15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024

പ്രതീക്ഷയോടെ ലോകം; ചര്‍ച്ച തുടരും

Janayugom Webdesk
മോസ്കോ
February 28, 2022 10:59 pm

ഉക്രെയ്‌നുനേരെയുള്ള റഷ്യന്‍ ആക്രമണവും തുടര്‍ന്നുയര്‍ന്ന ആണവ ഭീഷണിയും നിലനില്‍ക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച രണ്ടാംഘട്ടത്തിലേയ്ക്ക്. ചര്‍ച്ച അഞ്ചര മണിക്കൂര്‍ നീണ്ടു. രണ്ടാംഘട്ട ചര്‍ച്ച അടുത്ത ദിവസങ്ങളില്‍ നടക്കും. ഇരുസംഘവും തങ്ങളുടെ തലസ്ഥാനങ്ങളിലെത്തി ഇന്നലെ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ അറിയിക്കും. തുടര്‍ന്നായിരിക്കും രണ്ടാംഘട്ട ചര്‍ച്ച തീരുമാനിക്കുക. അതിനിടെ ഐക്യരാഷ്ട്രസഭ (യുഎന്‍) പൊതുസഭയുടെ അടിയന്തര യോഗം ന്യൂയോര്‍ക്കില്‍ ആരംഭിച്ചു.

ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന വ്ലാദിമിര്‍ സെലൻസ്‍കിയുടെ നിലപാടും ആണവ പ്രതിരോധ വിഭാഗത്തോട് സജ്ജമായിരിക്കുവാനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിര്‍ദേശവും സൃഷ്ടിച്ച ആശങ്കയ്ക്കൊടുവിലാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കെത്തിയത്. അടിയന്തര വെടിനിര്‍ത്തലും റഷ്യന്‍ സേനയുടെ പിന്മാറ്റവുമായിരുന്നു ഉക്രെയ്‌ന്റെ ആവശ്യം. ഇരുഭാഗത്തിന്റെയും താല്പര്യങ്ങള്‍ക്കനുസൃതമായ ഒത്തുതീര്‍പ്പാണ് ലക്ഷ്യമെന്നായിരുന്നു റഷ്യയുടെ നിലപാട്.

മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രിയും പുടിന്റെ സഹായിയുമായ വ്ളാദിമിര്‍ മെദിന്‍സ്കി, വിദേശകാര്യ വകുപ്പ് ഉപ മന്ത്രി ആന്ദ്രീ റുഡെന്‍കോ, പ്രതിരോധ ഉപമന്ത്രി അലക്സാണ്ടര്‍ ഫോമിന്‍ തുടങ്ങിയവര്‍ റഷ്യയെയും പ്രതിരോധമന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റ് സെലന്‍സ്കിയുടെ ഉപദേഷ്ടാവ് മൈഖലോ പൊഡോലിക്, വിദേശകാര്യ മന്ത്രി മൈകോല ടോചിസ്കി, പാര്‍ലമെന്റ് അംഗം ഡേവിഡ് അരകാമിയ എന്നിവര്‍ ഉക്രെയ്‌നെയും പ്രതിനിധീകരിച്ചു.

ചര്‍ച്ചയ്ക്കെത്തിയ ഇരുസംഘങ്ങളെയും ബെലാറൂസ് വിദേശ മന്ത്രി വ്ലാദിമിര്‍ മകേല്‍ സ്വാഗതം ചെയ്തു. ചര്‍ച്ചകളിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോ പ്രത്യാശ പ്രകടിപ്പിച്ചതായി മകേല്‍ അറിയിച്ചു. എല്ലാ ബെലാറൂസുകാരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ഇരുസംഘങ്ങളും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത്.

1982 ന് ശേഷം ആദ്യമായാണ് പൊതുസഭയുടെ അടിയന്തര യോഗം ചേരുന്നത്. പൗരന്മാരെ സംരക്ഷിക്കണമെന്നും അവര്‍ക്കെതിരായ ആക്രമണം ഒരിക്കലും സ്വീകാര്യമല്ലെന്നും യോഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. അര്‍ത്ഥവത്തായും വേഗത്തിലും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് അധ്യക്ഷന്‍ അബ്ദുള്ള ഷപീദ് പറഞ്ഞു. എല്ലാവരും സമാധാനം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ആകാംക്ഷയോടെ ബെലാറൂസില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ക്ക് കാത്തിരിക്കുമ്പോഴും ഉക്രെയ്‌നില്‍ നിന്ന് ഏറ്റമുട്ടലുകളുടെയും ബോംബ് വര്‍ഷത്തിന്റെയും വാര്‍ത്തകളാണെത്തിയത്. കര്‍കീവില്‍ റോക്കറ്റാക്രമണത്തില്‍ 11 പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ബോംബ് വര്‍ഷത്തില്‍ ഒക്തിയാര്‍കയിലെയും സുമിയിലെയും എണ്ണ സംഭരണശാലകള്‍ക്ക് തീപിടിച്ചുവെന്നും ഉക്രെയ്ന്‍ കുറ്റപ്പെടുത്തി. റഷ്യന്‍ ആക്രമണത്തില്‍ 14 കുട്ടികളുള്‍പ്പെടെ 352 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4,500 റഷ്യൻ സൈനികർക്ക് ജീവഹാനിയുണ്ടായെന്ന് ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്‍കി അവകാശപ്പെട്ടു. ഉക്രെയ്ന്റെ മുഴുവന്‍ മേഖലകളിലും വ്യോമ മേധാവിത്തം നേടിയതായി റഷ്യയും അവകാശപ്പെട്ടു. അഞ്ചുലക്ഷം പേര്‍ രാജ്യത്തുനിന്ന് പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. ഇരുരാജ്യങ്ങളും പരസ്പരവും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യങ്ങളാണെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വാക്കുകള്‍.

eng­lish sum­ma­ry; World with hope; The dis­cus­sion will continue

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.