22 December 2024, Sunday
KSFE Galaxy Chits Banner 2

അടിക്കടി അത്യാഹിതങ്ങള്‍; ആശങ്കയില്‍ അതിഥിത്തൊഴിലാളികള്‍

ബേബി ആലുവ
കൊച്ചി
March 19, 2022 7:35 pm

തൊഴിലിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അലംഭാവം, അത്തരം മാനദണ്ഡങ്ങളെക്കുറിച്ച് അജ്ഞരായ തൊഴിലാളികള്‍, കൃത്യമായ പരിശോധന നടത്തുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ച. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ ഇരകളാകുന്ന അത്യാഹിതങ്ങൾ ആവർത്തിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ നീളുന്നു. കഴിഞ്ഞ ദിവസം കളമശ്ശേരിയിലുണ്ടായ അപകടവും മനുഷ്യജീവനു വില കൽപ്പിക്കാത്ത കുറ്റകരമായ അലംഭാവത്തിന്റെ സൃഷ്ടിയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. നിർമ്മാണ മേഖല, പ്ലൈവുഡ് ഫാക്ടറികൾ, പാറമടകൾ, ഇഷ്ടികക്കളങ്ങൾ, കൃഷിയിടങ്ങൾ, വഴിയോരക്കച്ചവടം, ചെറുതും വലുതുമായ ഭക്ഷണ ശാലകൾ തുടങ്ങി കക്കൂസ് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതടക്കം കേരളീയ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും അതിഥിത്തൊഴിലാളികളുടെ സാന്നിദ്ധ്യമുണ്ട്.

മലയാളി അറച്ചുനിൽക്കുന്നിടത്തൊക്കെ കൂലി മാത്രം ലക്ഷ്യമാക്കി എത്ര ദുർഘടം പിടിച്ചതും മലീമസവുമായ ജോലി ചെയ്യാനും മടിയില്ലാത്ത അവരെ, അത്തരം ജോലികൾക്കു മാത്രമായും വിളിക്കുന്നവരുണ്ട്. കക്കൂസ് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നതിനിടെ ജീവവായു കിട്ടാതെ തൊഴിലാളികൾ മരണപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വെയിലിലും മഴയിലും നിന്നു ജോലിചെയ്യുമ്പോൾ ആവശ്യമായ രക്ഷാ കവചങ്ങളോ ഉയരങ്ങളിൽ പണിയെടുക്കുമ്പോൾ സുരക്ഷയ്ക്കായ കരുതലോ തൊഴിലിടങ്ങളിൽ ഇവർക്കു കിട്ടാറില്ലെന്ന് തൊഴിലാളി സംഘടനകളുടെ പ്രവർത്തകരും പറയുന്നു. മനുഷ്യരെന്ന പരിഗണന പോലുമില്ലാതെ തികച്ചും ദുസ്സഹമായ സാഹചര്യത്തിൽ ഇവരെ കൂട്ടമായി പാർപ്പിക്കുന്ന തൊഴിൽ ശാലകൾ എറണാകുളം ജില്ലയിലുണ്ട്.

ഗുജറാത്തിൽ നിന്നും മറ്റും വലിയ തോതിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ ആട്ടിയോടിച്ചപ്പോൾ അവർക്ക് അഭയമായത് കേരളമാണ്. ആ തൊഴിലാളികൾ അവരുടെ കൂട്ടായ്മകളിലും മറ്റും പലപ്പോഴായി ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. സ്വന്തം നാടുപോലെ കേരളത്തിൽ കുടുംബമായി താമസിക്കുന്ന അനേകം തൊഴിലാളികളുണ്ട്. പറിച്ചെറിയാൻ കഴിയാത്ത വിധം ആഴത്തിലാണ് പലരുടെയും വേരുകൾ. കോവിഡ് രൂക്ഷമായപ്പോൾ കുറെപ്പേരൊക്കെ സ്വദേശങ്ങളിലേക്കു മടങ്ങിയപ്പോഴും കേരളം വിട്ട് എങ്ങോട്ടുമില്ല എന്ന നിലപാടെടുത്തു അനേകം പേർ.

അതിഥിത്തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും ലക്ഷ്യമിട്ടുള്ള ആവാസ് പദ്ധതിയിൽ ഇതുവരെ 5.13 ലക്ഷം പേരും, കുടിയേറ്റ ക്ഷേമ പദ്ധതിയിൽ 58,888 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, സംസ്ഥാനത്താകെ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് 45 ലക്ഷം തൊഴിലാളികളെങ്കിലുമുണ്ടെന്നാണ് ഏകദേശ കണക്ക്.

eng­lish summary;Frequent dis­as­ters; Guest work­ers in distress

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.