കുന്നു. മുതിര്‍ന്നവരുടെ സംസാരത്തിനോടുള്ള പ്രതികരണമെന്നോണം 2 മാസത്തോടുകൂടി കുഞ്ഞ് ചിരിക്കുന്നു. 4 — 5 മാസങ്ങളില്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയും ആറാം മാസത്തോടുകൂടി തുടര്‍ച്ചയായുള്ള ആദ്യ ശബ്ദങ്ങള്‍ ഉച്ചരിക്കാന്‍ തുടങ്ങുന്നു. ഉദാഹരണത്തിന് പപാപാ… ബബബ…
ഈ സമയം ശബ്ദം അനുകരിക്കാനും കുഞ്ഞുങ്ങള്‍ പഠിക്കുന്നു. 8 — 9 മാസങ്ങളില്‍ ‘അമ്മ’ — ‘അച്ഛ’ ഏതെങ്കിലും ഒരു വാക്ക് സംസാരിക്കാന്‍ ആരംഭിക്കുന്നു. പതിനൊന്നാം മാസം മുതല്‍ അമ്മ / അച്ഛനെ തിരിച്ചറിഞ്ഞ് വിളിക്കുവാന്‍ തുടങ്ങുന്നു.
ഒരു വയസ്സാകുന്നതോടു കൂടി 2–3 വാക്കുകള്‍ കുഞ്ഞ് പറയുകയും റ്റാറ്റാ, ബൈ-ബൈ കാണിക്കുകയും ചെയ്യുന്നു. ഒന്നേകാല്‍ വയസ്സിനുള്ളില്‍ കുഞ്ഞ് ചുറ്റുമുള്ള പരിചിതമായ വസ്തുക്കള്‍ ചോദിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുവാനും പാട്ടു കേള്‍ക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ ചലിപ്പിച്ച് പ്രതികരിക്കുകയും മുതിര്‍ന്നവരുടെ ചോദ്യത്തിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു. ഒന്നര വയസ്സിനുള്ളില്‍ കുഞ്ഞ് ശരീരഭാഗങ്ങള്‍ തിരിച്ചറിയുകയും തൊട്ടു കാണിക്കുകയും ചെയ്യുന്നു. രണ്ടു വയസ്സാകുന്നതോടു കൂടി കുട്ടി കൂടുതല്‍ വാക്കുകള്‍ സംസാരിക്കുന്നു — രണ്ടോ മൂന്നോ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സംസാരിക്കാന്‍ ആരംഭിക്കുന്നു. ചുറ്റുമുള്ള വസ്തുക്കളും ചിത്രങ്ങളും എല്ലാം തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഏതെങ്കിലും വസ്തു എടുത്തിട്ട് വരാനോ കൈയ്യിലിരിക്കുന്ന വസ്തു തരുവാനോ പറഞ്ഞാല്‍ കാര്യങ്ങള്‍ അനുസരിക്കാന്‍ തുടങ്ങുന്നു. ഇങ്ങനെയുള്ള ഭാഷാ വികാസം കുട്ടികള്‍ കാണിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടതാണ്. ഭാഷാ വികാസത്തില്‍ ബുദ്ധിമുട്ട് കുഞ്ഞുങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ വിദഗ്ദ്ധ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
english summary;Language development in children
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.