16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ സുനില്‍ ജാഖര്‍ രാഷ്ട്രീയം വിടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2022 12:54 pm

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജിത് സിംഗ് ചന്നിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്ന് മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേ ദിവസം തന്നെയാണ് സുനില്‍ ജാഖര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന പ്രഖ്യാപനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ കഴിവുള്ള ആളുകള്‍ക്ക് ഒരു കുറവുമില്ല. സിദ്ധു സാഹിബിനും (നവജ്യോത് സിംഗ് സിദ്ധു) വേദന അനുഭവിച്ചിട്ടുണ്ടാകണം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിഖ് മുഖമാണ് അനുയോജ്യമെന്ന് ഡല്‍ഹിയില്‍ ഇരിക്കുന്ന ഉപദേഷ്ടാക്കള്‍ പറഞ്ഞത് വേദനിപ്പിച്ചു. പഞ്ചാബ് മതേതരത്വമുള്ള നാടാണ്,’ അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുവിന് പഞ്ചാബില്‍ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന അംബികാ സോണിയുടെ പ്രസ്താവനയില്‍ താന്‍ ഇപ്പോഴും അസ്വസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പ്രസ്താവന തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയവന്‍ എന്ന് സ്വയം വിളിക്കുന്ന നേതാക്കള്‍ക്കെല്ലാം യഥാര്‍ത്ഥത്തില്‍ വളരെ ചെറിയ ചിന്തകളാണുള്ളതെന്നും ജാഖര്‍ പറഞ്ഞു. അംബികാ സോണിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിക്കുകാരന്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നെ എവിടെയാണ് മുഖ്യമന്ത്രി ആകുക എന്ന് അംബിക സോണി ചോദിച്ചിരുന്നു. ഇതിന് സമാനമായി ഒരു ഹിന്ദു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന ചിന്താഗതിയാണ് ബി ജെ പി സ്വീകരിക്കുന്നതെങ്കില്‍, ഇതിന് കോണ്‍ഗ്രസ് എന്ത് മറുപടി നല്‍കും എന്നും ജാഖര്‍ ചോദിച്ചു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ചന്നിക്ക് ഗുണകരമാണോ അല്ലയോ എന്ന് പഞ്ചാബിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും ജാഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. എനിക്ക് വളരെയധികം സ്ഥാനമാനങ്ങള്‍ പാര്‍ട്ടി തന്നിട്ടുണ്ട്.

എന്റെ കുടുംബം വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിയമസഭയിലോ പാര്‍ലമെന്റിലോ ആകട്ടെ, ഭാവിയില്‍ ഒരു തിരഞ്ഞെടുപ്പിലും ഞാന്‍ മത്സരിക്കില്ല, ജാഖര്‍ പറഞ്ഞു. അതേസമയം ഭാവിയില്‍ ജീവിതം നിങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്നത് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാകാന്‍ 42 കോണ്‍ഗ്രസ് എം എല്‍ എമാര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മതത്തിന്റെ പേരില്‍ താന്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ചന്നിക്ക് പുറമെ പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോതി സിങ് സിദ്ധുവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ട് സജീവമായി രംഗത്തുണ്ടായിരുന്നു. അണികളില്‍ വലിയൊരു വിഭാഗം സുനില്‍ ജാഖറിനെ പിന്തുണച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിലെ ബുദ്ധിമുട്ട് മറച്ച് വെക്കാതെയായിരുന്നു രാഹുലിന്റെ പ്രസംഗം.

ഇതൊരു പ്രയാസകരമായ തീരുമാനമായിരുന്നു, എന്നാല്‍ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രിയെ പഞ്ചാബിലെ ജനങ്ങള്‍ ആഗ്രഹിച്ചതിനാല്‍ അത് എളുപ്പമാക്കിയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അമരീന്ദര്‍ സിംഗിന്റെ രാജിയെത്തുടര്‍ന്ന് ചരണ്‍ജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത് രാഹുല്‍ ഗാന്ധി എടുത്ത ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു സുനില്‍ ജാഖര്‍ പറഞ്ഞത്.തീരുമാനത്തെ സിദ്ധുവും സ്വാഗതം ചെയ്തു. രാഹുല്‍ഗാന്ധി പഞ്ചാബില്‍ എത്തിയതോടെ വളരെ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോവുന്നത്. ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം.

Eng­lish Sumam­ry: sunil kumar jakhar quits pol­i­tics after field­ing Chan­ni as CM candidate

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.