26 December 2024, Thursday
KSFE Galaxy Chits Banner 2

രാത്രി നാടിന് കാവലായി റെസിഡൻസ് 
അസോസിയേഷനിലെ പെൺപട

പി ജി രവികുമാർ
ചേര്‍ത്തല
March 8, 2022 12:46 pm

വനിതകൾക്കും രാത്രികാലങ്ങളിലും റോഡിലൂടെ നടക്കാമെന്ന് തെളിയിക്കുകയാണ് റെസിഡൻസ് അസോസിയേഷനിലെ പെൺപട. ചേർത്തല നഗരത്തിൽ വേളോർവട്ടം മുതൽ മൂലേപള്ളിവരെയുള്ള ഭാഗത്ത് പ്രധാന റോഡിലും ഇടറോഡുകളിലുമാണ് ഇരുളിലെ വെളിച്ചമായി ഇവരുടെ കാവൽ. രാത്രി 12 മണിമുതൽ പുലർച്ചെ മൂന്നുവരെയാണ് വനിതാ സഘത്തിന്റെ പ്രവർത്തനം. മോഷ്ടാക്കളിൽ നിന്നും നഗരത്തിലെ വീടുകൾക്ക് സംരക്ഷണമൊരുക്കകയണ് ഇവരുടെലക്ഷ്യം. നഗരത്തിലെ ചൈതന്യാ റെസിഡൻസ് അസോസിയേഷനാണ് രാത്രികാവലിനായി വനിതാ സേനയെ സജ്ജമാക്കിയിറക്കിയിരിക്കുന്നത്.

വനിതകൾക്കു പ്രാധാന്യം നൽകിയുള്ള അസോസിയേഷനിലെ പ്രധാന ഭാരവാഹികളടക്കമുള്ള വനിതകളാണ് രാത്രി സേവനത്തിനിറങ്ങുന്നത്. നാലുപേർ മാറിമാറിയാണ് സാധാരണയിറങ്ങുന്നത്. പോലീസിന്റെയും അസോസിയേഷനിലെ പുരുഷന്മാരുടെയും പിന്തുണയുണ്ടെങ്കിലും ഇരുട്ടിനെ മുറിച്ചുകടന്നുള്ള ഇവരുടെ കാവൽ സ്വതന്ത്രം തന്നെ. ഡോക്ടർ, അധ്യാപിക, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സി ഇ ഒ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വീട്ടമ്മമാരുമാണ് സംഘത്തിലുള്ളത്. നഗരസഭ രണ്ട്, 30, 31 വാർഡുകൾ ഉൾപെടുന്നതാണ് ചൈതന്യാ റെസിഡൻസ് അസോസിയേഷൻ. ഇതിൽ നിലവിൽ 100ൽ താഴെ വീടുകളേ അംഗങ്ങളായിട്ടുള്ളുവെങ്കിലും ഇവരുടെ കാവലിൽ സംരക്ഷണമാകുന്നത് 1000ത്തിലധികം വീടുകൾക്കാണ്.

ഒരോ വിസിലും ടോർച്ചുകളും കൈകളിലേന്തിയാണ് ഇവരുടെ നീക്കങ്ങൾ. വീടുകളിൽ സാന്നിധ്യമറിയിക്കുന്നതിനും സഹായത്തിനുമായാണ് വിസിൽ കരുതുന്നത്. അസോസിയേഷൻ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുളള കാമറകളുടെ നിരീക്ഷണവും ഇവർ നോക്കുന്നുണ്ട്. അപകടത്തിലും മോഷണത്തിലും പിടിച്ചുപറിയിലുമടക്കം കാമറയിലൂടെ പോലീസിനും തുണയായിട്ടുണ്ട്. രാത്രി കാവലിൽ പോലീസിന്റെ സഹകരണവും ഇവർ തേടുന്നുണ്ട്. പെട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസുകാരുമായി ആശയവിനിമയവും ഇവർ നടത്തുന്നുണ്ട്. അസോസിയേഷൻ പ്രസിഡന്റ് ലീലാമ്മ ജോൺ, വൈസ് പ്രസിഡന്റ് ആഷിമ ജോസഫ്, ജോയിന്റെ സെക്രട്ടറി ആനിയമ്മ മറ്റ് ഭാരവാഹികളായ ഡോ. ശശിയാനി ജേക്കബ്ബ്, ചിത്രകമ്മത്ത്, വിദ്യായോഗേഷ്, ആശസുനിൽ, ജ്യോതിഗോവിന്ദ് തുടങ്ങിവരാണ് രാത്രി കാവലിന് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.