26 December 2024, Thursday
KSFE Galaxy Chits Banner 2

ഏറ്

രാജുകൃഷ്ണൻ
January 9, 2022 2:00 am

തലനാരിഴ വ്യത്യാസത്തിൽ, മിന്നുംവേഗത്തിൽ തൊട്ടടുത്തുകൂടിയാണ് അത് കടന്നു പോയത്. ഘനമുള്ള എന്തോ കൊണ്ടുള്ള ഏറ്. വലിയ ശബ്ദത്തിൽ ഏറ് ചെന്നു കൊണ്ടത് ട്രാഫിക് ഐലന്റിലെ ചൂണ്ടുപലകമേൽ. ചൂണ്ടുപലകയെ മറിച്ചു തെറ്റിത്തെറിച്ചു അടുത്ത് അത് പുല്ല് വെട്ടി ഒരുക്കുകയായിരുന്ന കോർപ്പറേഷൻ തൊഴിലാളിയുടെ പുറത്ത് വീണ് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ അയാളുടെ കൈകാലുകൾ ഒടിഞ്ഞ് തൂങ്ങി ചോര ചീറ്റി. നഗരത്തിൽ ഏറ്റവും തിരക്കുള്ള വീഥി. തെറ്റിയും ഒഴിഞ്ഞും ജനം കൂട്ടമായി ഒഴുകിക്കൊണ്ടിരിക്കുന്ന സമയം. അപ്രതീക്ഷിതമായ പൊട്ടിത്തെറിയുടെ വലിയ ശബ്ദം, നിലവിളി. ആളുകൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞെട്ടി പെട്ടെന്ന് നിശ്ചലരായി. 

ഒരു നിമിഷം പേടിച്ചു നിന്ന അവർ ഇളകി ഓടിക്കൂടി. ഒരു വാഹനം തടഞ്ഞു നിർത്തി പരുക്ക് പറ്റിയ ആളെ വലിച്ചു വാരി വണ്ടിയിൽ കയറ്റി. വഹനം ഹോൺ മുഴക്കി ആശുപത്രിയിലേക്ക് പാഞ്ഞു. അധിക ദൂരത്ത് നിന്നൊന്നുമല്ല ഏറ് വന്നത്. മതിലിനപ്പുറത്ത് നിന്ന് അല്ലെങ്കിൽ കെട്ടിടത്തിനകത്ത് നിന്ന്. ബോംബ് അത്ര ശക്തിയുള്ളത് ആയിരുന്നില്ല. അല്ലെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ആളുകൾ അവിടമാകെ അരിച്ചുപെറുക്കി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. ട്രാഫിക് ഐലന്റിൽ സ്ഥാപിച്ചിട്ടുള്ള സി സി ടിവി ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ചാൽ എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല.
കുറെ പേർ മറിഞ്ഞ ചൂണ്ടുപലകയക്ക് ചുറ്റിനും കൂടി അതിനെ വലിച്ചുയർത്തി നേരേയാക്കാൻ വിഫലശ്രമം നടത്തി. ചിലർ അല്പനേരം നിന്ന് എത്തിയും വലിഞ്ഞും നോക്കി, തിരക്കുള്ളതു പോലെ ധൃതിയിൽ നടന്നു പോയി. മറ്റു ചിലർ പൊട്ടിത്തെറിച്ച ബോംബിൻ കഷണങ്ങൾ തട്ടി പരിശോധിച്ചു. ഭയം മാറിയ ചിലർ വർത്തമാനങ്ങളിലേക്കും ചിരിയിലേക്കും മടങ്ങി. ചിലർ ബോംബ് എറിഞ്ഞവർക്കെതിരെ രോഷം കൊണ്ടു സംസാരിച്ചു നിന്നു. കൂടുതൽ പേർക്ക് ജീവഹാനിയും പരുക്കും ഏൽക്കാതിരുന്നതിൽ ചിലർ ആശ്വാസം കൊണ്ടു. 

എന്നെ ലക്ഷ്യം വച്ച് എറിഞ്ഞ പോലെയാണ് എനിക്ക് തോന്നിയത്. ഭാഗ്യം, ഏതോ അദൃശ്യ ശക്തിയുടെ പ്രേരണകൊണ്ട് എന്നപോലെ തലയൊന്ന് വെട്ടിക്കുകയോ, കുടയുകയോ ചെയ്ത നേരത്തായതിനാൽ കഷ്ടിച്ചു രക്ഷപെട്ടു. അല്ലെങ്കിൽ, നെറ്റി തകർന്ന്, തലച്ചോറ് പൊട്ടിച്ചിതറി ഞാനിപ്പോൾ ഇവിടെ കിടക്കുമായിരുന്നു. ആലോചിച്ചപ്പോൾ പേടി തോന്നി. അവിടെ നിന്ന പലരുമപ്പോൾ പറയുന്നത് കേട്ടു. ഏറ് വന്നത് അവരെ ഓരോരുത്തരെയും ലക്ഷ്യം വച്ച് എന്നത് പോലെയാണ് എന്നും നൂലിഴ വ്യത്യാസത്തിലാണ് അവർ രക്ഷപെടുകയുണ്ടായതെന്നും. അത്ര അടുത്ത് നിന്നാണല്ലൊ ഏറ് വന്നു വീണത്. ആരാണ് എറിഞ്ഞതെന്നും ആരെയാണ് ലക്ഷ്യം വച്ചതെന്നും ആര്‍ക്കുമറിയില്ല.

ഇതിനിടയിൽ, നിറയെ പോലീസുകാരെ കയറ്റി വലിയൊരു പോലീസ് വണ്ടി ചീറിപ്പാഞ്ഞു വന്ന് അവിടെ നിന്നു. എ കെ 47 തോക്ക് ഏന്തിയ പോലീസുകാർ ചാടിയിറങ്ങി ഒരു നിമിഷം കൊണ്ട് അവിടമാകെ വളഞ്ഞു. കൂട്ടം കൂടി നിന്ന ആളുകൾ പതിയെ പലവഴിക്ക് പിരിഞ്ഞു. സ്ഥലം പോലിസ് നിയന്ത്രണത്തിലായി. ചൂണ്ടുപലകയിലെ ഒടിഞ്ഞ ചൂണ്ടുവിരൽ, അതു വഴി ഇനി കടന്നു വരുവാനിരിക്കുന്ന, വഴിയറിയാത്ത ആരുടെയൊക്കയോ ദിശ തെറ്റി പോകുമല്ലോ എന്നോർത്ത് പേടിച്ച് തല കുമ്പിട്ട് വിറച്ചു തൂങ്ങിയാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.