23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022

കോവിഡ് വ്യാപനം; നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
January 14, 2022 8:16 am

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആലോചിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്.തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം 50 പേരായി ചുരുക്കുക മാത്രമാണ് ചെയ്തത്.

അതേസമയം, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) വീണ്ടും 20 ശതമാനം കടന്നു. ഇന്നലെ 13,468 പേര്‍ക്ക് കോവിഡും 59 പേര്‍ക്ക് കൂടി ഒമിക്രോണും സ്ഥിരീകരിച്ചു. 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പുതിയ കോവിഡ് കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 133 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം (3,404), എറണാകുളം (2,394),കോഴിക്കോട് (1,274), തൃശൂര്‍ (1,067)ജില്ലകളിലാണ് കൂടുതല്‍ രോഗബാധിതര്‍. വിവിധ ജില്ലകളിലായി 1,57,292 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,252 പേര്‍ രോഗമുക്തി നേടി. 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 52,11,014 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി.
സംസ്ഥാനത്ത് 59 പേര്‍ക്ക് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതില്‍ ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട എട്ട്, എറണാകുളം ഏഴ്, കൊല്ലം, മലപ്പുറം ആറ് വീതം, കോഴിക്കോട് അഞ്ച് പാലക്കാട് , കാസര്‍കോട് രണ്ട് വീതം, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലെത്തിയ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേരാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകനയോഗം നടക്കുന്നത്.

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്.
പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിങ് കോളജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകളുടെ പ്രവര്‍ത്തനം: ഇന്ന് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും ഒമിക്രോൺ കേസുകൾ കൂടുതലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്ന് ചേരുന്ന കോവിഡ് അവലോകനയോഗത്തിലായിരിക്കും തീരുമാനമെടുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും സ്കൂളുകള്‍ അടയ്ക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ വിദ്യാർത്ഥികളിൽ കാര്യമായ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

eng­lish summary;covid review meet­ing on today
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.