23 December 2024, Monday
KSFE Galaxy Chits Banner 2

പാകിസ്ഥാന്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്

Janayugom Webdesk
March 23, 2022 5:00 am

പാകിസ്ഥാൻ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും അസ്വസ്ഥതകളിലേക്കും നീങ്ങുന്നതായാണ് ഇസ്ലാമാബാദിൽനിന്നുമുള്ള വാർത്തകൾ നല്കുന്ന സൂചന. ഇന്ത്യാ വിഭജനംമുതൽ ചരിത്രത്തിൽ ഉടനീളം സംഘർഷഭരിതമായ അയൽബന്ധം നിലനിൽക്കുന്ന രാഷ്ട്രം എന്ന നിലയിൽ പാകിസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നമുക്ക് ഉൽക്കണ്ഠയോടെയേ നോക്കിക്കാണാൻ കഴിയു. മുൻ ടെസ്റ്റ് ക്രിക്കറ്റർ ഇമ്രാൻഖാൻ നയിക്കുന്ന പാകിസ്ഥാൻ സർക്കാർ അതിന്റെ കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ നേരിടുന്ന കനത്ത വെല്ലുവിളിയാണ് ഇപ്പോഴത്തേത്. നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ്, ബിലാൽ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവ ഉൾപ്പെട്ട സംയുക്ത പ്രതിപക്ഷമാണ് ഇമ്രാൻഖാന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. 342 അംഗ പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ 172 പേരുടെ പിന്തുണ ലഭിച്ചാൽ അവിശ്വാസം പാസാകും. ഇമ്രാൻഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫിനു 155 അംഗങ്ങളാണ് ഉള്ളത്. നാല് ചെറു പാർട്ടികളുടെ പിന്തുണയോടെയാണ് ഖാൻ ഇതുവരെ അധികാരത്തിൽ തുടർന്ന് പോന്നിരുന്നത്. ആ പാർട്ടികൾ ആരും ഇതുവരെ ഖാനുള്ള പിന്തുണ പിൻവലിച്ചിട്ടില്ല. എന്നാൽ ഖാന്റെ പാർട്ടിയിലെ രണ്ടു ഡസൻ അംഗങ്ങൾ അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അത് ഉയർത്തുന്നത് ഖാൻ ഭരണത്തിന്റെ മരണമണിയാണ്. മാർച്ച് 25നു വെള്ളിയാഴ്ച ദേശീയ അസംബ്ലി അവിശ്വാസം ചർച്ചക്ക് എടുക്കുമെന്നാണ് സ്പീക്കറുടെ അറിയിപ്പ്. ഇന്ന് ഇസ്ലാമാബാദിൽ നടക്കുന്ന ഇസ്‌ലാമിക രാഷ്ട്ര സംഘടനയുടെ സമ്മേളനം പൂർത്തിയാക്കാൻ അവസരം ഒരുക്കുന്നതിന് മാത്രമായാണ് അവിശ്വാസ ചർച്ച വെള്ളിയാഴ്ചവരെ നീട്ടിവച്ചത്. അവിശ്വാസ ചർച്ച നോട്ടീസ് നൽകി പതിനാലു ദിവസങ്ങൾക്കുള്ളിൽ നടത്തണം എന്നാണ് ഭരണഘടനാ വ്യവസ്ഥ. അത് പാലിക്കപ്പെട്ടില്ല എന്നതിന്റെ പേരിൽ പ്രതിപക്ഷം ദേശീയ അസംബ്ലിക്ക് മുന്നിൽ വൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനെതിരെ ഞായറാഴ്ച മറ്റൊരു പ്രകടനത്തിന് ഖാൻ ആഹ്വാനം നൽകിയിട്ടുണ്ട്. ഈ സംഭവവികാസങ്ങള്‍ പാകിസ്ഥാനെ രാഷ്ട്രീയ അസ്വസ്ഥതയിലേക്ക് നയിക്കുമെന്നാണ് നിരീക്ഷകർ ഭയപ്പെടുന്നത്.


ഇതുകൂടി വായിക്കാം;ചരിത്രപാഠങ്ങള്‍


പാകിസ്ഥാൻ രാഷ്ട്രീയത്തിൽ പട്ടാളത്തിന് നിർണായക സ്വാധീനമാണ് ഉള്ളത്. പട്ടാളത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ സംവിധാനത്തിനും അവിടെ നിലനിൽക്കാൻ കഴിയില്ലെന്നാണ് ആ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രം. ഇമ്രാൻ ഖാൻ അധികാരത്തിൽ വന്നതിനും അതിന്റെ ഇതുവരെയുള്ള നിലനില്പിനും സൈന്യത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ സൈന്യം ഇപ്പോൾ ഖാനെ കൈവെടിഞ്ഞതായാണ് വാർത്തകൾ. പാകിസ്ഥാന്റെ സമ്പദ്ഘടന നേരിടുന്ന കടുത്ത വെല്ലുവിളിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു മുഖ്യ കാരണം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസിന്റെ പിന്മാറ്റം പാകിസ്ഥാന് ലഭിച്ചുപോന്നിരുന്ന വിദേശ സാമ്പത്തിക സഹായത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. വിദേശ നാണ്യശേഖരത്തിന്റെ ശോഷണം സമ്പദ്ഘടനയെ കടുത്ത പ്രതിസന്ധിയിലാക്കി. ആഭ്യന്തര അസ്വസ്ഥതകൾ ദേശീയ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുംവിധം വളർന്നു വഷളായിരിക്കുന്നു. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് പ്രതിപക്ഷ നീക്കം. പട്ടാളം ഭരണകൂടത്തെ കയ്യൊഴിയുകയും രാജി ആവശ്യപ്പെടുകയും ചെയ്തതോടെ ഫലത്തിൽ ഇമ്രാ ൻ ഖാന് മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അവിശ്വാസ പ്രമേയം പാസാവുകയും സമാധാനപരമായ ഭരണമാറ്റം സാധ്യമാക്കുകയും ചെയ്യുന്നില്ലെങ്കിൽ പാകിസ്ഥാൻ രാഷ്ട്രീയം ഇന്ത്യക്കു കടുത്ത തലവേദനക്ക് കാരണമാകും. പാകിസ്ഥാനിൽ ജനാധിപത്യം പുലരുന്നില്ലങ്കിൽ അതിന്റെ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരിക ആ രാജ്യവുമായി ദീർഘമായ അതിർത്തി പങ്കിടുന്ന ഇന്ത്യ ആയിരിക്കും. ഇന്ത്യൻ അതിർത്തിയിൽ തുടർന്നുവരുന്ന നുഴഞ്ഞുകയറ്റവും തീവ്രവാദപ്രവർത്തനങ്ങളും ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ ആവുന്നത് അവിടെ ജനാധിപത്യത്തിന്റെ പരിവേഷമുള്ള ഒരു ഭരണകൂടം നിലനിൽക്കുന്നു എന്നതുകൊണ്ടാണ്. ആ സ്ഥാനത്തു പാകിസ്ഥാൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഭരണകൂടം അവരോധിക്കപ്പെടുന്നത് ഇന്ത്യയുടെ രാഷ്ട്രസുരക്ഷയ്ക്ക് കനത്ത ഭീഷണിയായി മാറിയേക്കാം. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ഇന്ത്യ അത്യന്തം ഉല്‍ക്കണ്ഠയോടെയാണ് നിരീക്ഷിച്ചുവരുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.