കേരളത്തിന്റെ അടിസ്ഥാന വികസനത്തിനുള്ള സിൽവർ ലൈൻ പദ്ധതിയെ ഇല്ലാതാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന് തിരിച്ചടിയേകി വിശദമായ പദ്ധതി രേഖ (ഡിപിആർ) സർക്കാർ പ്രസിദ്ധീകരിച്ചു. 2025–26ൽ പദ്ധതി കമ്മിഷൻ ചെയ്യും. 529.45 കിലോ മീറ്ററാണ് ആകെ ദൂരം. പ്രതിദിനം 79,934 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
നാല് മണിക്കൂർ കൊണ്ടുള്ള തിരുവനന്തപുരം- കാസർകോട് യാത്രയിൽ ആറുകോടി രൂപയാണ് പ്രതിദിന വരുമാനം പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായി ഇത് കൂടുമെന്നും വിശദ പദ്ധതി രേഖയിൽ പറയുന്നു. കുറച്ച് വർഷങ്ങൾ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും. യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും പിന്നീട് ഇത് വർധിക്കുമെന്നും സാധ്യതാപഠനത്തിൽ പറയുന്നു.
പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച റിപ്പോർട്ടും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. പരിസ്ഥിതി ആഘാതം താരതമ്യേന കുറവായ പദ്ധതി നിർമ്മാണ ഘട്ടത്തിൽ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുമെന്നും പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനുകളുടെ രൂപരേഖയും നൽകിയിട്ടുണ്ട്. ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയും ഡിപിആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും, ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ സസ്യജാലങ്ങൾക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകൾ ഇതിലുണ്ട്.
കേരളത്തിൽ നിലവിലുള്ള റയിൽ റോഡ് ഗതാഗത സംവിധാനങ്ങൾ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ തീർത്തും അപര്യാപ്തമാണെന്ന് കണക്കുകളോടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തോട് ചേർന്നു കിടക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളതിനെക്കാൾ 30 മുതൽ 40 ശതമാനം വരെ കേരളത്തിൽ സഞ്ചാര വേഗത കുറവാണെന്നും അതിനാൽ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൂർണമായും വൈദ്യുതിയിലോടുന്ന കെ റയിൽ സൗരോർജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ നിന്ന് വാങ്ങുമെന്നും വ്യക്തമാക്കുന്നു. സർക്കാർ വെബ്സൈറ്റിന് പുറമെ നിയമസഭയുടെ വെബ്സൈറ്റിലും ഡിപിആർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജൻസിയാണ് ഡിപിആറും സാധ്യതാപഠന റിപ്പോർട്ടും തയാറാക്കിയിരിക്കുന്നത്.
English Summary: Silverline: Complete DPR out;
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.