2 January 2025, Thursday
KSFE Galaxy Chits Banner 2

ജീവിത സായാഹ്നങ്ങളിലെ മനുഷ്യ ജീവിതം

സി ദിവാകരൻ
January 6, 2022 7:45 am

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ സാമൂഹ്യശാസ്ത്രജ്ഞന്മാരും രാഷ്ട്രമീമാംസകരും ജനസംഖ്യാവർധനവ് സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് ഗൗരവമേറിയ ചിന്തകൾ പങ്കുവയ്ക്കുന്നു. ജനപ്പെരുപ്പം ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുനടപ്പിലാക്കിയാൽ ഒരു ജനതയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാതെ ജനസംഖ്യാവർധനവ് പുരോഗതിയെ തടയുമെന്ന വാദം യുക്തിഭദ്രമല്ല. കഠിനാധ്വാനപ്രായക്കാർ പ്രത്യേകിച്ച് യുവാക്കൾ സമൂഹത്തിൽ സന്നദ്ധരായി മുന്നോട്ടുവരികയും ആധുനിക‑ശാസ്ത്ര‑സാങ്കേതിക വൈദഗ്ധ്യം ഫലപ്രദമായി വിനിയോഗിക്കുകയും ചെ­യ്താൽ സമൂഹം വിസ്മയകരമായ ഭൗതിക പുരോഗതിയുടെ പാതയിലെത്തുമെന്നതിനുള്ള ഉദാഹരണങ്ങളാണ് “ഏഷ്യൻ ടൈഗേഴ്സ്” എന്നറിയപ്പെടുന്ന ഏഷ്യയിലെ ദക്ഷിണകൊറിയയും തായ്‌വാനും സിംഗപ്പൂരും പോലുള്ള രാജ്യങ്ങൾ. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹീതമായ സമ്പത്തായ യുവജനങ്ങളെ രാഷ്ട്രത്തിന്റെ പുരോഗതിയുടെ പാതയിൽ കർമ്മനിരതരായി നയിക്കാനുള്ള ഭരണകൂടവും സംവിധാനങ്ങളും ഇവിടെ പരാജയപ്പെടുകയാണ്. രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഈ വിഷയം ഗൗരവമായി പരിഗണിക്കാതെ ജനപ്പെരുപ്പത്തിന്റെയും വാർധക്യത്തിന്റെയും ആയുര്‍ ദെെര്‍ഘ്യത്തിന്റെയും തൊടുന്യായങ്ങൾ പറഞ്ഞ് ഭരണവർഗം തടിതപ്പുന്നതാണ് രാജ്യത്തിന്റെ ശാപം. മനുഷ്യവിഭവമെന്ന വിലമതിക്കാനാവാത്ത സമ്പത്തിനെ കേവലം വോട്ടുബാങ്കുകളായി കാണുകയും തെരഞ്ഞെടുപ്പുകാലത്ത് ജീവിതസായാഹ്നങ്ങളിൽ അനാഥരായിത്തീരുന്നവർക്കായി വർണശബളമായ വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ വഞ്ചിക്കുന്ന പ്രക്രിയ ഇവിടെ ആവർത്തിക്കപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഭരണാധികാരികൾ അതിശക്തവും കാര്യക്ഷമവുമായ നിരവധി പദ്ധതികൾ വാർധക്യങ്ങളിലെത്തുന്നവർക്കും കുട്ടികൾക്കുമായി നടപ്പിലാക്കുന്നു. ഇന്ത്യയിൽ ബാല്യം അനാഥവും; വാർധക്യം ശാപവുമായി മാറുന്ന സാമൂഹ്യസ്ഥിതി ഇപ്പോഴും നിലനില്‍ക്കുന്നു. സമൂഹത്തിന്റെ ഈ രണ്ടു ഘടകങ്ങളെയും സ്റ്റേറ്റ് സംരക്ഷിക്കണമെന്ന ഭരണഘടനാ അവകാശം പോലും നിഷേധിക്കപ്പെടുന്നു. ഈ അടുത്തകാലത്ത് ഇന്ത്യയിലെ ദേശീയ കുടുംബാരോഗ്യരംഗത്തെ സ്ഥിതിഗതികളെക്കുറിച്ച് നടന്ന നാഷണൽ സർവേ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ പുറത്തുവിട്ടു. ഗർഭിണികളും കുട്ടികളും പോഷകാഹാരക്കുറവു കാരണം രോഗികളായി മാറുന്നു. ശിശുമരണങ്ങളും പ്രതിവർഷം വർധിച്ചുവരുന്നു. ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങളും ഈ വസ്തുതകൾ സ്ഥിരീകരിക്കുകയാണ്. യുവാക്കളെ സംരക്ഷിക്കുകയും അവരുടെ യുവത്വം ഫലപ്രദമായി രാഷ്ട്ര പുനർനിർമ്മാണത്തിലേക്ക് തിരിച്ചുവിടാൻ പര്യാപ്തമായ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. അവരുടെ ജീവിത സായാഹ്നങ്ങളിൽ വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു സംരക്ഷിക്കണം. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആയുസിന്റെ ദൈർഘ്യവും വർധിച്ചുകൊണ്ടിരിക്കുന്നതായി 1970–75 കാലയളവിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ശരാശരി ജീവിതദൈർഘ്യത്തിന്റെ പ്രായം 50തിൽനിന്ന് 70ലേക്ക് വർധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് 60 വയസ് കഴിഞ്ഞവരുടെ എണ്ണം 137 ദശലക്ഷമായി മാറി. ഈ വർധനവ് 2050ലെത്തുമ്പോൾ 195ദശലക്ഷമായിമാറും. ഈ ജനവിഭാഗത്തിന്റെ അനുഭവങ്ങളും അറിവും സമർത്ഥമായി രാഷ്ട്രപുരോഗതിക്കുവേണ്ടി വിനിയോഗിക്കാൻ പുതിയപദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്. വൃദ്ധജനങ്ങളുടെ ആരോഗ്യസംരക്ഷണം ഗൗരവമായി കാണേണ്ടതുണ്ട്. ഇവരിൽ ഒരുവിഭാഗം തങ്ങളുടെ അധ്വാനം സമൂഹത്തിനുവേണ്ടി വിനിയോഗിച്ചവരാണ്.


ഇതുകൂടി വായിക്കാം; തുടർഭരണത്തിൽ വയോജനങ്ങളുടെ പ്രതീക്ഷകൾ


അവസാനകാലം അവരെ കരിമ്പിൻചണ്ടികൾ എന്നമട്ടിൽ എടുത്തെറിയുന്ന സമീപനം ഒരു പരിഷ്കൃത ജനസമൂഹത്തിന് അനുയോജ്യമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വയോജനവിഭാഗത്തിന് പ്രത്യേക പരിഗണന നല്കേണ്ടതാണ്. ഈ വിഭാഗങ്ങൾക്കിടയിൽ നടത്തിയ പഠനത്തിൽ പതിനൊന്നു ശതമാനം പേർ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടും കാഴ്ച നഷ്ടപ്പെട്ടും കേൾവി നഷ്ടപ്പെട്ടും നരകയാതന അനുഭവിക്കുന്നു. അമ്പത്തെട്ടുശതമാനം പേർ പല അ­വശതകളാൽ മരണപ്പെടുന്നു. എഴുപത്തിയഞ്ചു ശതമാനം പേർ ഹൃദ്രോഗം കാരണം മരണപ്പെടുന്നു. യുവാക്കളെക്കാൾ വയോധികരുടെ എ­ണ്ണം വർധിച്ചുവരുന്നു. ഇവർക്കാവശ്യമായ ഫലപ്രദമായ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും സജ്ജീകരിക്കുക സർക്കാരിന്റെ ചുമതലയാണ്. ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോർട്ടിൽ കേരളം പോലെ ചില സംസ്ഥാനങ്ങളിലല്ലാതെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംരക്ഷണ കാര്യങ്ങളിൽ ഇന്നും ഇന്ത്യ 195 രാജ്യങ്ങളിൽ 145-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. വയോധിക വിഭാഗത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ ഭരണകൂടങ്ങൾ കടുത്ത അവഗണന തുടരുകയാണ്. ഈ വിഭാഗം താരതമ്യേന ദരിദ്രരാണ് അവർക്ക് ഭാരിച്ച തുക വിനിയോഗിച്ച് ചികിത്സ നേടാൻ കഴിവില്ലാത്തവരാണ്. ഇന്ത്യയിലിപ്പോഴും നാല്പത് ശതമാനം പേർ കോവിഡ് വാക്സിന്റെ രണ്ടാം തവണ പൂർത്തിയാക്കിയിട്ടില്ല. ഈ മഹാമാരിയുടെ കാലത്തും വയോധികർ അവഗണിക്കപ്പെടുന്നു. ഇന്ത്യയിലെ ആരോഗ്യരംഗം ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്ന പാഠമാണ് കോവിഡ് കാലത്തെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള ആശുപത്രികളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. മൂന്നുദശലക്ഷം പുതിയ കിടക്കകൾ; പത്തുലക്ഷത്തി അമ്പത്തിനാലായിരം ഡോക്ടര്‍മാർ, ഇരുപതുലക്ഷത്തി നാല്പതിനായിരം നഴ്സസ് എന്നീ നിരക്കിൽ നമ്മുടെ രാജ്യത്തെ പൊതുജനാരോഗ്യരംഗം പുനഃസംഘടിപ്പിക്കണം. ഇന്ത്യയിലെ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുന്ന വയോജനവിഭാഗങ്ങളുടെ ആ­രോഗ്യസംരക്ഷണത്തിനായി പ്രായാധിക്യവും, രോഗഗ്രസ്തരുമായി മാറുന്നവർക്ക് സംരക്ഷണം നല്‍കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സമൂഹത്തിൽ വരുമാനും ഇല്ലാതെ, നിത്യജീവിത ദുരിതങ്ങളുംപേറി സമൂഹത്തിന്റെ മുമ്പിൽ ശപിക്കപ്പെട്ടവരായി വയോധികർ മാറുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ഈ വിഭാഗത്തിന്റെ ആരോഗ്യസംരക്ഷണം പാടെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. ഈ അവഗണനയുടെ വഴിയിലൂടെ അവരുടെ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. “ആയുഷ് മാൻ ഭാരത്’ എന്ന പദ്ധതിയിലൂടെ രാജ്യത്തെ എല്ലാപൗരന്മാർക്കും “ഹെൽത്ത് ഇൻഷുറൻസ്’ ആനുകൂല്യം ലഭ്യമാകുമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദവും പൊള്ളയാണെന്ന് “നിതി ആയോഗ്” പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നാനൂറ് ദശലക്ഷം പേർക്ക് ഒരു വിധമായ ചികിത്സാ സംവിധാനവും നിലവിലില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പതിനാറു സംസ്ഥാനങ്ങളിലും അതിർത്തി സംസ്ഥാനങ്ങളിലും വയോജനവിഭാഗത്തിനുവേണ്ടി ഒരു കിടക്കപോലും നീക്കിവച്ചിട്ടില്ല. ദേശീയ പദ്ധതിക്ക് സർക്കാർ രൂപം നല്‍കണം. പുരോഗതിയിലേക്ക് നീങ്ങുന്ന രാജ്യം എന്നവകാശപ്പെടുന്നവർ ഗൗരവമായി പരിഗണിക്കേണ്ടത് യുവജന സംരക്ഷണം മാത്രമല്ല, വയോജന വിഭാഗത്തിന്റെ സംരക്ഷണത്തിലാകണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വാർധക്യം “ഒരു ശാപമായി” മുദ്രകുത്തി അവഗണിക്കുകയല്ല വേണ്ടത് അവർ ഇന്നലെകളിലെ രാജ്യത്തിന്റെ ആവേശമായിരുന്നു. അവരെ അവഗണിക്കാനും നിന്ദിക്കാനുമുള്ള ഏതൊരു ശ്രമവും ഒരു രാഷ്ട്രത്തിന് ഭൂഷണമല്ല.

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.