വെസ്റ്റിൻഡീസിനെതിരെയുളള രണ്ടാമത്തെ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പൻ വിജയം. 45 റണ്‍സിനാണ് ഇന്ത്യൻ വിജയം. ഇതോടെ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ വിന്‍ഡീസ് മികച്ച ബൗളിങിലൂടെ ഒമ്പതു വിക്കറ്റിനു 237 റണ്‍സിന് ഒതുക്കുകയായിരുന്നു. മുന്‍നിരയിലെ വമ്പൻ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായിരുന്നു. 83 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെടെ 64 റണ്‍സുമായി സൂര്യ ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്കോററായി. ടീമിലേക്കു മടങ്ങിവന്ന രാഹുല്‍ 48 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 49 റണ്‍സ് നേടി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), റിഷഭ് പന്ത് (18), വിരാട് കോലി (18), വാഷിങ്ടണ്‍ സുന്ദര്‍ (24), ഷര്‍ദൂല്‍ ഠാക്കൂര്‍ (8), ദീപക് ഹൂഡ (29), മുഹമ്മദ് സിറാജ് (3), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ യുസ്വേന്ദ്ര ചാഹലും (11) പ്രസിദ്ധ് കൃഷണയും (0*) പുറത്താവാതെ നിന്നു. വിന്‍ഡീസിനു വേണ്ടി ഒഡെയ്ന്‍ സ്മിത്തും അല്‍സാരി ജോസഫും രണ്ടു വിക്കറ്റുകളുമായി തിളങ്ങി. കെമര്‍ റോച്ച്, ജാസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അലന്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതല്‍ ഇന്ത്യയുടെ ബൗളിങ് മികവിന് മുന്നില്‍ വിൻഡീസ് പതറി. സ്കോര്‍ 31ല്‍ തന്നെ ഓപ്പണര്‍ ബ്രാൻഡൻ കിങ്ങിനെ (18) പ്രസിദ് കൃഷ്ണ പന്തിന്റെ കൈകളിലെത്തിച്ചു. വൈകാതെ തന്നെ ഡാരന്‍ ബ്രാവോയെ (1) പ്രസിദ് കൃഷ്ണ തന്നെ കൂടാരം കയറ്റി. ഓപ്പണര്‍ ഷായ് ഹോപ്പ് ഒരു വശത്ത് പിടിച്ച് നില്കാൻ ശ്രമിച്ചെങ്കിലും (27) യുസ്വേന്ദ്ര ചാഹല്‍ പുറത്താക്കി.
വിൻഡീസ് നിരയില്‍ ഷര്‍മാര്‍ ബ്രൂക്സിന് മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്കാനായത്. 64 പന്തില്‍ 44 റണ്‍സുമായി ബ്രൂക്സ് ടോപ് സ്കോററായി. എന്നാല്‍ ദീപക് ഹൂഡക്കു മുന്നില്‍ ബ്രൂക്സിന് കീഴടങ്ങേണ്ടി വന്നു. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (9) വീണ്ടും ചലനമൊന്നും സൃഷ്ടിക്കാതെ പുറത്തായി. ഹോള്‍ഡര്‍ (2) വന്നപാടെ പോയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. അക്കീല്‍ ഹൊസെയ്നും (34) ഒഡൈൻ സ്മിത്തും (24) ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദൂല്‍ ഠാക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, ചാഹല്‍, ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
English Summary: India wins in one day cricket
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.