23 December 2024, Monday
KSFE Galaxy Chits Banner 2

പൊട്ടിച്ചെറിയാൻ ചങ്ങലകൾ ബാക്കി

അഡ്വ. പി സതീദേവി
ചെയർപേഴ്സൺ, കേരള വനിതാ കമ്മിഷൻ
March 8, 2022 6:00 am

ജനജീവിതത്തിന്റെ സമസ്തമേഖലകളെയും തകർത്തെറിഞ്ഞ കൊറോണാ വൈറസിന്റെ പിടിയിൽനിന്ന് ലോകം മോചിതമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണ സാർവദേശീയ വനിതാദിനം ആചരിക്കപ്പെടുന്നത്. ആണവയുദ്ധഭീതി ആശങ്ക പടർത്തുന്ന ഒരു ആഗോള സാഹചര്യത്തിൽ സ്ത്രീ ജീവിതം ഏറെ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ സംജാതമാകുമ്പോൾ ഐക്യരാഷ്ട്രസഭയുടെ ‘ഒരു നാളേക്ക് വേണ്ടി ലിംഗനീതിയിലുറച്ച് ഇന്ന്’ എന്ന മുദ്രാവാക്യം എത്രത്തോളം ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയും എന്ന ആശങ്കയാണ് സ്ത്രീ സമൂഹത്തിന്റെ മുന്നിലുള്ളത്. ഈ ആശയം പ്രാവർത്തികമാക്കണമെങ്കിൽ ലോകത്ത് സമാധാനാന്തരീക്ഷം കൈവരിക്കണം എന്നതിൽ യാതൊരു തർക്കവുമില്ല. കടുത്ത ലിംഗ വിവേചനത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും പശ്ചാത്തലം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോക സാഹചര്യം സുസ്ഥിര വികസനത്തിലേക്ക് എത്തുന്നതിൽ നിന്ന് നമ്മളെ തടസപ്പെടുത്തുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. വൈറസ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക ദുരിതങ്ങളും തൊഴിലില്ലായ്മയും കുടുംബാന്തരീക്ഷത്തെ വളരെ ദോഷകരമായി ബാധിച്ചു എന്നുള്ള വാർത്തകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യം മാറ്റിയെടുക്കുന്നതിന് വേണ്ടി ഭരണകൂടം എത്രത്തോളം ജനപക്ഷത്തു നിന്നുകൊണ്ട് സ്ത്രീപക്ഷ വീക്ഷണം ഉയർത്താൻ തയാറായിട്ടുണ്ട് എന്നുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ലോകത്ത് നിലനിന്നിരുന്ന കടുത്ത ലിംഗ വിവേചനത്തിന്റെയും അവകാശ നിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫെമിനിസ്റ്റ് ആശയങ്ങൾ ഉയർന്നുവരാൻ ഇടയായിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഏറ്റവും തിക്തഫലങ്ങൾ നേരിടേണ്ടിവന്നിട്ടുള്ള സ്ത്രീകളുടെ ജീവിതത്തിന് മാറ്റം ഉണ്ടാക്കിയെടുക്കാനുള്ള നിരവധി പോരാട്ടങ്ങൾ ഉയർന്നുവന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ തലപ്പത്ത് ഉണ്ടായിരുന്ന അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിൽ 1857 മാർച്ച് എട്ടിന് തുന്നൽ തൊഴിലാളികളായ സ്ത്രീകളുടെ ഐതിഹാസികമായ പണിമുടക്ക് സമരം നടന്നത്. ഏതൊരു രാജ്യത്തും ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന സാമ്പത്തിക നയങ്ങൾ തന്നെയാണ് ജനജീവിതത്തെ നിർണയിക്കുന്നത്. വികസനോന്മുഖമായ ഒരു സാമ്പത്തിക നയം പ്രാവർത്തികമാക്കുന്ന രാഷ്ട്രങ്ങളിൽ ജനജീവിതം മെച്ചപ്പെടുത്തുന്നതിന് കഴിയുമ്പോൾ സ്വാഭാവികമായും സ്ത്രീകളുടെ സാമൂഹിക പദവിയിലും മാറ്റമുണ്ടാകുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷങ്ങൾ പിന്നിട്ട ഇന്ത്യയിലെ ജനജീവിതത്തെയും ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ ജീവിതത്തെയും സംബന്ധിച്ചുള്ള ഒരു ആഴമേറിയ വിശകലനം ആവശ്യമാണെന്നു കാണാം. ലിംഗസമത്വം വിഭാവനം ചെയ്യുന്ന ഒരു ഭരണഘടന വച്ചുകൊണ്ട് 75 നീണ്ട വർഷങ്ങൾ ഇന്ത്യ ഇന്ത്യക്കാരിൽ ഭരിക്കപ്പെട്ടിട്ടും സ്ത്രീ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവേചനങ്ങളും അവകാശ നിഷേധങ്ങളും നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പോഷകാഹാരക്കുറവിന്റെ ഭാഗമായുണ്ടാകുന്ന വിളർച്ച ബാധിച്ചവരും ഇതിന്റെ ഭാഗമായി തൂക്കക്കുറവുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരും വലിയതോതിൽ വർധിക്കുന്നു എന്നത് കേന്ദ്ര ഗവൺമെന്റ് തന്നെ അംഗീകരിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്ത്രീകളിൽ 50 ശതമാനം പേരും വിളർച്ചാ ബാധിതരാണെന്നാണ് 2019 ‑20 ലെ ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ പറയുന്നത്. സ്ത്രീകളനുഭവിക്കുന്ന പ്രതിസന്ധികളെ മറികടക്കാനായി ഒട്ടനവധി സ്ത്രീസുരക്ഷാ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും തൊഴിലിടങ്ങളിലെ സുരക്ഷയും തുല്യവേതനവുമുൾപ്പെടെയുള്ള ഇത്തരം നിയമങ്ങളിൽ പലതും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്.


ഇതുകൂടി വായിക്കാം; മനുഷ്യര്‍ പരസ്‌പരം പ്രേമിക്കട്ടെ, കുടുംബങ്ങളുണ്ടാകട്ടെ!


ഗാർഹികപീഡനം തടയാനായി കൊണ്ടുവന്ന നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് പകരം അവയുടെ കാഠിന്യം കുറയ്ക്കുന്ന തരത്തിലുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 498 എ എന്ന വകുപ്പ് നിരവധിയായ പോരാട്ടങ്ങളിലൂടെ ശിക്ഷാനിയമത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചതാണെങ്കിലും ആ നിയമം സ്ത്രീവിരുദ്ധമായ രീതിയിൽ ഭേദഗതി വരുത്താനുള്ള ശ്രമത്തിനെതിരെ ശക്തിമത്തായ പ്രതിഷേധം സ്ത്രീ സംഘടനകൾക്ക് ദേശവ്യാപകമായി ഉയർത്തിക്കൊണ്ടുവരേണ്ടിവന്നു. 2012‑ൽ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നടന്ന നിർഭയകേസിന്റെ പശ്ചാത്തലത്തിലാണ് നിയമങ്ങൾ വീണ്ടും കർക്കശമാക്കിയത്. നിയമനടപടികൾ നടപ്പാക്കാൻ ബാധ്യതപ്പെട്ടിട്ടുള്ള പൊലീസ് സംവിധാനം പലപ്പോഴും അതിൽ വീഴ്ചവരുത്തുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. ദേശീയ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി ബദൽ നയങ്ങൾ ആവിഷ്കരിക്കാൻ സംസ്ഥാനങ്ങൾ മുന്നോട്ടു വരുമ്പോൾ ജനജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എത്രമാത്രം പ്രകടമാണ് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ടിട്ടുള്ള സമീപനങ്ങളിലൂടെ വ്യക്തമാണ്. ജനകീയ ഇടപെടലുകളിലൂടെ മാത്രമേ സമഗ്ര വികസനം സാധ്യമാകൂ എന്ന സംസ്ഥാന ഗവൺമെന്റ് മുന്നോട്ടുവച്ച ആശയം തന്നെയാണ് ജനകീയാസൂത്രണ പ്രക്രിയയിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും എല്ലാം വമ്പിച്ച രീതിയിലുള്ള ഇടപെടലുകൾ സാധ്യമാക്കിയത്. ഇത്തരം സംവിധാനങ്ങളിലൂടെ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ വളരെ വലുതാണ്. ലോകശ്രദ്ധ പിടിച്ചുപറ്റാൻ തന്നെ ഇത്തരം പദ്ധതികളിലൂടെ നമുക്ക് സാധിച്ചു. എന്നിരുന്നാലും ലിംഗപരമായ വിവേചനങ്ങളും അവകാശനിഷേധങ്ങളും എല്ലാ മേഖലകളിലും നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. തുല്യജോലിക്ക് തുല്യവേതനം എന്ന നിയമം വന്നിട്ട് വർഷങ്ങളായി. എന്നിട്ടും സ്ത്രീയുടെ അധ്വാനത്തിന് തുല്യമായ വേതനം നൽകണമെന്ന ധാരണ നമ്മുടെ തൊഴിലിടങ്ങളിൽ ഇനിയും സൃഷ്ടിക്കപ്പെട്ടില്ല. സ്ത്രീധന പീഡനങ്ങളുടെയും ദുരൂഹമരണങ്ങളുടെയും വാർത്തകൾ ഇന്നും കേൾക്കാനിടവരുന്നത് സ്ത്രീയെ കേവലം വില്പനച്ചരക്കായി മാത്രം വീക്ഷിക്കുന്ന ഒരു സമീപനത്തിന്റെ ഫലമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് സ്ത്രീപക്ഷ കേരളം എന്ന ആശയം ഇടതുപക്ഷ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സർക്കാർ ആവിഷ്കരിക്കുന്ന ക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളിൽ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്താനെടുക്കുന്ന നടപടികളും ലിംഗനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടിലൂന്നി അവതരിപ്പിച്ച ജെൻഡർ ബജറ്റിങ്ങുൾപ്പെടെയുള്ള സമീപനങ്ങളുമെല്ലാം മാറ്റങ്ങൾ സാധ്യമാക്കാൻ ഇടവരുത്തും എന്നതിൽ സംശയമില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നിരോധിച്ചുകൊണ്ട് നിയമം വന്നിട്ട് പതിറ്റാണ്ടിലധികമായിട്ടും നിയമമനുശാസിക്കുന്ന പരാതി പരിഹാര സെല്ലുകൾ പലപ്പോഴും ഭാവനയിലൊതുങ്ങുകയാണ്. നിലവിലുള്ള സ്ത്രീസംരക്ഷണ നിയമങ്ങൾ നീതിയുക്തമായ വിധത്തിൽ ലിംഗനീതിയിലധിഷ്ഠിതമായി നടപ്പിലാക്കുന്നതിനുള്ള ആർജവമുള്ള നടപടികളാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസമേഖലയിലും മറ്റും സ്ത്രീകളുടെ അന്തസും അഭിമാനവും പരിരക്ഷിക്കാനുതകുന്ന നടപടികൾ സ്വീകരിക്കുകയും സ്ത്രീപക്ഷനയങ്ങൾ രൂപീകരിച്ച് കാലത്തിനു മുന്നേ നടക്കുകയും ചെയ്യുന്ന കേരള സർക്കാർ രാജ്യത്തിന് പലപ്പോഴും മാതൃകയാകുന്നുണ്ട്. അപ്പോഴും സ്ത്രീകളോടുള്ള പൊതുബോധനിർമ്മിതിയിൽ ഇടപെട്ട് മാറ്റം വരുത്തേണ്ട അനിവാര്യത ഇന്ന് നിലനിൽക്കുന്നു എന്നതും ഒരു വസ്തുതയാണ്. ലിംഗസമത്വത്തിലൂന്നിയ സർവതലസ്പർശിയായ ഒരു സാമൂഹ്യക്രമം പടുത്തുയർത്തുന്നതിനുള്ള ശ്രമങ്ങളാണ് ഈ സാർവദേശീയ വനിതാദിനത്തിൽ ഉണ്ടാകേണ്ടത്. ആണവ ലോകമഹായുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാനവരാശിയുടെ അതിജീവനത്തിന് ഇടവരുത്തുന്ന തരത്തിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ഈ അന്താരാഷ്ട്ര വനിതാദിനം ഏവർക്കും പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.