ഭരണകൂടങ്ങള്‍ ജനാധിപത്യവും ജനങ്ങളുടെ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതില്‍ കടുത്ത നടപടികളാണ് വിവിധ രാജ്യങ്ങളില്‍ തുടരുന്നത്. കോര്‍പറേറ്റുവല്ക്കരണവും ആഗോള മൂലധനത്തിന്റെ വ്യാപനവും കൂടുതല്‍ ശക്തമായും വേഗതയിലും മുന്നോട്ടു പോവുകയാണ്. കോര്‍പറേറ്റുവല്ക്കരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് തടസം നില്‍ക്കുന്ന എല്ലാറ്റിനെയും തട്ടിമാറ്റുകയും നശിപ്പിക്കുകയും ചെയ്യാന്‍ ഭരണകൂടം വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മാധ്യമസ്വാതന്ത്ര്യം. ജനങ്ങളുടെ അറിയാനുള്ള അവകാശം, സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന് മാധ്യമങ്ങളെ വിശേഷിപ്പിക്കാം. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം തൂണായി ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കുവാനാണ് ഭരണകൂടങ്ങള്‍ താല്പര്യമെടുക്കുന്നത്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂച്ചുവിലങ്ങിടുന്നതിലൂടെ സംഭവിക്കുന്നത് ജനാധിപത്യ സംവിധാനത്തെ കശാപ്പ് ചെയ്യലാണ്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ കയ്യേറ്റങ്ങളും അതിക്രമങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. നരേന്ദ്രമോഡി രാജ്യത്തിന്റെ ഭരണാധികാരം ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതാണ് വ്യക്തമാക്കുന്നത്.
പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്ള സ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാക്കി അവരെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ നിര്‍ത്തുകയാണ്. തങ്ങള്‍ക്ക് അരോചകമായി വരുന്ന വാര്‍ത്തകളുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി, വാര്‍ത്തകള്‍ക്ക് കാരണക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റങ്ങളും കൊലപാതകങ്ങളും നടത്തുന്നു. അക്രമങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളും തുടങ്ങിയിരിക്കുന്നത്. ലോക മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംബന്ധമായി പഠനം നടത്തുന്ന റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡേഴ്സ് എന്ന ആഗോള ഏജന്‍സി നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 142-ാമത്തേതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെ പിന്നോട്ടുപോയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റിന് ഒഴിഞ്ഞുമാറാനാവില്ല. മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അപകടകരമായ നിലയിലുള്ള രാജ്യങ്ങളായ പാകിസ്ഥാന്‍ (145), ചെെന (177), മ്യാന്‍മര്‍ (140), ബംഗ്ലാദേശ് (152), എന്നീ രാജ്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോകത്തെ ഏതാനും (ഏഴ് ശതമാനം) രാജ്യങ്ങളില്‍ മാത്രമാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുന്നത് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ഭൂരിപക്ഷം രാജ്യങ്ങളിലും (73 ശതമാനം) മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്, മാധ്യമങ്ങളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടാകുന്നു. തങ്ങളുടെ താല്പര്യത്തിന് തടസം നില്‍ക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളും പരസ്യം നിഷേധിക്കുന്നു. അതിലൂടെ സാമ്പത്തികമായി മാധ്യമങ്ങളെ പ്രതിസന്ധിയിലാക്കി സമ്മര്‍ദ്ദം ചെലുത്തുകയാണ് ചെയ്യുന്നത്. സ്വതന്ത്ര പ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കയ്യേറ്റങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരെ കൊലചെയ്യുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളും രാജ്യത്ത് ഉണ്ടാവുകയാണ്. 2020ല്‍ ഇന്ത്യയില്‍ നാല് മാധ്യമപ്രവര്‍ത്തകരെ കൊല ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ മുകളിലുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കടുപ്പിക്കുകയാണ്. ഗവണ്‍മെന്റിനെ പ്രയാസത്തിലാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല. ഭരണകൂടം ഭീകരത സൃഷ്ടിക്കുന്ന പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദം നിഷേധിക്കുന്നു. ജില്ലാ ഭരണകൂടങ്ങളെക്കൊണ്ടാണ് ഇതൊക്കെ നടപ്പില്‍ വരുത്തുന്നത്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യുപിയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന പൊലീസ് ഭീകരതയും അതിക്രമങ്ങളും പുറംലോകം അറിയാതിരിക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതോടെ രാജ്യം പൂര്‍ണമായും അന്ധകാരത്തിലാകും. രാജ്യത്തിന്റെ വായ മൂടിക്കെട്ടി തങ്ങളുടെ രാഷ്ട്രീയ‑സാമ്പത്തിക അജണ്ട നടപ്പിലാക്കുവാനുള്ള നീക്കങ്ങളാണ് കേന്ദ്രഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യംവയ്ക്കുന്ന ഹിന്ദുത്വ‑ഫാസിസ്റ്റ് രാജ്യമായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരായ കയ്യേറ്റങ്ങളും കടുത്ത നിയന്ത്രണങ്ങളും നിരോധന നടപടികളും. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഗവണ്‍മെന്റ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
നിരോധനത്തിനും മുതിരുന്നു. മീഡിയവണ്‍ ചാനലിനെ രാജ്യദ്രോഹം ചുമത്തിയാണ് നിരോധിച്ചത്. ആ സ്ഥാപനത്തിന് വിശദീകരണം നല്‍കാനുള്ള അവസരം പോലും നിഷേധിച്ചു. ജനാധിപത്യ അവകാശങ്ങള്‍, ഭരണകൂടം കവര്‍ന്നെടുക്കുമ്പോള്‍ അത്തരം നീക്കങ്ങളെ തടയാനുള്ള ഉത്തരവാദിത്തം ജുഡീഷ്യറിക്കുള്ളതാണ്. കേരള ഹെെക്കോടതി കെെക്കൊണ്ട നിലപാട്, മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കലായിരുന്നു. ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ക്കൊപ്പം ഹെെക്കോടതി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ജനാധിപത്യം സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഉയര്‍ന്നുവന്നിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമെ ജനാധിപത്യ വ്യവസ്ഥ രാജ്യത്ത് നിലനില്‍ക്കുകയുള്ളു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും ജനങ്ങള്‍ ഒത്തൊരുമിച്ച് രംഗത്ത് വരേണ്ട കാലമാണിത് മാധ്യമസ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ 142-ാമത് സ്ഥാനം രാജ്യത്തിന് നാണക്കേടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.