20 June 2024, Thursday

Related news

December 15, 2023
July 27, 2023
June 17, 2023
June 11, 2023
April 16, 2023
November 19, 2022
September 2, 2022
August 23, 2022
June 23, 2022
June 21, 2022

കെ റയില്‍ ഉപേക്ഷിക്കില്ല: വാര്‍ത്തകള്‍ക്ക് പിന്നില്‍ തെറ്റിദ്ധാരണ

വത്സന്‍ രാമംകുളത്ത്
തിരുവനന്തപുരം
November 19, 2022 11:04 pm

കെ റയില്‍ പദ്ധതി ഉപേക്ഷിച്ചെന്ന കള്ളപ്രചാരണവുമായി യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും രംഗത്ത്. റവന്യു വകുപ്പില്‍ നിന്ന് പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി കെ റയില്‍ ആവശ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ പഴയ ജോലികളിലേക്ക് മടങ്ങിയതാണ് തെറ്റായ രീതിയിലുള്ള പ്രചാരണത്തിന് ഇടയാക്കിയത്.
കെ റയില്‍, കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നാണ്. ഇതിന്റെ നിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതിക്ക് ശേഷമാണെന്ന് ഇടതുമുന്നണിയും കേരള സര്‍ക്കാരും ആവര്‍ത്തിക്കുന്നതാണ്. പദ്ധതിയുടെ പ്രാഥമിക നടപടികളെന്ന നിലയില്‍ പാരിസ്ഥിതിക പഠനവും മറ്റും അനിവാര്യവുമായിരുന്നു. ഇത്തരം നടപടികള്‍ക്ക് കെ റയില്‍ കോര്‍പറേഷന്‍ നിയമാനുസൃതമുള്ള പ്രതിമാസ ശമ്പളമടക്കം നല്‍കി റവന്യു വകുപ്പിലെ 11 യൂണിറ്റ് സര്‍വേ ജീവനക്കാരെ ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഏതെല്ലാം പ്രദേശങ്ങളിലൂടെയാണ് സില്‍വര്‍ ലൈന്‍ പോകുന്നതിനുള്ള അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍, പാരിസ്ഥിതിക പഠനത്തിന് രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ പ്രതിപക്ഷവും ബിജെപിയും ആസൂത്രിതമായി നടപ്പാക്കിയ മുതലെടുപ്പ് രാഷ്ട്രീയം ജനങ്ങളില്‍ ആശങ്കകളുണ്ടാക്കി. പലയിടങ്ങളിലും കെ റയില്‍, റവന്യു ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടാക്കി. കോടതികളുടെ ഇടപെടലും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയും ചെയ്തു. ഇതോടെ പാരിസ്ഥിതിക പഠനവും മറ്റുനടപടികളും മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയിലുമെത്തി.
അതേസമയം, റവന്യു വകുപ്പില്‍ അപേക്ഷകരേറെയുള്ള ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ഒട്ടനവധി പ്രവൃത്തികള്‍ക്ക് സര്‍വേ ജീവനക്കാരെ മുഴുവനായി ഉപയോഗിക്കേണ്ടത് സര്‍ക്കാരിന്റെ തന്നെ ഉത്തരവാദിത്തമാണ്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ഭൂമി അളവ്, ഏറ്റെടുക്കല്‍ വേണ്ടിവരുന്ന പദ്ധതികള്‍ക്കെല്ലാം റവന്യു വകുപ്പിനെയാണ് ആശ്രയിക്കുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകളും വകുപ്പിന് മുന്നിലുണ്ട്. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, ചെങ്കോട്ട റയില്‍പ്പാത വികസനം, ശബരി പാത, സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ എന്നിവയ്ക്കെല്ലാം റവന്യു വകുപ്പ് ജീവനക്കാരെ ആവശ്യപ്പെട്ട് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി കെ റയില്‍ കോര്‍പറേഷന്റെ ജോലികള്‍ക്ക് നിയോഗിച്ചിരുന്ന ജീവനക്കാരെ അവിടെ തല്ക്കാലം ജോലികളില്ലാത്തതിനാല്‍ നിയോഗിക്കുകയായിരുന്നു. 

ഈ ഘട്ടത്തില്‍ ഇവരുടെ ശമ്പളം വീണ്ടും റവന്യു വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് അനുവദിക്കുന്നതിനുള്ള നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കണം. ഇതിനായുള്ള രേഖകള്‍ എടുത്തുകാട്ടിയാണ് കെ റയില്‍ പദ്ധതി ഉപേക്ഷിച്ചെന്നും റവന്യു വകുപ്പ് ജീവനക്കാരെ തിരിച്ചുവിളിച്ചെന്നുമുള്ള വാര്‍ത്തയായി പടച്ചുവിടുകയായിരുന്നു. 

Eng­lish Sum­ma­ry: K Rail won’t give up: Mis­con­cep­tions behind the news

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.