23 December 2024, Monday
KSFE Galaxy Chits Banner 2

നിരാകരിക്കപ്പെടേണ്ട മണ്ണിന്റെ മക്കള്‍വാദം

Janayugom Webdesk
February 5, 2022 5:00 am

ബിജെപി നേതാവ് മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച ഒരു നിയമം നീതിന്യായ കോടതികളുടെ പരിഗണനയിലാണ്. സംസ്ഥാനത്ത് സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ തദ്ദേശവാസിക­ള്‍ക്ക് 75 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ പ്രസ്തുത നിയമം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ജസ്റ്റിസ് അജയ് തിവാരിയും പങ്കജ് ജെയിനും ഉള്‍പ്പെടുന്ന ഹരിയാന — പഞ്ചാബ് ഹൈക്കോട­തി ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നിര്‍ദേശം താല്‍ക്കാലികമായി മരവിപ്പിച്ചത്. ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ് ആക്ട് 2020 എന്ന പേരിലുള്ള നിയമം 2021 നവംബറിലാണ് പ്രാബല്യത്തില്‍ വന്നത്. അതനുസരിച്ച് ഈ വര്‍ഷം ജനുവരി 15 നകം എല്ലാ വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഭരണഘടനാ വിരുദ്ധവും മണ്ണിന്റെ മക്കള്‍ വാദമെന്ന് വിശേഷിപ്പിക്കാവുന്നതുമായ പ്രസ്തുത നിയമം രൂപീകരിക്കുന്ന ഘട്ടത്തില്‍തന്നെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ അതിനെതിരെ വ്യവസായികളുടെ സംഘടനയായ ഫരീദാബാദ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിയമത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ നിയമം നടപ്പിലാക്കുന്നതിന് ഏത­റ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച ഹരിയാന സര്‍ക്കാര്‍ സ്റ്റേ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമപോരാട്ടം തുടരുമെന്നാണ് ഇത് വ്യക്തമാകുന്നത്.

സങ്കുചിതമായ പ്രാദേശികബോധം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുകയെന്ന ദുഷ്ടബുദ്ധിയല്ലാതെ മറ്റെന്തെങ്കിലും ഈ നിയമനിര്‍മ്മാണ വേളയില്‍ ബിജെപി സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് നിയമം നടപ്പിലാക്കേണ്ടതില്‍ സുപ്രധാന പങ്കുളള വ്യവസായ മേഖലയിലെ സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. മണ്ണിന്റെ മക്കള്‍വാദം ഭരണഘടനാപരമായ അവകാശവാദത്തിനെതിരാണെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കഴിവും യോഗ്യതയുമുള്‍പ്പെടെ പരിഗണിച്ചാണ് തൊഴില്‍ മേഖലയില്‍ നിയമനം എന്നും ഏത് പൗരനും എവിടെ ചെന്നും ജോലിയെടുക്കുവാന്‍ അവകാശമുണ്ടെന്നും വാദിച്ചാണ് നിയമത്തിനെതിരെ ഇടക്കാല സ്റ്റേ നേടിയിരിക്കുന്നത്.


ഇതുകടി വായിക്കാം;  തെരഞ്ഞെടുപ്പുകളുടെ വര്‍ഗീയവല്‍ക്കരണം


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നേടുന്നതിനുവേണ്ടി നല്കിയ തികച്ചും ഭരണഘടനാ വിരുദ്ധമായൊരു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മ്മാണം നടപ്പിലാക്കുവാന്‍ തുനിഞ്ഞത്. ഏത് പൗരനും രാജ്യത്തെവിടെയും ചെന്ന് ജോലിയെടുക്കുവാന്‍ അവകാശമുണ്ടെന്ന അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നതെങ്കിലും ഗുരുതരമായ ഭാവി പ്രത്യാഘാതങ്ങള്‍ക്കും പ്രാദേശിക വാദത്തിനും ഭിന്നതയ്ക്കും അതിനെല്ലാമപ്പുറം സാമൂഹ്യ സംഘര്‍ഷത്തിനും കാരണമായേക്കാവുന്നൊരു നടപടിയാണ് ഹരിയാന സര്‍ക്കാരില്‍ നിന്നുണ്ടായത്. ഹരിയാനയെന്ന സംസ്ഥാനത്ത് നിലവിലുള്ള വസ്ത്ര, വാഹന, വിവര സാങ്കേതിക സംരംഭങ്ങളില്‍ പലതിലും ഇപ്പോള്‍ തൊഴിലെടുക്കുന്നവരില്‍ വലിയൊരു ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ തത്വം പാലിക്കണമെങ്കില്‍ ഇവരില്‍ പലരെയും ഒഴിവാക്കേണ്ടിവരും. അത് തൊഴില്‍ മേഖലയിലുണ്ടാക്കിയേക്കാവുന്ന സാമൂഹ്യമായ സംഘര്‍ഷ സാധ്യത ചെറുതാവില്ല. അങ്ങനെ വലിയൊരു വിഭാഗത്തെ പറഞ്ഞുവിടുമ്പോള്‍ നൈപുണ്യം നേടിയവരും മതിയായ യോഗ്യത നേടിയവരും ഹരിയാനയില്‍ നിന്ന് ലഭ്യമാകുമോയെന്ന പ്രശ്നവും നിര്‍ണായകമാണ്.

ലഭ്യമാകാത്ത സാഹചര്യം വന്നാല്‍ അത് വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പിനെ തന്നെ ബാധിക്കുകയും ചെയ്യും. ഹരിയാന സംസ്ഥാന ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും സംസ്ഥാനങ്ങള്‍ക്കകത്തും അതാതിടത്തുള്ളവര്‍തന്നെ തൊഴിലെടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരികയാണെങ്കില്‍ അത് സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ പലതാണ്. ചില ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവല്ക്കരണം നടപ്പിലാക്കിയതിന്റെ പ്രത്യാഘാതം നേരിടേണ്ടിവന്ന രാജ്യമാണ് നമ്മുടേതെന്ന് ഇവിടെയോര്‍ക്കണം. ഹരിയാനയിലെ തൊഴില്‍ സംരംഭങ്ങള്‍കൊണ്ടു മാത്രമല്ല അവിടെയുള്ള ജനങ്ങള്‍ നിത്യവൃത്തി നടത്തിപ്പോരുന്നത്. നിരവധി പേര്‍ മറ്റിടങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. വിദ്യാഭ്യാസ പുരോഗതയിലും നൈപുണ്യ വികസനത്തിലും മാനവ വിഭവശേഷിയിലും മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാകില്ല നിയമം ദോഷകരമാകുന്നത്. ഇവയൊന്നുമില്ലാത്ത മേഖലകളിലെ വികസനപ്രക്രിയയെ മുരടിപ്പിക്കുന്ന അവസ്ഥയും അത് സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഈ തീരുമാനം ബിജെപി ഉയര്‍ത്തുന്ന വിഭാഗീയതയുടെ കൂടെപ്പിറപ്പായി കാണേണ്ടതാണ്. പ്രാദേശിക വാദത്തിലൂന്നി നേട്ടം കൊയ്യാനുള്ള ഗൂഢനീക്കം സംസ്ഥാനങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹാര്‍ദത്തെയും പരസ്പര ബന്ധത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍തന്നെ നിരാകരിക്കപ്പെടേണ്ടതുതന്നെയാണ് ഈ നിയമം.

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.