ഒക്ടോബർ 14 മുതൽ 18 വരെ ആന്ധ്രയിലെ വിജയവാഡയിൽ നടക്കുന്ന സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പിലെ ഉദയനാപുരം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളുടെ വിശാലമായ പൊതുവേദി ശക്തിപ്പെടുത്തി ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്ന മുഖ്യ കടമ നിർവഹിക്കാൻ കാനം പാർട്ടി പ്രവര്‍ത്തകരോട് അഭ്യർത്ഥിച്ചു. ഹിന്ദുത്വ തീവ്രതയുടെ ജന്മസ്വഭാവവും വർഗ ഭാവവുമായ വർഗീയതയും ജാതീയതയും ഇളക്കിവിട്ട് മോഡി ഭരണകൂടം രാജ്യത്തെയും ജനതയെയും അസ്ഥിരീകരിക്കുകയാണ്.
വർഗീയ ചേരിതിരിവുകൾക്കും കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കാരങ്ങൾക്കും ശക്തമായ ബദലാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഇടതുപക്ഷ നയങ്ങളിൽ നിന്നുള്ള വ്യതിയാനം അനുവദിക്കാനാവില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ബിജെപിയും യുഡിഎഫും ഒരു അവിശുദ്ധ സഖ്യം രൂപപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനും ശ്രമം നടന്നു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നിന്ന് തികച്ചും വിഭിന്നവും സങ്കീർണവുമായ ഒരു കാലഘട്ടത്തിലാണ് ഇത്തവണ സമ്മേളനങ്ങൾ നടത്തുന്നതെന്ന് കാനം രാജേന്ദ്രൻ ഓർമ്മപ്പെടുത്തി. കൂടുതൽ ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പാർട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്താനും ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ കോട്ടയം മുളച്ചാംതുരുത്തി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്തിലെ കണ്ണംകുളം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു കൊല്ലം വിളക്കുടി പഞ്ചായത്ത് ഓഫീസ് ജങ്ഷൻ, സത്യൻ മൊകേരി കോഴിക്കോട് ജില്ലയിലെ പെരുവയൽ ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. മാർച്ച് 31 ന് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തികച്ചും ആർഭാടരഹിതമായിട്ടാണ് ബ്രാഞ്ച് സമ്മേളനങ്ങൾ സംഘടിപ്പിച്ചത്.
ENGLISH SUMMARY:Mobilize the masses against the fascist forces: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.