രോഗാവസ്ഥയിൽ മക്കളുപേക്ഷിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന അമ്മ മരിച്ചു. അഞ്ചുമക്കളുടെ അമ്മയായ വാത്തുകുളങ്ങര രാജലക്ഷ്മി ഭവനിൽ സരസമ്മയാണ് (74 )മരിച്ചത്. ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതയായ അമ്മയെ മക്കൾ നോക്കാത്തതിനെ തുടർന്ന് ചെങ്ങന്നൂർ ആർഡിഒ ഇടപെട്ടാണ് ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളുമാണ് ഇവർക്കുള്ളത്. മക്കളെല്ലാം നല്ല നിലയിലുമാണ്. ആരോഗ്യവകുപ്പിൽ നഴ്സിംഗ് അസിസ്റ്റന്റായി വിരമിച്ച ഇവർ ഭർത്താവ് മരിച്ചതിനു ശേഷം പല മക്കളുടെയും അടുത്ത് മാറിമാറിയായിരുന്നു താമസം.
അമ്മ രോഗശയ്യയിലായതിനെ തുടർന്ന് മക്കൾ നോക്കാതെയായി. ഒരു മാസം മുമ്പ് ഒരു മകൾ അമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ അംബികയും ഭർത്താവുമാണ് ആശുപത്രിയിൽ സഹായത്തിനായി നിന്നത് അതിനുശേഷം സ്ഥലം വിട്ടെന്നു പോലീസ് പറഞ്ഞു. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതേത്തുടർന്നു സംഭവം ചെങ്ങന്നൂർ ആർഡിഒയെ അറിയിച്ചു.
മക്കളെ വിളിച്ചുവരുത്താൻ ആർഡിഒ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആർഡിഒ കോടതിയിൽ ഹാജരാക്കി. അമ്മയെ നോക്കാൻ തയാറാകണമെന്ന വ്യവസ്ഥയോടെയാണ് ആർഡിഒ ഇവരെ ജാമ്യത്തിൽ വിട്ടത്. ഇതിനുപിന്നാലെയാണു സരസമ്മ മരിച്ചത്. മരണശേഷം മക്കൾ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തീരുമാനം വൈകി. പിന്നീട് മൃതദേഹം മക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. അത്യാസന്നനിലയിൽ ചികിത്സയിൽ കഴിയുമ്പോഴും മക്കളെ കാണാൻ സരസമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.