23 December 2024, Monday
KSFE Galaxy Chits Banner 2

കസാക്കിസ്ഥാനിലെ ജനകീയ പ്രക്ഷോഭം

Janayugom Webdesk
January 11, 2022 4:59 am

ഇന്ധനവില വര്‍ധനവിനെതിരായുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് കസാക്കിസ്ഥാനില്‍ രൂപമെടുത്ത സംഘര്‍ഷാവസ്ഥയും രാഷ്ട്രീയ — ഭരണ അനിശ്ചിതാവസ്ഥയും തുടരുകയാണ്. രാജ്യത്ത് ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ധനയ്ക്കെതിരെ ആരംഭിച്ച പ്രക്ഷോഭം നേരിടുന്നതിന് ഭരണാധികാരികള്‍ സ്വീകരിച്ച മാര്‍ഗങ്ങളാണ് സംഘര്‍ഷം വ്യാപകമാക്കിയത്. അതുകൊണ്ടുതന്നെ പ്രതിഷേധം അക്രമാസക്തവും പൊലീസ്, സൈനിക നടപടികള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 170 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നൂറിലധികം പേരും അല്‍മാട്ടിയില്‍ നിന്നുള്ളവരാണ്. സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്ന പ്രദേശമാണ് അല്‍മാട്ടി. സായുധരായ 26 കലാപകാരികളും 16 സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചുവെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കൃത്യമായ വിവരങ്ങള്‍ കസാക്കിസ്ഥാനില്‍ നിന്ന് ലഭ്യമല്ലെന്ന സ്ഥിതിയുണ്ട്. എങ്കിലും വന്‍ ജനമുന്നേറ്റമാണ് ആ രാജ്യത്തുണ്ടായത്. അധികൃതരും വലതുപക്ഷ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതുപോലെ തീവ്രവാദ ശക്തികളോ വിദേശ ഇടപെടലോ ആയിരുന്നില്ല കസാക്കിസ്ഥാനിലെ ഇപ്പോഴത്തെ പ്രക്ഷോഭത്തിന് പിന്നില്‍. ഭരണനയങ്ങളും ഇന്ധന വിലക്കയറ്റവും ജീവിതച്ചിലവിലുണ്ടാക്കിയ വന്‍ വര്‍ധന കാരണം വേതനം ഉയര്‍ത്തുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക, മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്ന ബഹുജനങ്ങളും ഉന്നയിക്കുന്നത്. കടുത്ത ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്.


ഇതുകൂടി വായിക്കൂ: അടിസ്ഥാനങ്ങളിലെ വ്യതിയാനം


രാജ്യത്തിന്റെ സാമ്പത്തിക പങ്കാളികളായ യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെ സ്ഥാപിതമായ നൂറുകണക്കിന് കമ്പനികള്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ — സേവന വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് പ്രവര്‍ത്തിച്ചുപോന്നത്. 700ലധികം കമ്പനികളാണ് യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെ സ്ഥാപിതമായത്. കൂടാതെ രാജ്യത്തിന്റെ വന്‍ സാമ്പത്തിക സ്രോതസായ എണ്ണപ്പാടങ്ങള്‍ അമേരിക്കയിലെ വന്‍കിടക്കാരുടെ ചൂഷണ കേന്ദ്രങ്ങളുമായി. ഈ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളിലെ തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രക്ഷോഭം ശ­ക്തിപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കന്‍ കമ്പനികളുടെയുമൊക്കെ കടന്നുവരവ് വന്‍ തൊഴിലാളിദ്രോഹ നടപടികള്‍ക്ക് വഴിവച്ചു. 40,000ത്തിലധികം തൊഴിലാളികളെയാണ് ഡിസംബര്‍ മാസത്തില്‍ പിരിച്ചുവിട്ടത്. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും കടന്നുകയറ്റം ആരംഭിച്ച ഘട്ടത്തില്‍തന്നെ എണ്ണക്കമ്പനികളുടെ ദേ­ശസാല്കരണം ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ യൂണിയനുകള്‍ക്ക് അംഗീകാരം നല്കാതെയും സംഘടനകളെ നിരോധിച്ചുമാണ് അധികൃതര്‍ മുന്നോട്ടുപോയത്. ഈ പശ്ചാത്തലത്തിലാണ് ജനുവരി ആദ്യ ദിവസങ്ങളില്‍ തൊഴിലാളി പ്രക്ഷോഭം ശക്തിപ്പെട്ടത്.


ഇതുകൂടി വായിക്കൂ: ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ


നാലിന് ചൊവ്വാഴ്ച അല്‍മാട്ടിക്കു പുറമേ പടിഞ്ഞാറന്‍ കസാക്കിസ്ഥാന്‍, അക്‌ടോബ്, കൈസിലോർഡ തുടങ്ങിയ പ്രദേശങ്ങളിലും തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങി. സമരങ്ങളെ സായുധമായി നേരിടുന്നതിനാണ് അധികാരികള്‍ തയാറായത്. അല്‍മാട്ടിയില്‍ തെരുവുകള്‍ തൊഴിലാളികളെകൊണ്ട് നിറഞ്ഞു. ഇവരെ നേരിടാനുള്ള ശ്രമങ്ങളാണ് ഏറ്റുമുട്ടലിന് വഴിവച്ചത്. തൊഴിലാളികളുടെ പ്രതിഷേധം ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് പ്രധാനമന്ത്രി അസ്കര്‍ മാമിന്‍ രാജിവയ്ക്കേണ്ടിവന്നത്. അതിനുശേഷം പ്രസിഡന്റ് ഖാസിം ജൊമാര്‍ട്ട് ടോകയേവ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് സാങ്കേതിക കാരണം പറഞ്ഞ് 2015ല്‍ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും നിയമവിധേയമാക്കണമെന്നും തൊഴിലാളികളില്‍ ഒരുവിഭാഗം ആവശ്യപ്പെടുകയായി. ഭരണാധികാരികള്‍ തുടരുന്ന വലതുപക്ഷ രാഷ്ട്രീയ — സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭമാണ് കസാക്കിസ്ഥാനില്‍ നടക്കുന്നത്. സ്വന്തം ജനതയ്ക്കെതിരായ ശത്രുതാ നടപടികള്‍ അവസാനിപ്പിക്കുകയും നഗരങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്യണമെന്നും പ്രസിഡന്റ് ടോകയേവ് ഉൾപ്പെടെ എല്ലാവരും രാജിവയ്ക്കണമെന്നും കസാക്കിസ്ഥാനിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന് പേരെയാണ് രാജ്യത്ത് തടവിലാക്കിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെടുന്നു. ഭരണ നയങ്ങള്‍ സൃഷ്ടിച്ച ജീവിത പ്രതിസന്ധിക്കു പരിഹാരം കാണണമെന്നും ജനാധിപത്യപരമായ സംഘടനകള്‍ രൂപീകരിക്കുവാനും സമരങ്ങള്‍ നടത്തുവാനുമുള്ള അവകാശങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള കസാക്കിസ്ഥാനിലെ പ്രക്ഷോഭങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് പല രാജ്യങ്ങളും കമ്മ്യൂണിസ്റ്റ് — തൊഴിലാളി വര്‍ഗ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.