6 October 2024, Sunday
KSFE Galaxy Chits Banner 2

അമ്മയുടെയും അച്ഛൻ്റെയും’ കുട്ടൻ ’ ഇനിയി‘ല്ല

Janayugom Webdesk
കണ്ണൂർ
January 11, 2022 12:36 pm

തിരുവനന്തപുരം പാലോട് സ്വദേശിയും എൽഐസി ഏജന്റുമായ രാജേന്ദ്രന്റെയും തളിപ്പറമ്പ് കൂവോട് ആയുർവേദ ആശുപത്രിയിലെ സീനിയർ നഴ്സ് പുഷ്കലയുടെയും മൂത്തമകനായ ധീരജ് അമ്മയുടെയും അച്ഛന്റെയും പ്രിയ കുട്ടനാണ്. ഇന്നലെ വരെ അമ്മയോടൊപ്പം കളിച്ചും ചിരിച്ചും ആശുപത്രിയിൽ വന്നിരുന്ന ധീരജിന്റെ വിയോഗം വിശ്വസിക്കാൻ പുഷ്പകലയുടെ സഹപ്രവർത്തകർക്കും സാധിക്കുന്നില്ല. ചിരിച്ച മുഖവുമായി എല്ലാവരോടും സൗഹൃദം കൂടുന്ന ധീരജ് മൂന്നിനു തിങ്കളാഴ്ചയാണ് ഇടുക്കിയിലേക്ക് പോയത്. ഇടുക്കി ഗവ. എൻജിനിയറിങ് കോളജിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മറ്റുമാണെന്ന വിശേഷങ്ങൾ വാതോരാതെ അമ്മയോടും പുഷ്കലയുടെ സഹപ്രവർത്തകരോടും പറഞ്ഞിരുന്നു ധീരജ്. അമ്മയെ വീഡിയോ കാളിൽ വിളിച്ച് കാണിക്കുകയും ചെയ്തിരുന്നു. കോളജ് തെരഞ്ഞെടുപ്പാണെന്ന് അറിഞ്ഞതോടെ മറ്റു പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും അമ്മ മകനെ ഉപദേശിച്ചിരുന്നു.

തെരഞ്ഞെടുപ്പൊക്കെ ഒരു ആവേശമാണെന്നായിരുന്നു അവന്റെ മറുപടി. ഇന്നലെ ഉച്ചയോടെ മകനു വാഹനപകടം പറ്റിയെന്ന് പറഞ്ഞാണ് അമ്മ പുഷ്കലയെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് തളിപ്പറമ്പ് തൃച്ചംബരം സ്കൂളിനു സമീപത്തെ അദ്വൈത’ത്തിൽ എത്തിച്ചത്. അപ്പോഴേക്കും അച്ഛൻ രാജേന്ദ്രനും എന്തോ അസ്വാഭാവികത തോന്നിയിരുന്നു. രാഷ്ട്രീയപ്രവർത്തകരും നാട്ടുകാരും വീട്ടിലെത്തി കാര്യങ്ങൾ അവരെ ധരിപ്പിക്കുകയായിരുന്നു. വാർത്തകൾ അറിഞ്ഞെത്തിയവരോട് മറുപടി പറയാനാവാതെ അടുത്ത മുറിയിൽ രാജേന്ദ്രനും മുകൾ നിലയിലെ മുറിയിൽ സഹോദരനും സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയുമായ അദ്വൈതും കൂട്ടക്കരച്ചിലിലായിരുന്നു. ഏറെനാളത്തെ സ്വപ്നം പൂവണിഞ്ഞു വാടക വീട്ടിൽ നിന്നും സ്വന്തം വീടായ അദ്വൈത’ത്തിൽ താമസം മാറിയിട്ടു രണ്ടു വർഷമാകുമ്പോഴേക്കുമാണ് ധീരജിന്റ കുടുംബത്തെ തേടി ദുഃഖ വാർത്തയെത്തിയത്. പഠിക്കാൻ മിടുക്കനായ ധീരജ് നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു.

സ്കൂൾ പഠനകാലത്ത്. പഠനത്തിലും മത്സര ഇനങ്ങളിലും ഊന്നൽ നൽകുകയായിരുന്നു ധീരജ്. ഇടുക്കി ഗവ. എൻജിനിയിറിങ് കോളജിൽ ചേർന്നതോടെ രാഷ്ട്രീയത്തിൽ സജീവമായി. പഠനത്തിലും മറ്റു എൻ.എസ്.എസ് പോലുള്ള സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിലും ഇടപെട്ട് പ്രവർത്തിക്കാനും മുന്നിലായിരുന്നു. ആറു മാസം കൂടി കഴിഞ്ഞാൽ പഠനം പൂർത്തിയാക്കി വിദേശത്ത് എം.ടെക് പഠിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു ധീരജിന്.

Eng­lish Sum­ma­ry: Mom and Dad’s ‘Kut­tan’ is no more

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.