23 December 2024, Monday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പുകളുടെ വര്‍ഗീയവല്‍ക്കരണം

Janayugom Webdesk
February 4, 2022 5:00 am

അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചില്‍ നാലിടത്തും ബിജെപിയാണ് ഭരണം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലാണ് കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. ഈ അഞ്ചിടങ്ങളില്‍ അസമില്‍ മാത്രമായിരുന്നു ബിജെപി ഭരണമുണ്ടായിരുന്നത്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ അസമില്‍ ഒഴികെ എല്ലായിടത്തും അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നടപടികളും അതിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളുമാണ് ചര്‍ച്ചാ വിഷയമാക്കിയിരുന്നതെങ്കില്‍ അസമില്‍ വര്‍ഗീയതയാണ് ബിജെപി പ്രചരണത്തിനുപയോഗിച്ചത്. അതോടൊപ്പം ദേശീയത, പൗരത്വ നിയമം പോലുള്ള വിഷയങ്ങളും അവര്‍ തെരഞ്ഞെടുപ്പ് പ്രചരണായുധങ്ങളാക്കി. തങ്ങളുടെ ഭരണം അസമില്‍ ജനങ്ങളുടെ പിന്തുണയ്ക്കനുസരിച്ച് ഉയര്‍ന്നതായിരുന്നില്ലെന്ന് പ്രത്യക്ഷത്തില്‍ സമ്മതിക്കുന്നതായിരുന്നു ബിജെപിയുടെ ഈ നിലപാട്. ഇതിന് സമാനമായി ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരണത്തിലുള്ള നാല് സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ ഭരണ നേട്ടങ്ങള്‍ക്കപ്പുറം വര്‍ഗീയ കാര്‍ഡുപയോഗിച്ചുളള പ്രചരണത്തിനാണ് ബിജെപി നേതൃത്വം നല്കുന്നതെന്ന അപകടകരമായ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് തങ്ങള്‍ ഭരിക്കുന്ന നാലിടങ്ങളില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും നിര്‍ണായകമായിട്ടുള്ളത്. യുപി പിടിക്കുകയെന്നതാണ് രാജ്യഭരണം പിടിക്കുന്നതിനുള്ള മൂന്നുപാധിയെന്ന് പൊതുവേ രാഷ്ട്രീയ വിലയിരുത്തലുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണം മെച്ചപ്പെട്ടതാണെന്ന് വരുത്തിതീര്‍ക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ വളരെ നേരത്തെ ആരംഭിച്ചിരുന്നതാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി ഇരട്ട എന്‍ജിന്‍ ഭരണ നടപടികളാണ് യുപിയില്‍ കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍തന്നെ പ്രചരണം ആരംഭിക്കുകയും ചെയ്തു. ആയിരക്കണക്കിന് കോടി രൂപയുടെ പ്രത്യേക പദ്ധതികളും യുപിക്കുവേണ്ടി മാത്രമായി കേന്ദ്രം പ്രഖ്യാപിച്ചു. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗവും കരുത്താര്‍ജിച്ച കര്‍ഷക പ്രക്ഷോഭവും പുറത്തുവന്ന വിവിധ ഏജന്‍സികളുടെ പഠന — സര്‍വേറിപ്പോര്‍ട്ടുകളും ബിജെപിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി. നിലവിലുള്ള പല നിയമസഭാംഗങ്ങള്‍ക്കും സമ്മതിദായകരെ കാണുന്നതിനുപോലും സാധിക്കാത്ത വിധം രോഷമാണ് നേരിടേണ്ടിവരുന്നത്. ജനങ്ങളെ കാണാനെത്തിയ ചിലരെ ഓടിക്കുന്ന സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഭരണനയങ്ങള്‍ക്കപ്പുറം സാമുദായിക ധ്രുവീകരണം മാത്രമാണ് വിജയത്തിലേയ്ക്കുള്ള കുറുക്കുവഴിയെന്ന് ബിജെപി ഇപ്പോള്‍ കളംമാറ്റിയിരിക്കുന്നത്. അത് യുപിയില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പുരിലും അധികാരത്തിലില്ലെങ്കിലും പഞ്ചാബിലും ഇതേവഴിയാണ് അവര്‍ സ്വീകരിക്കുന്നത്.


ഇതുംകൂടി വായിക്കാം;ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ്


കഴിഞ്ഞ ആഴ്ച യുപിയില്‍ പ്രചരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ആദിത്യനാഥിന്റെ ഭരണനേട്ടങ്ങളെ കുറിച്ചായിരുന്നില്ല, അതിന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ കാലത്ത് ഖയ്‌രാനയില്‍ നിന്ന് ഹിന്ദു വിഭാഗങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്ന കഥ ഓര്‍ത്തെടുക്കുകയും അതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയുമാണ് ചെയ്തത്. ജനുവരി 31 ന് ഉത്തര്‍പ്രദേശിലെ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വിര്‍ച്വല്‍ റാലിയില്‍ മോഡി നടത്തിയ പ്രസംഗത്തിലും കൂടുതല്‍ സമയം ചെലവഴിച്ചത് കേന്ദ്ര സര്‍ക്കാരിന്റെയോ ആദിത്യനാഥിന്റെയോ ഭരണ നേട്ടങ്ങള്‍ സൂചിപ്പിക്കുന്നതിനായിരുന്നില്ല. പകരം അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് നടന്നുവെന്ന് പറയപ്പെടുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ചും ഭരണപരാജയങ്ങളെ കുറിച്ചുമായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. അഖിലേഷിന്റെ ഭരണ പരാജയം വോട്ടാക്കി മാറ്റി അധികാരത്തിലെത്തിയ ബിജെപിക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ മാത്രമാണ് ബിജെപി പ്രചരണായുധമാക്കുന്നത്. അധികാരത്തിലുള്ള ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപി ഇതേതന്ത്രമാണ് നടപ്പിലാക്കുന്നത്. തീവ്ര വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതിന് വര്‍ഗീയ ഭ്രാന്തന്മാരായ മതനേതാക്കളെ രംഗത്തിറക്കിയുള്ള വിദ്വേഷ പ്രസംഗങ്ങളും സംഘടിപ്പിക്കുന്നു. പഞ്ചാബില്‍ ഭരണത്തിലില്ലെങ്കിലും സിഖ് ജനവിഭാഗത്തെ വിഘടനവാദികളാണെന്ന് പ്രചരിപ്പിച്ച് ഹൈന്ദവവോട്ടുകളുടെ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കുവാന്‍ സാധിക്കുമോ എന്ന തന്ത്രമാണ് പരീക്ഷിക്കുന്നത്. ഇത്തരം നികൃഷ്ട നടപടികള്‍ രാജ്യത്തിന്റെയാകെ സാമുദായിക സൗഹാര്‍ദത്തിനും മതേതര കാഴ്ചപ്പാടിനും പോറലേല്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു സമീപനത്തിലൂടെ തങ്ങളുടെ ഭരണം അമ്പേ പരാജയമായിരുന്നുവെന്ന് പരോക്ഷമായെങ്കിലും സമ്മതിക്കുകയാണ് ബിജെപി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.