24 November 2024, Sunday
KSFE Galaxy Chits Banner 2

ചില വഖഫ് ചിന്തകള്‍

രമേശ് ബാബു
മാറ്റൊലി
December 16, 2021 7:30 am

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം കിട്ടിയതോടെ വര്‍ഗീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികളും അവരെ പോഷക സംഘടനയായി പ്രയോജനപ്പെടുത്തുന്ന പ്രസ്ഥാനങ്ങളും അങ്കലാപ്പിലാണ്. കേരള ജനതയില്‍ മതേതര ജനാധിപത്യ ആഭിമുഖ്യം വളരുന്നത് തങ്ങളുടെ നിലനില്പിന് ഭീഷണിയാണെന്നതിനാൽ അഭിലഷണീയമായ അത്തരം വളര്‍ച്ചയെ മുരടിപ്പിക്കാന്‍ അവര്‍ എല്ലാവിധ കുത്സിത നീക്കങ്ങളും നടത്തുകയും അതിന് തക്കം പാര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രബുദ്ധതയോടുള്ള ആഭിമുഖ്യം തങ്ങളുടെ നിലനില്പിന് വന്‍ ഭീഷണിയായി മാറുകയാണെന്ന് വര്‍ഗീയത അജണ്ടയായ സംഘടനകള്‍ ആശങ്കകളോടെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ വര്‍ഗീയതയെ ആളിക്കത്തിച്ച് മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ഒരു അവസരവും ഈ വിഭാഗങ്ങള്‍ പാഴാക്കില്ല. അണികള്‍ സമചിത്തരായാല്‍ തങ്ങള്‍ക്ക് ഭാവിയില്ലെന്ന് വര്‍ഗീയ കക്ഷികളുടെ നേതൃത്വം നന്നായി മനസിലാക്കുന്നുണ്ട്. നഖം നനയാതെ നത്തപിടിച്ചു ശീലിച്ചവര്‍ നിലനില്പിന്റെ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇത്തരം ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് മുസ്‌ലിം ലീഗ് എന്ന സംഘടനയ്ക്ക് വഖഫ് നിയമന വിവാദം വീണുകിട്ടിയിരിക്കുന്നത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ലീഗിന് പദ്ധതികളെല്ലാം പാളിയിരിക്കുകയാണ്. പേരിലെ സാമുദായിക പ്രതീകം സൂചകമായി കൊണ്ടുനടക്കുമ്പോഴും തങ്ങള്‍ മതേതര പ്രസ്ഥാനമാണെന്ന് വലിയ വായില്‍ പറഞ്ഞുകൊണ്ടു നടന്ന നേതാക്കളുടെ മനസിലിരിപ്പും തനിനിറവും കേരളീയര്‍ക്ക് മനസിലായി. ലീഗിന്റെ മനസിലെ ആകാശ കുസുമം അടുത്ത തെരഞ്ഞെടുപ്പിലും സുഗന്ധം പരത്തുകയില്ലെന്ന് അവര്‍ക്കിടയിലുള്ളവര്‍ക്കും വ്യക്തമായതുപോലെയാണ്. കോഴിക്കോട് കടപ്പുറത്ത് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ ഉയര്‍ന്ന വിവാദ പ്രസ്താവനകളും ഉന്മാദ പ്രതികരണങ്ങളും റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെയെല്ലാം ചോര്‍ത്തിക്കളഞ്ഞു. ഒടുവിലത്തെ ഖേദ പ്രകടനം കൂടിയായപ്പോള്‍ വഖഫ് പ്രശ്നം മുസ്‌ലിം ലീഗിന് അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് തന്നെയായി. മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ ഉയര്‍ന്ന അധിക്ഷേപ പരാമാര്‍ശങ്ങളിലൊന്ന് “ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം” എന്നായിരുന്നു.


ഇതുകൂടി വായിക്കാം; ലീഗ്, നിലപാട്, നിലവാരം


മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ ജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ഒരു ലീഗ് നേതാവിന്റെ അധിക്ഷേപം. ട്രാന്‍സ്ജെന്‍ഡറുകളേയും അദ്ദേഹം വെറുതെ വിട്ടില്ല. അവസാനം തങ്ങള്‍ ജനാധിപത്യ പാര്‍ട്ടിയല്ലെന്നും ഒരു വര്‍ഗീയ സംഘടന മാത്രമാണെന്നും ലീഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. മധ്യകാലത്തിലെവിടെയോ സ്തംഭിച്ചുപോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന താലിബാനിസത്തിന്റെ കേരള പതിപ്പുമാത്രമാണ് ലീഗ് എന്ന് അവര്‍ സ്വയം വ്യക്തമാക്കിയ സ്ഥിതിക്ക് കൂടുതല്‍ പരാമര്‍ശം അര്‍ഹിക്കുന്നില്ല. ലീഗിന്റെ നിലപാടുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇതര മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയത് സാംസ്കാരിക കേരളത്തിന് ആശ്വാസമാണ്. കേരളത്തിലെ മുസ്‌ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്നും ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അപ്പോഴും ലീഗിനെ ചുമക്കുന്ന ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ മൗനമാണ് മനസിലാകാത്തത്. വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത് ബോര്‍ഡ് തന്നെയാണ്. സര്‍ക്കാരിന് കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. 1995 ലെ വഖഫ് നിയമ പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള ഒരു നിയമാനുസൃത സംഘടനയാണിത്. വഖഫ് നിയമം അനുശാസിക്കുന്ന പ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. വഖഫ് ആക്ടില്‍ കൃത്യമായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ പിഎസ്‌സി നിയമനം സംബന്ധിച്ച് വിവിധ ഘട്ടങ്ങളും നിയമസഭയിലെ ചര്‍ച്ചയുമെല്ലാം കഴിഞ്ഞുവെന്നും ആ ഘട്ടങ്ങളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്കണമെന്ന് മാത്രമായിരുന്നു മുസ്‌ലിം ലീഗിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമക്കിയിട്ടുള്ളതാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ വഖഫ് നിയമനം വലിയ പ്രശ്നമാക്കാന്‍ ലീഗ് ശ്രമിച്ചത് വ്യക്തമായ അജണ്ടകളോടെയായിരുന്നെങ്കിലും അത് അവര്‍ക്ക് വന്‍തിരിച്ചടിയായി മാറി. വര്‍ഗീയ ഫാസിസം ശക്തമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് മുസ്‌ലിം ലീഗിന്റെ ബുദ്ധിശൂന്യമായ സമീപനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ഇന്ധനം പകരുകയേ ഉള്ളൂ. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ആഗോള ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ഭൂരിപക്ഷ വംശീയതയുടെ പ്രയോക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ശ്രമിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിന് പിന്നില്‍ അണിനിരന്ന് മതേതര പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ ശക്തമാക്കുവാനാണ്. ഭരണഘടനയാണ് മതവും മതഗ്രന്ഥവും എന്ന ചിന്തയാണ് വളരേണ്ടത്. കേരളത്തിന് എപ്പോഴും ബദലാക്കാവുന്ന മാതൃക 1987ലെ തെരഞ്ഞെടുപ്പ് വിജയമാണ്. ജനാധിപത്യം എന്നാല്‍ ചര്‍ച്ചയിലൂടെയുള്ള ഭരണനിര്‍വഹണമെന്നാണ് ഗ്രീക്ക് ചിന്തകന്‍ പ്ലാറ്റോ വ്യാഖ്യാനിക്കുന്നത്. ഏത് വഖഫ് പ്രശ്നവും ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.