27 September 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ്: പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2022 10:11 am

രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പ്രതിദിന കോവിഡ് വ്യാപനം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗമുക്തി നിരക്കില്‍ വന്ന കുറവും (97.81 ശതമാനം) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ (6.43 ശതമാനം) വര്‍ധനവും രാജ്യത്ത് പുതിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതുവരെ 26 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തു വിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് രണ്ടാം തരംഗത്തേക്കാള്‍ വേഗത്തിലാണ് മൂന്നാം തരംഗം മുന്നേറുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 2,630 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, കേരളം, കര്‍ണാടക എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ 15,097 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടു മാസത്തിലെ ഏറ്റവും വലിയ കണക്കാണിത്. 15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 465 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 26,538 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 20,181 കേസുകളും മുംബൈയിലാണ്. 29.9 ശതമാനമാണ് നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക്. 85 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ല. സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 797 ആയി ഉയര്‍ന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി. ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്കയും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇറ്റലിയില്‍ നിന്നെത്തിയ 125 പേര്‍ക്ക് കോവിഡ്

അമൃത്‌സര്‍: ഇറ്റലിയിലെ മിലാനില്‍ നിന്ന് പഞ്ചാബിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.

179 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 19 പേര്‍ കുട്ടികളാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജോര്‍ജിയയിലെ ടിബിലിസിയിൽ വിമാനം ഇറക്കിയിരുന്നു. പോർച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് എയർവേയ്‌സിന്റേതാണ് വിമാനം. ഹൈറിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ഇറ്റലി.

 

സ്കൂളുകളുടെ പ്രവര്‍ത്തനം: വിദഗ്ധാഭിപ്രായം പരിഗണിച്ച് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡും ഒമിക്രോണും വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

നിലവില്‍ സ്കൂളുകള്‍ അടയ്ക്കേണ്ടതായ സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസ രംഗം പരിഷ്കരിക്കാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Covid: Dai­ly cas­es up to one lakh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.